Aug 3, 2017

തമ്മിൽ !

പൂക്കൾ കോർത്ത്  
ആകാശത്തേക്കുയർത്തി  വെച്ച 
തന്റെ കൊമ്പൻ മീശയിലേക്ക് 
ഈച്ചകളെ വിരുന്നിനു വിളിക്കുന്ന  
ദാലിയെ പോലെ 
ഭേദപ്പെട്ട നിസ്സഹായതയെ 
കുഴലൂതി വിളിക്കുകയാണ്. 
 രക്തവും മാംസവും 
വിളമ്പി വെച്ച തീൻ മേശയ്ക്കരികിലിരുന്ന്  
 നമ്മൾ കലഹിക്കുന്നു,  
ചെമ്പരത്തികൾ  
വാരിയെറിയുന്നു. 
കുഴൽ  വാദ്യം കേട്ട് 
നൃത്തം ചെയ്തു വന്ന കൂടിയയിനം 
നിസ്സഹായത 
മേശയുടെ അതിർത്തി ഭേധിച്ചെന്റെ 
ചെമ്പരത്തി ചില്ലകളിൽ പടർന്ന് 
കഴുത്തിലാഞാഞ്ഞു ദംശിക്കുകയായി,ആഹാ 
ഹൃദയാകൃതിയിൽ നീലിച്ച പാടുകൾ 
താടിരോമങ്ങൾക്കരികിൽ 
ബാക്കി നിൽക്കെ 
മറുവശത്തെ  
അരികിൽ  വന്നു നിന്ന് 
പുഞ്ചിരിക്കുമായിരിക്കും
നിലാവെളിച്ചം*
ആ തെളിച്ചം നോക്കി നിൽക്കെ,  
തൽക്ഷണം മുറിവുകളിൽ നിന്ന് 
പലയരുവികൾ പിറക്കേ 
അനാഥത്വത്തിന്റെ 
ശരീരപ്രകൃതിയിലേക്ക് 
പതുക്കെ 
ഒരു ശ്വാസം പോലെ കടന്നു ചെല്ലുന്നു  
എല്ലാ ഫോസിലുകളും തുറന്നു വെച്ച് ദേഹം 
അതിന്റെ കോണുകളിലേക്ക്  
കൈ മാടി  വിളിക്കുകയാണ് 
പാദം  കൊണ്ട് പോലും നോവിക്കാതെ 
പതുക്കെ പതുക്കെ  
കടന്നു ചെല്ലുമ്പോഴെന്തിനാണ് പൂവേ 
നിന്റെ നനഞ്ഞ ഇതളുകൾ കൊണ്ട് 
നീയെന്റെ ചുണ്ടിൻ  തണ്ടിനെ 
മുറിവിലേക്ക് മുക്കുന്നതെന്ന് 
ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ 
വയലിൻ തന്റെ 
 തന്ത്രിയിൽ ഇരച്ചു കയറുന്ന 
ചോരചുവപ്പുമണികളെ 
കെട്ടഴിച്ചു വിടുകയായിരുന്നു 
വയലറ്റ് വാനം  കുപ്പായത്തിന്റെ 
ബട്ടൺ തുറന്ന്  നക്ഷത്രങ്ങളുടെ 
മുലക്കണ്ണുകൾ വെളിയിലേക്കിട്ടിരുന്നു 
എന്ത് തരം പാട്ടാണിത് 
എന്തിനാലാണിങ്ങനെ കരയുന്നത് 
എന്നൊക്കെ ചോദിക്കുന്നവരോട് 
ചെമ്പരത്തി കൊണ്ട് ചുംബിച്ചപ്പോൾ 
പറ്റിയതാണ് എന്ന് പറഞ്ഞു 
മുഖം തിരിച്ചിരിക്കുന്നവനാവാനാണ് 
ഈ നിമിഷത്തിലെ  തീരുമാനം. 
വിയോജിപ്പുകൾക്കിടമില്ലാത്ത 
ഇടനാഴികളിൽ 
നമ്മൾ കണ്ടുമുട്ടുമ്പോൾ 
ഒരൊറ്റ വീഞ്ഞു ചഷകത്തിനിരുപുറം 
നമ്മൾ വീണ്ടും നഗ്നായിരിക്കും 
(..മെങ്കിൽ മാത്രം വീണ്ടും കാണണം)

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...