പാശ്ചാത്യരുടെ നാടാണ്
പാശ്ചാത്തല സംഗീതത്തിന്
പ്രാധാന്യമില്ലാത്ത പ്രഭാതമാണ്.
ഉണർന്നെഴുന്നേൽക്കേണ്ടിവന്നപ്പോ ൾ
കഴിഞ്ഞ രാത്രി കടൽ കടന്ന കപ്പലുകളുടെ-
നിഴലുകൾ അലിഞ്ഞുപോയ
കടലിൽ നിന്ന് ആ കപ്പലിനെ
എങ്ങനെ തിരിച്ചെടുക്കും എന്നതായിരുന്നു
അപ്പോൾ തുടങ്ങിയുള്ള ചിന്ത
കടുത്ത ആലോചനയ്ക്കൊപ്പം ഒരു
കാപ്പി കുടിച്ചാൽ
കളഞ്ഞു പോയ കപ്പൽ കിട്ടുമോ ?
കണ്ണുകളടച്ചു പിടിച്ചാൽ ആ കപ്പലിനെ
വീണ്ടും കാണാമോ?
കലങ്ങിക്കിടക്കുന്ന കടും കാപ്പിയിൽ നിന്ന്
കപ്പിത്താൻ കൃത്യ സമയത്തുണർന്നു കാണണം,
വിട്ടേയ്ക്കൂ
അയാൾ പല്ല് തേച്ചു പ്രാതൽ കഴിക്കട്ടെ
എങ്കിലും കളഞ്ഞു പോയ കപ്പലിപ്പോൾ
ആരുടെ കയ്യിലെ കാപ്പിക്കോപ്പയിലാണ്?
ഒരുപാട് രാത്രിയുടെ പരിചയമുള്ള
ഒരു കപ്പലിനെ കണ്ടെടുക്കാൻ
കണ്ടു പരിചയം മാത്രമുള്ളവർ
മാത്രമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്
അത്
കപ്പലുകളില്ലാത്ത കടലുകളെക്കുറിച്ച്,അവയുടെ
നിഴലുകൾ അലിയാത്ത അലകളെക്കുറിച്ച്,
സ്വപ്നം കാണുന്നവർക്ക്
ചിന്തിക്കാനേ പറ്റാത്തത് കൊണ്ടാണ്
കാണാതായ കപ്പൽ തേടി
ചിന്തകള്
ത ങും
ല ല
ങും വി
പാഞ്ഞു കൊണ്ടിരിക്കുന്നു
പങ്കായങ്ങൾ ഉയർന്നു പറക്കുന്നു
കൂപ്പു കുത്തി
കടലിനടിയിൽ തപ്പുന്നു
ഒളിച്ചിരിക്കുകയാണോ
കയ്യിൽ നിന്നും പോയ കപ്പൽ ?
പായ മരം പറന്നു ചെന്ന്
ആകാശത്തു നിന്ന് നോക്കുന്നു
കാണുന്നുണ്ടോ
കാണാതായ കപ്പൽ ?
കണ്ടവരുടെയും കാണാത്തവരുടെയും
കനവുകൾ ഇപ്പോൾ
കളഞ്ഞു പോയ കപ്പലിനെക്കുറിച്ചാണ്
കാണാതായ രാത്രി മുതൽ
കടു കടുത്ത ചിന്തകളിലാണ്
കണ്ടെടുക്കാൻ കഴിയാതെ വന്നാൽ
കറുത്തു കരയുന്ന രാത്രിയിനി
കടലിലെന്തു കലക്കും ?
കണ്ടു കിടക്കാൻ ഒരു കപ്പൽ-
സ്വപ്നമില്ലാതെ എങ്ങനെ
കണ്ണുകളടയ്ക്കും
ചിന്തകള് കടലിനുള്ളിലെ
കാട് കയറുകയാണ് ....
കടല് പോലെ വിശാലമായ കാട്ടിൽ
കാണാതായ കപ്പലിന്റെ ചിന്ത ചെന്ന് മുട്ടി
അതുകൊണ്ട് നടന്നവർ
പൊറുതി മുട്ടി
കടലിലിനി കപ്പലില്ലെന്ന ചിന്ത
കപ്പലിലുള്ളവരേക്കാൾകപ്പൽ
കാണാതെ പോയെന്ന ചിന്ത
വൈകാതെ കടലും കാണാതെ പോയേക്കുമെന്ന ചിന്ത
*
*
ഹാ
ചിന്തയാണ് എല്ലാ കുഴപ്പങ്ങൽക്കും കാരണം
ചിന്തിക്കാനേ പാടില്ലെന്ന്
ഗോവിന്ദ് ജി പറഞ്ഞിട്ടുണ്ടെന്നു
സ്വപ്നം കാണുമ്പോ മറന്നു പോയി
ആ കപ്പൽ,
കടലലകളിൽ നിഴലൊളികളിൽ നഷ്ടപ്പെട്ടുപോയി.
കവിതയിൽ പെട്ടു കിടക്കുന്നവരേ
ഇവിടെ വെച്ച് ചിന്തിക്കുന്നത് ഞാൻ
നിർത്തിവെച്ചിരിക്കുന്നു
ഇനിയുണ്ടാകുന്ന ചിന്തകൾക്ക് ഞാനുത്തരവാദിയല് ല
വരാൻ പോകുന്ന കുഴപ്പങ്ങളിൽ നിന്ന്
സ്വന്തം റിസ്ക്കിൽ രക്ഷപ്പെട്ടു കൊള്ളുക
ചിന്തിച്ച് ചിന്തിച്ച് അന്തമെന്താവും...?!
ReplyDelete