May 25, 2015

Corridor

എന്ത് ചെയ്യും എന്ത് ചെയ്യും
എന്ന ചിന്തകളിലന്തികൾ
ആ മാതിരി ചിലന്തികൾ
ഇരവുവന്നിരങ്ങിവാങ്ങി തിരിച്ചു പോയതിൻ
ശേഷം മിച്ചം വന്ന
ഏഴെട്ടു മണി നേരങ്ങളിൽ ഇനി
എന്ത് ചെയ്യും എന്ത് ചെയ്യും ?
മയക്കം പല നിറങ്ങളിൽ
പരവതാനികളിൽ വിരിച്ചു നോക്കാം,
ആ വഴി വരുമെങ്കിൽ നദി, അതിലൂടെ 
വന്നു കേറിപ്പോകട്ടെ മീനുകൾ.
ശേഷം ശ്വസിച്ചു നോക്കുന്നു  
സങ്കരയിനം സ്വപ്‌നങ്ങൾ.
അഴിഞ്ഞുലഞ്ഞു വരുമെങ്കിൽ
കാറ്റിൽ വന്നു വീശിപ്പോവട്ടെ
മയിലുകൾ, പീലികൾ.
മീട്ടിനോക്കാം ഇടനാഴികളിൽ
വൈകിയുറങ്ങുന്നവന്റെ  വീണകൾ
പറന്നു വരുമെങ്കിലാവട്ടെ
നിലാവിന്റെ പക്ഷികൾ
വന്നു ചുണ്ടിൽ ചുണ്ടുരുമ്മിപ്പോവട്ടെ
വരണ്ട മണ്ണിന്റെ വഴികളിൽ
വരാം വരാതിരിക്കാമിരുട്ടിൻ
നിറം വെച്ച പുഴകൾ, ശേഷം 
അലിഞ്ഞു  പോകും മിഴിയുടെ
മെറ്റൽ ഫ്ലൂട്ടിൽ 
വിതാനിച്ചു വെയ്ക്കാം
നമ്മൾ പരസ്പരം കൊണ്ട് മുറിഞ്ഞ
നോവിന്റെ കൈതപ്പൂവുകൾ
വീണ്ടുമിനി മിച്ചമാകും നമ്മൾ ഇനി
എന്ത് ചെയ്യും എന്ത് ചെയ്യും ?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...