Jan 22, 2013

ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നു


1) ചില സംഭവങ്ങള്‍ -കണ്ടു മുട്ടലുകള്‍ - കൂട്ടിയിടികള്‍ -യാദൃശ്ചികത 


പച്ച മരക്കൂട്ടങ്ങളില്‍ നിന്ന് യാത്ര പുറപ്പെട്ട 
നീല നിറമുള്ള ബസേ  
ഒന്പതെ  മുപ്പതിന് 
നീയൊരു  നക്ഷത്രമായി മാറിപ്പോകുന്നു 

അതും നോക്കിക്കൊണ്ടിരുന്നവളുടെ സമീപത്തെ 
എട്ടു പത്തു പടികള്‍ക്ക്  മുകളിലുള്ള ഒരു മിട്ടായി കടയിലെ 
ചില്ല് ഗ്ലാസ്സില്‍, നാരങ്ങാ സര്‍ബത്ത് നിറഞ്ഞു തൂവുന്നു 

മേശയില്‍ വീണു കിടന്ന അനുരാഗം ,
നുണഞ്ഞു  കൊണ്ടിരുന്ന 
നിറങ്ങളില്ലാത്ത പലതരം ഉറുമ്പുകളേ 
കൂട്ടം ചേര്‍ന്നൊരു യാത്ര പോകാന്‍ നിങ്ങള്‍  കൊതിക്കുന്നു, 
തയ്യാറാവുന്നു 

വന്നിടത്തെയ്ക്ക് തിരിച്ചു പോകാനുള്ള ഒരേ ഒരു 
വഴി ആരോ ഒരാള്‍ കാണിച്ചു തരുന്നു 

കപ്പം കൊടുക്കാതെ യാത്ര തുടരാനാവാത്തത് 
കൊണ്ട് മാത്രം 
ഒരു പെണ്  പേഴ്സിനുള്ളിലെ ഉള്‍ക്കടലില്‍ നിന്നും 
ഒരു കടലാസ് കപ്പല്‍ തീരത്തടുക്കുന്നു 

ഇങ്ങനെയല്ലാം 
സംഭവിക്കാന്‍ തുടങ്ങുന്നത് 

ഫുള്‍ സ്റ്റോപ്പില്ലാത്ത ഒരു യാത്രയുടെ 
അരികു വശങ്ങളില്‍ നിന്നൊരാള്‍ മാത്രം 
കാരണമില്ലാതെ വേറിട്ട്‌ പോകുമ്പോഴാണ് 

*********
2)അങ്ങനെയാവാതെ തരമില്ലായെന്ന -സ്വാഭാവികത 


ഒരു മുഴുവന്‍ ദിവസത്തില്‍ നിന്നും 
രാത്രിയും പകലും പരസപരം കീറിപ്പോകുന്നതിന്റെ 
അലസമായ  സ്വാഭാവികത പോലെ 

അനേകം നീല ബസുകള്‍ അരികുകള്‍ ചേര്‍ന്ന്  പോകുന്നു,
നിറം കെട്ടുപോയ ആയിരം ഉറുമ്പുകള്‍ പായുന്നു,
കപ്പല്‍ നങ്കൂരമിടുന്നു 
അവ്യക്തമയിട്ടെന്തോ കേള്‍ക്കുന്നു /

*****
3)എന്തുകൊണ്ടെന്തുകൊണ്ടെനിക്കെന്ന് - അറിവില്ലായ്മ -ക്ലീഷേ 

ഛെ 
ഏത്  വിചാരിക്കാത്ത നേരത്തായിരിക്കും 

ആ ബസ്‌ ഒരു ശരീരത്തിന് ജീവന്‍ കൊടുത്തിട്ടുണ്ടയിരിക്കുക 
ഉറുമ്പുകള്‍ വീണ്ടും വരി വെച്ചിട്ടുണ്ടാകുക 
കപ്പിത്താനൊരു  കാമുകനായി  മാറിയിട്ടുണ്ടാകുക 

അവിടെ നിന്നൊരു 
ചുവന്ന പക്ഷി, 
ഒരു കണ്ണിന്റെ ആഴത്തിലേക്ക് 
ചിറകടിച്ചു പറന്നു പോയിരിക്കുന്നു 

ഒട്ടും വില കല്പ്പിക്കാത്തൊന്ന് 
വഴുതി വഴുതി പെടച്ച് കൊണ്ടിരിക്കുന്നു  

കഴിഞ്ഞുപോയ സീനിലെ  നായകന് സംഭവിച്ചത് അതെ പോലെ 
വീണ്ടും വീണ്ടും
 യാത്രയില്‍,
ആള്‍ക്കൂട്ടത്തില്‍,
അടിയൊഴുക്കില്‍ -
മതി മറന്നു പെട്ട് പോകാന്‍ ആഗ്രഹിക്കുന്നു 

(ക്ലീഷേ)
******
4)അതിജീവനം  -അവശ്യകത 

ഒന്നിച്ചൊരു യാത്രയ്ക്ക് ,
മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് 
തിരിച്ചു പോകുന്ന നീല ബസില്‍ ,/

കൂട്ടം തെറ്റിപ്പിരിഞ്ഞു പോവാതിരിക്കാന്‍, 
വലിയോരാള്‍ക്കൂട്ടത്തില്‍ /


ഒരിക്കലെങ്കിലും  കപ്പലോട്ടുവാന്‍ ,
തുറമുഖം വിട്ട്  
ആഴത്തിലേക്ക് പോകുന്ന കടലാസ് കപ്പലില്‍/



ഒരിക്കലും ചിതറി തെറിച്ചുപോകാത്ത വിധം 
അരികു ചേര്‍ന്നിരുന്നു പോവാന്‍ വേണ്ടി  

എന്തിനും തയ്യാറായിരിക്കുന്ന ഒരേ ഒരുവന്‍ .



5)നഷ്ടപ്പെടലുകളില്‍ പെട്ട് പോവില്ല എന്ന -ആത്മ വിശ്വാസം 


പതിവായി ഒരേ റൂട്ടില്‍ 
ഫുള്‍ സ്റ്റോപ്പില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്ന 
ഒരു വാഹനത്തില്‍ നിന്നും...
എപ്പോഴും 
സ്വയം വേര്‍പ്പെട്ടുമാറിക്കൊണ്ടിരുന്ന ഒരുന്മാദി  

ഒന്പത്തെ മുപ്പതിനും 
രണ്ടേ മുപ്പതിനും 
നാഴിക തെറ്റാതെ 

കപ്പം കൊടുക്കാനുള്ള കടലാസ് നിറച്ച 
ഒരു പേഴ്സും മടക്കി കീശയിലിട്ട്‌ 
മധുരം വരി വായിലിട്ട് 

മുന്‍പിലുള്ള  ഒരേ ഒരു വഴിയിലേയ്ക്ക്, 
കണ്ണയച്ചിരിക്കുന്നതിന്റെ രസതന്ത്രം 

(അയാള്‍ക്ക് പോലും പിടി കിട്ടിയിട്ടെയില്ലിന്നെ വരെ )

സംഭവിക്കാനിരിക്കുന്നതില്‍ ചിലത് 
സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല ചിലപ്പോള്‍  


ശേഷം - ഫേറ്റ് -വിധി -

6 comments:

  1. വല്ലാത്തൊരു പെയ്ത്താണല്ലോ ചങ്ങാതി ഇത്.?
    ഇനിയും മഴയും മരവും കൊള്ളാന്‍ ഞാനീ വഴി വരുന്നുണ്ട്.

    ReplyDelete
    Replies
    1. @നാമൂസ് ഭായി വരൂ ...വന്നു കഷ്ടപ്പെടൂ ...

      Delete
  2. നല്ല പോസ്റ്റുകള്‍ ആണല്ലോ ഭായീ...നല്ല എഴുത്ത് ആശംസകള്‍ കേട്ടാ അതെന്നെ ...

    ReplyDelete
    Replies
    1. ഒരു രസം അല്ലെ ഭായി

      Delete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...