May 23, 2018

ഫീലിംഗ്സ് കമ്പനി .പബ്ലിക് ലിമിറ്റഡ്

ഒരിക്കൽ പോയ് വഴി താണ്ടി വീണ്ടും
സെക്കൻഡ് സൂചികൾ
പാഞ്ഞിട്ടും മാഞ്ഞിട്ടും
ഉറക്കത്തിന്റെ കാറ്റ്
വന്നു താഴ്ത്താത്ത ജാലകങ്ങളുമായി
തുറന്ന കണ്ണുകൾ പാകിയ
തടിച്ച പുസ്തകത്താൾ
ഇടംകൈ കൊണ്ട് മറിക്കുമ്പോൾ
നഗരത്തിലെ മഴ പോലെ
വടക്കേസ്റ്റാൻഡിൽ വെച്ച്
കരണത്തടിച്ചവളെ ഓർത്തു.
അർദ്ധരാത്രി
വിമാനം കയറാൻ പോയ കാമുകൻ
കാലം കഴിഞ്ഞിട്ടും തിരികെ വന്നില്ലെന്ന്
അതിനു ഞാനെന്തു പിഴച്ചു എന്ന്
ചോദിക്കാനാഞ്ഞതും
ഇടത് കണ്ണിൽ നിന്നും പൊന്നീച്ച പറന്നു
പിന്നെ ഉള്ളിൽ നിറയേ തേനീച്ചകളായിരുന്നു
അതെ രാത്രിയിൽ തുറന്നു വെച്ച മധുശാല
പറ്റുപടിക്കാരെ മറന്നിരുന്നു
ഓ മറക്കുന്നവരെ ഒന്നും 
മറക്കാൻ പറ്റുന്നില്ല .
ഇത് വരെ തെറ്റാതെ
എട്ടിന്റെ പെരുക്കപ്പട്ടിക ചൊല്ലിപ്പഠിച്ചിട്ട്
കഞ്ഞികുടിച്ചോളാമെന്ന് ചെക്കൻ പറഞ്ഞിട്ടും
രാവിലെ നേരത്തെ പശുവിനെ കറക്കേണ്ടതിനാൽ
ടൈംപീസ് തിരിച്ചുവെച്ചു വറീതേട്ടൻ
സ്വന്തം ശരീരത്തിന് മേൽ
ഉറക്കത്തിന്റെ തിരശീല വിരിക്കുന്നു
അന്തി വരെ എല്ലൊടിയെ
പണിയെടുത്ത് തളർന്നതിനാലാണ്
അയാളങ്ങനെ ചെയ്തത്.
ആ പാവം അങ്ങനെ ഉറങ്ങിപ്പോയിരിക്കുന്നു
വിമാനം കയറിപ്പറന്ന കാമുകിയെ കുറിച്ചോ
പട്ടിണിയാണേലും പഠിക്കാൻ കൊതിക്കണ
ചെക്കനെ കുറിച്ചോ
തളർന്നുറങ്ങുന്ന വറീതേട്ടനെ കുറിച്ചോ
അല്ല
നാളെ രാവിലെ ഒരു നസ്രാണി കറക്കാൻ പോകുന്ന
പശുവിനെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നതെങ്കിൽ ഓർക്കുക
നിങ്ങൾക്കുള്ളിൽ  ദേശസ്നേഹം 
രണ്ടര ടേബിൾ സ്പൂൺ കൂടുതലാണ്

(2016 or before)

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...