May 2, 2018

രണ്ടാം ഭാവം

രാത്രിയിൽ, 
അർദ്ധ നഗ്നനായി 
പുഷ് അപ്‌സ് എടുക്കുമ്പോൾ 
മഴക്കാടുകളെ കുറിച്ചും 
യേശു ക്രിസ്തുവിനെ കുറിച്ചും ഓർത്തു 
വഴിയറിയാത്ത നക്ഷത്ര ദമ്പതികൾക്കൊരിക്കലും 
കാലിത്തൊഴുത്തോ മരക്കുരിശോ 
കാണാനൊക്കില്ല 
അതെന്താണങ്ങനെ ?
ഹോ എന്തൊരാലോചന !
വഴുതിയതാ മുഖമടിച്ചു വീണു 
പീഡന പർവ്വത്തിന്റെ മുൾക്കിരീടം 
മുടിനാരുകൾക്കിടയ്ക്ക് ഒഴുകിയിറങ്ങുന്നു 
കണ്ണ് നിറഞ്ഞു നീറുന്ന കാഴ്ചകൾ 
ബ്ലഡി മേരി എന്ന 
തക്കാളിച്ചാറിൻചഷകം തന്നവന് സ്തോത്രം 
ബോധം വീണ്ടും റിക്ഷ കയറി മറഞ്ഞുപോയി.
പുലർകാലേ വന്ന പാടെ 
തീരുമാനിച്ചു കഴിഞ്ഞു 
ചിന്തിച്ചു പോവരുത് 
പുഷ് അപ് എടുക്കുമ്പോഴോ 
പൂവ്വമ്പഴം തിന്നുമ്പോഴോ പോലും.


ഓഫ് : ചിന്തയാണ് എല്ലാ  കുഴപ്പങ്ങൾക്കും കാരണം എന്ന് ഗോവിന്ദ്ജി പറയാറുണ്ട്.

Nov 16, 2017

ഈ നിമിഷത്തിൽ നിന്ന്

 നഗരത്തിൽ ഇത് അവസാന രാത്രിയാണ്, പക്ഷെ അത് കൊണ്ട് പ്രത്യേകിച്ചൊന്നുമില്ല . 
  ശൈത്യകാലം വന്ന് കിടുക്കി  വിറപ്പിക്കുന്ന തണുപ്പ് കൊണ്ട് ആലിംഗനം ചെയ്യുന്ന സമയത്ത് ഒരു മഫ്ളർ ചുറ്റിത്തരും പോലെയോ, ഓറഞ്ച് പോലൊരു  ഒരു സായം  സന്ധ്യ കൈനീട്ടി കവിളിൽ തന്റെ നിറങ്ങൾ ഓരോന്നും തേച്ചു തരുന്നത് നോക്കി നിന്ന് ചിരിക്കുന്നത് പോലെയോ, പെരും മഴയത്ത്  ജലം നിറഞ്ഞ തെരുവുകളിലേക്ക്  കൂട്ടിക്കൊണ്ടുപോകുകയോ,  ഇരുണ്ട വലിയ കെട്ടിടങ്ങൾ കൊണ്ട് കുനിഞ്ഞു ചുംബിക്കുകയോ ഒക്കെ ചെയ്തിട്ടുള്ള നഗരമാണിത് എന്നത് കൊണ്ട് മാത്രമാണ് അങ്ങനെ പറയുന്നത്. അത് കൊണ്ട് മാത്രം .അങ്ങനെ , ഉള്ളിലേക്ക്പതിയെ തുറക്കുന്ന  വാതിലുകൾ ഉള്ള  പണ്ടിക ശാലകൾ ദേഹത്തിന്റെ ഓരോ മുക്കിലും  നിറച്ചു വെച്ച നഗരം , ഇനിയുള്ള ദിവസങ്ങളിൽ നിന്ന് മറിച്ചു കളയുകയാണ്   
​         ഹൃദയത്തിലെ കമ്പിറാന്തൽ തിരി താഴ്ത്തുന്നു , നിറഞ്ഞും പാ തിയൊഴിഞ്ഞുമിരിക്കുന്ന സ്ഫടികകുപ്പികൾക്കും പിച്ചള കോപ്പകൾക്കും ഇടയിൽ നിന്ന് ഞാൻ തലയുയർത്തുകയായി.ഈ നേരം ആഹാ ,  ​സിയാ മിർസാ തന്റെ  ജുഗൽ ബന്ദി ആരംഭിച്ചിരിക്കും 

'' ഖുരാ ഹുവാ ദിൽ , 
  തും സെ ജോ ബാത് ഹുയെ..''   

മഞ്ഞിൽ വിരിഞ്ഞ താഴ്വാരത്തിലേക്ക് അയാൾ നക്ഷത്രങ്ങളെ വലിച്ചു കൊണ്ട് വരുന്നു , അയാളുടെ വിരലുകളിൽ ചുംബിച്ചു പൊള്ളിക്കണം.
                വീണ്  കിടക്കുന്ന നീളൻ ചെമ്പൻ മുടിയിഴകൾക്കിടയിലൂടെ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. സമയം കൃത്യം . അവളുടെ യാത്രകളുടെ  തീമഞ്ഞ നിറമുള്ള ട്രാം തലകുലുക്കി കടന്നു പോവുന്നു. മുഖമൊരു നദിയാവുന്നു ചുറ്റും ഉപ്പു പരക്കുന്നു , ധൃതിയിൽ തിരിഞ്ഞപ്പോൾ  കൈ തട്ടി മറിഞ്ഞ വീഞ്ഞ് ചഷകത്തെയോർത്ത് അടുത്തിരിക്കുന്നവൻ മുതുകിൽ ആഞ്ഞു പ്രഹരിക്കുന്നു. ഡ്രംസ് ന്റെ പഴയ താളം ഒരു വികൃതിപ്പയ്യന്റെ കൈയിൽ നിന്ന് വഴുതി വീഴുന്ന പോലെ ഒരാഘാതം എന്റെ ദേഹത്ത് പരക്കുന്നു കോപത്തിനോ വിഷമത്തിനോ പകരം എനിക്കയാളെ ആലിംഗനം ചെയ്യാൻ തോന്നുന്നു,  നിറയുവോളം 'കൈയ്പിറോസ്‌ക' വാങ്ങി നൽകുന്നു . പശ്ചാത്താപം കൊണ്ടയാൾ ലഹരി മണമുള്ള മുത്തങ്ങൾ കൊണ്ടെന്റെ ചുമലിലേക്ക് ചാഞ്ഞ  നിമിഷം അയാളെ മറന്നു, ഞാൻ വണ്ടി പോയ , ഞെരുങ്ങിയ കാൽത്തളകൾ അണിഞ്ഞവൾ കാലം കവച്ചു വെച്ച് കടന്നു പോയ, വഴിയിലേക്ക് നോക്കി..  ഹഹ  നഗരമൊരു നിർമല മന്ദഹാസം , എന്റെ ജീവൽപ്പക്ഷികൾ കുതറി വീഴിച്ച തൂവലുകൾ കൊണ്ട് നിനക്കാലിംഗനം. നിന്നെ കാലത്തിനു പുറത്തക്ക് കൊണ്ട് പോവുകയാണ് ഞാൻ ഈ പാതി രാത്രിക്ക് ശേഷം.................................... .............................................................................................

Nov 4, 2017

പ്രിയപ്പെട്ട സാൽമൻ മസല്ലാ ,

അവളുടെ കൈരേഖകളിലെ 
കിളിക്കൂട്ടിൽ നിന്ന് നിങ്ങൾ തുറന്നു വിട്ട 
മുഴുവൻ കിളികളും 
എനിക്കുള്ളിലേക്ക്- 
ചിറകടിച്ചുവന്നുവെന്നത്  
സസന്തോഷം അറിയിക്കുന്നു 
ചിറകടിയുടെ താളത്തിൽ 
പതിയെ  പൊഴിഞ്ഞ തൂവലുകൾ പെറുക്കി 
നിങ്ങളുടെ ഹൃദയത്തെ അണിയിക്കാൻ 
ഞാനൊരു കിരീടം തുന്നിവെച്ചിട്ടുണ്ട് 
നിശ്ശബ്ദതതയുടെ ഒഴിഞ്ഞ സ്ഥലികളിലേക്ക് 
കാലെടുത്തു വെയ്ക്കുന്ന ആ നിമിഷം 
അത് ഞാൻ നിങ്ങളെ അണിയിക്കും 
മാറുന്ന ഋതുക്കൾക്കായി നോക്കിയിരിക്കുന്നു 


                                    എന്ന് സ്വന്തം 


                                          Khana Farigha 

Aug 20, 2017

time travel

ഇരുമ്പുബോഗികൾക്കു പകരം 
ഡെയ്‌സിപ്പൂക്കൾ  ചേർത്ത് വച്ച തീവണ്ടി വരും- 
പാളങ്ങളിൽ കൈകൾ കെട്ടി 
കള്ളക്കഥകൾ പറഞ്ഞു നടക്കാം 
നമ്മെ കടന്നു പോവട്ടെ ഒരു കാലം
.
.
.
.
ഹാ അങ്ങനെ പോ
​കുന്ന
വർ 'പോയട്രി' 

fly to franz

ഒരു വൃക്ഷത്തിന്റെ അസ്ഥിയിലിരുന്ന്
വരണ്ട  ലോകം വീക്ഷിക്കുന്നു..
സരസനായ  ഒരു കാഫ്ക 

Aug 3, 2017

തമ്മിൽ !

പൂക്കൾ കോർത്ത്  
ആകാശത്തേക്കുയർത്തി  വെച്ച 
തന്റെ കൊമ്പൻ മീശയിലേക്ക് 
ഈച്ചകളെ വിരുന്നിനു വിളിക്കുന്ന  
ദാലിയെ പോലെ 
ഭേദപ്പെട്ട നിസ്സഹായതയെ 
കുഴലൂതി വിളിക്കുകയാണ്. 
 രക്തവും മാംസവും 
വിളമ്പി വെച്ച തീൻ മേശയ്ക്കരികിലിരുന്ന്  
 നമ്മൾ കലഹിക്കുന്നു,  
ചെമ്പരത്തികൾ  
വാരിയെറിയുന്നു. 
കുഴൽ  വാദ്യം കേട്ട് 
നൃത്തം ചെയ്തു വന്ന കൂടിയയിനം 
നിസ്സഹായത 
മേശയുടെ അതിർത്തി ഭേധിച്ചെന്റെ 
ചെമ്പരത്തി ചില്ലകളിൽ പടർന്ന് 
കഴുത്തിലാഞാഞ്ഞു ദംശിക്കുകയായി,ആഹാ 
ഹൃദയാകൃതിയിൽ നീലിച്ച പാടുകൾ 
താടിരോമങ്ങൾക്കരികിൽ 
ബാക്കി നിൽക്കെ 
മറുവശത്തെ  
അരികിൽ  വന്നു നിന്ന് 
പുഞ്ചിരിക്കുമായിരിക്കും
നിലാവെളിച്ചം*
ആ തെളിച്ചം നോക്കി നിൽക്കെ,  
തൽക്ഷണം മുറിവുകളിൽ നിന്ന് 
പലയരുവികൾ പിറക്കേ 
അനാഥത്വത്തിന്റെ 
ശരീരപ്രകൃതിയിലേക്ക് 
പതുക്കെ 
ഒരു ശ്വാസം പോലെ കടന്നു ചെല്ലുന്നു  
എല്ലാ ഫോസിലുകളും തുറന്നു വെച്ച് ദേഹം 
അതിന്റെ കോണുകളിലേക്ക്  
കൈ മാടി  വിളിക്കുകയാണ് 
പാദം  കൊണ്ട് പോലും നോവിക്കാതെ 
പതുക്കെ പതുക്കെ  
കടന്നു ചെല്ലുമ്പോഴെന്തിനാണ് പൂവേ 
നിന്റെ നനഞ്ഞ ഇതളുകൾ കൊണ്ട് 
നീയെന്റെ ചുണ്ടിൻ  തണ്ടിനെ 
മുറിവിലേക്ക് മുക്കുന്നതെന്ന് 
ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ 
വയലിൻ തന്റെ 
 തന്ത്രിയിൽ ഇരച്ചു കയറുന്ന 
ചോരചുവപ്പുമണികളെ 
കെട്ടഴിച്ചു വിടുകയായിരുന്നു 
വയലറ്റ് വാനം  കുപ്പായത്തിന്റെ 
ബട്ടൺ തുറന്ന്  നക്ഷത്രങ്ങളുടെ 
മുലക്കണ്ണുകൾ വെളിയിലേക്കിട്ടിരുന്നു 
എന്ത് തരം പാട്ടാണിത് 
എന്തിനാലാണിങ്ങനെ കരയുന്നത് 
എന്നൊക്കെ ചോദിക്കുന്നവരോട് 
ചെമ്പരത്തി കൊണ്ട് ചുംബിച്ചപ്പോൾ 
പറ്റിയതാണ് എന്ന് പറഞ്ഞു 
മുഖം തിരിച്ചിരിക്കുന്നവനാവാനാണ് 
ഈ നിമിഷത്തിലെ  തീരുമാനം. 
വിയോജിപ്പുകൾക്കിടമില്ലാത്ത 
ഇടനാഴികളിൽ 
നമ്മൾ കണ്ടുമുട്ടുമ്പോൾ 
ഒരൊറ്റ വീഞ്ഞു ചഷകത്തിനിരുപുറം 
നമ്മൾ വീണ്ടും നഗ്നായിരിക്കും 
(..മെങ്കിൽ മാത്രം വീണ്ടും കാണണം)

Jul 20, 2017

ഒരു കവിതയുടെ കെടുതിയിൽ നിന്ന് 
സൈക്കിൾ ചവുട്ടിയിറങ്ങിപ്പോവുന്ന 
വൈകുന്നേരങ്ങൾ ...ൾ !

രണ്ടാം ഭാവം

രാത്രിയിൽ,  അർദ്ധ നഗ്നനായി  പുഷ് അപ്‌സ് എടുക്കുമ്പോൾ  മഴക്കാടുകളെ കുറിച്ചും  യേശു ക്രിസ്തുവിനെ കുറിച്ചും ഓർത്തു  വഴിയറിയാത്ത നക്...