ഒരു കപ്പലിലെത്ര കടൽ കൊള്ളും
ഒരു പക്ഷിയിലെത്ര ആകാശം കാണും
ഒരു മരമെത്ര കാടിനെ വഹിക്കുന്നുണ്ട്
എന്നിവയത്രയും വൈരുദ്ധ്യാത്മക
ശൈലികളാണെന്ന് നിങ്ങൾ
കരുതിയാലെനിക്കൊരു പുല്ലുമില്ല
കണ്ണീരിലെത്ര കണ്ണുകളുണ്ടെന്നും
ചിരികളിലെത്ര ചുണ്ടുകളുണ്ടെന്നും
യാത്രക്കാരിലെത്ര വഴികളുണ്ടെന്നും
വിശപ്പിലേതിലെങ്കിലുമൊരു തെരു വുണ്ടോയെന്നും
ആരെയും കൂസാതെ
ഞാനിനിയും ആലോചിക്കും
വാക്കുകളുടെ തോന്നിവാസമായിരുന്നിട്ടും
ഉപേക്ഷിച്ചു പോകാന-
വസരമുണ്ടായിട്ടും, പതിമൂന്നു വരികൾ
പിന്തുടർന്ന് വന്നത് കൊണ്ട് പറയുന്നു
എന്റെ രാജ്യതെത്ര എന്റെ രാജ്യക്കാരുണ്ട്
എന്നതിനേക്കാൾ
എന്റെ രാജ്യക്കാരിലെത്രപേരിൽ
എന്റെ രാജ്യമുണ്ട് എന്ന് മാത്രമാണ്
ഏതു വിധേനയും
ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യക്കാരിലൊന്നും രാജ്യമില്ല
ReplyDeleteതാങ്കൾ എന്ത് ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് എനിക്കറിയില്ല പക്ഷെ അത് തന്നെയാണ് സത്യം
Delete