Feb 15, 2017

a Promise

നമുക്കിതിങ്ങനെയാണെന്ന് പറയാം. 
എപ്പോ വേണമെങ്കിലും 
റേസ് തുടങ്ങുന്ന 
മഴയെ കുറിച്ച് 
ആ പീലിയെ കുറിച്ച്, 
ചുണ്ടിൽ തട്ടിതിരിഞ്ഞു പോയ 
 സിഗരറ്റു പുകയേ കുറിച്ച്, 
നോ നോ സ്റ്റോപ്പ് ഇറ്റ്. 
ഇതൊരു തരം മുന്തിയ ചിന്തയാണ് 
ഹൈവേകളിലോ ഹൈറേഞ്ചിലോ 
ബൈക്കോടിച്ചുകൊണ്ട് നിങ്ങൾക്കതിനെ 
പ്രതിരോധിക്കാനാവില്ല
വേഗത നിങ്ങളുടെ നട്ടെല്ലിലോടുന്ന 
തീവണ്ടിയെ മറികടക്കാൻ ഉതകുന്നതല്ല 
ആവേശം കാണിക്കാതെ വരൂ 
പുറപ്പെട്ടു പോയതിനെ 
തിരിച്ചു വിളിക്കാൻ 
ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു പറയുമ്പോൾ 
പശ്ചാത്തലത്തിൽ ആരോ വീണ വായിക്കുന്നത് 
കേൾക്കുന്നില്ലേ ,രസമാണ് പക്ഷെ 
പോകേണ്ട വഴി നിറയെ 
ഈയലുകൾ ആണെന്ന് മാത്രം 
ഉരഞ്ഞു കത്തുന്ന തീപ്പെട്ടിക്കൊള്ളിയിലേക്ക് 
അവ വിമാനം പോലെ പാഞ്ഞു വരും 
അവസാനത്തിലേക്ക് ആദ്യമാദ്യം എന്ന പോലെ
അർദ്ധരാത്രികളിലെ തളർച്ച 
തട്ടിത്തെറിച്ചു പോയ വിയര്പ്പുമണികള് അത് പോലെ 
ഏഴായി മടക്കിവെച്ച മഴയെ കുറിച്ച് 
ഇങ്ങനെ തന്നെയാണ് എന്ന് പറയാം 
എന്നെ വിശ്വസിക്കൂ 
 സീനിയപ്പൂവിന്റെ വിത്തുകളെ 
വിഷവാതകം ശ്വസിച്ചു നിങ്ങൾ 
മരണപ്പെട്ടു പോവുകയൊന്നുമില്ല 
ഇതിങ്ങനെയാണെന്ന് 
പറയാണോർത്തതാണ് ഈ കാണിച്ച 
സന്ദേഹത്തിൽ പിടഞ്ഞു വീണത് 
മഴക്കുള്ളിൽ അത് നിമിഷം കൊണ്ട് 
മറഞ്ഞെന്നു തോന്നുന്നു 
അടുത്ത പേജ് വല്ലാതെ നിശബ്ദമായി 
മറിഞ്ഞു പോവട്ടെ 
അടുത്ത കടവിലെടുക്കും മുൻപ് 
തുള വീണൊരു വാഗ്ദാനം തുഴയട്ടെ 
പ്രിയപ്പെട്ടവനേ 
 എത്രയൊക്കെ പറഞ്ഞാലും 
നമ്മളിതു വരെ ഒന്നും ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല 
ജീപ്പിൽ നിന്ന് വീണ സിനിമ നോട്ടീസുകൾ 
എറിഞ്ഞിട്ട കിളിക്കൂട് 
ഇടതു നെഞ്ചിലെ വെട്ടേറ്റ പാട് 
ഒടിഞ്ഞ കൈതണ്ട 
ശീമക്കൊന്നയിലെ ചെങ്കൊടി 
നൃത്തം ചെയ്യുന്ന മിട്ടായികവറുകൾ 
നിബ്ബ് പൊട്ടിയ ഫൗണ്ടൻ പെൻ 
അങ്ങനെ അങ്ങനെ ഒന്നും ഒന്നും..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...