May 19, 2014

ഓർക്കുന്നോ എന്ന ചോദ്യത്തിൽ എത്ര % ഉണ്ട് ആത്മാര്തത?

വെറുതെയിരുന്ന വിരിപ്പുകൾക്കിടയിൽ വെച്ച്,
ഞാൻ, നീയുണ്ടാക്കിവിട്ട-
വീർപ്പുമുട്ടലുകളെക്കുറിച്ചോർക്കുന്നു.
ഒരു യാത്രയിലൂടെ,
അവയ്ക്കൊപ്പം കടന്നുകളയാമെന്നു കരുതുന്നു.
ഒടുവിലവയെ വെളിയിലെവിടെയോ
കുടഞ്ഞു കളയാമെന്ന്
കിനാവ്‌ നെയ്തു പുറപ്പെടുന്നു.
എന്താണല്ലേ യാത്രകൾ, യാഥാർത്ഥ്യങ്ങൾ?.
എത്രായിരമാ  സാന്ധ്യ വിമൂകതകൾ
കടല് പോൽ , വൻ കരകൾ പോൽ ,
പിന്നിട്ട് വന്നവനാണ് ഞാൻ,
സ്വയം ഞാൻ.

നിരാസ വേളയിൽ  സഞ്ചാര പാതകൾ
നിഗൂഡ വിനോദയാത്രകൾ.
വെറുതെ  നില്ല്കും
വിരഹത്തിന്റെ സ്റ്റേഷനുകളിലേയ്ക്ക്
കാറ്റിനൊപ്പം പായുന്നു.
നിലവിളിച്ചെത്തുന്നു കാത്തിരിപ്പുകൾ,
ജീവന്റെയവസാന ബോഗികളിൽ വീണ്ടും
നിന്നെക്കുറിച്ചസാധ്യ ഓർമ്മകളെ
കണ്ടു മുട്ടുന്നു.
പ്രാണരക്ഷാർഥമവയെ,
വെളിയിലെറിഞ്ഞു കളയുന്നു.
രാത്രികളവസാനിക്കുന്നു.

എന്റെതല്ലാത്ത പ്രഭാതങ്ങളിൽ
പുകമഞ്ഞിലോർത്തു  നില്ക്കും
പൈൻ മരങ്ങൾ
കണ്ണിൽ നോക്കി
കാലാന്തരത്തിൽ
നിലയ്ക്കാനിരിക്കും
ക്ലോക്കിനെയോർക്കുന്നു.

എത്രയെത്ര കടൽത്തീരങ്ങളിൽ,
ആർട്ട് കഫെകളിൽ,
നമ്മളോർക്കും ചുവർ ചിത്രങ്ങൾ.
അക്കാദമി വളപ്പുകളിൽ,
കാലിളകിക്കിടക്കും ഇരിപ്പിടങ്ങളിൽ,
കാത്തിരിപ്പിൻ  താളം പിടിക്കുന്നു.
പലവിധ വാച്ചുകൾ ഘടികാരങ്ങൾ,
നിന്റെ കയ്യിൻ വിയോളയിൽ / കണ്ണിൽ,
അവയവ സാധ്യതകൾ.

ഇരുട്ടിന്റെ  ഒപെരകളിൽ,
തണുപ്പിൽ,
ചുണ്ടിൽ നിന്നെടുത്ത ഡ്യൂയറ്റ്,
അവയുടെ സുന്ദര രുചികൾ.

 വില കൂടിയ  വൈകുന്നേരങ്ങളിൽ,
 കേട്ട് നിന്നവയിൽ  നിന്നും
 ചിറകുകൾ പരതുന്നു.
 ഉയര്ന്നു താഴുന്ന നെഞ്ചിന്റെ
 ഗീതങ്ങൾ,
 കഴിഞ്ഞ കാലത്തിൻ
 കാത്തിരിപ്പുകൾ കിതപ്പുകൾ,
 വീണ്ടും നിയുണ്ടാക്കി വിട്ട വീർപ്പുമുട്ടലുകൾ.

 കൂട്ടിമുട്ടാത്ത പാളങ്ങളിലൂടോടണം,
 കണ്ടെടുക്കണം വ്യഥിത-
 ചിന്തതൻ തുണ്ടുകൾ
 കയ്യൊഴിഞ്ഞു കളയാൻ,
 കീശയിൽ കാലം മറന്ന യാത്രാ രശീതുകൾ.

 മറന്നു കളയണം, മദ്യപിക്കണം,
 രക്ഷ തേടിപ്പറക്കണം പ്രാവുകൾ,
 വെളിയിലോർത്തു നില്ക്കുന്നു,
 അന്ന് കണ്ട മരങ്ങൾ.
 കൈ കാണിച്ചു
 കടന്നു പോകുന്നു
 പൈനുകൾ
 തണലുകൾ.

 അപരന്റെ
 കണ്മുനകളിലൂടെയീ ഗതാഗതം,
 പായില്ലാ പത്തേമാരിയിൽ
 മറുകര കടത്തി വിടുന്നു,
 എന്റെയും നിന്റെയും
 കാറ്റ് (ലാടുന്ന) തേടുന്ന കാല്പ്പനികത.

 മിച്ചമുള്ള  യാത്രയിൽ,
 ഞാനില്ലാതെ ഞാൻ,
 ഞാൻ മാത്രമില്ലാതെ,
 നീ,
 നീയുണ്ടാക്കി വിട്ട നമ്മുടെ
 വീർപ്പുമുട്ടലുകൾ.

1 comment:

  1. ആരാണു “നീ” എന്ന് ചോദിപ്പിക്കുന്ന ഒരു വീര്‍പ്പുമുട്ടല്‍ ഉണ്ടല്ലോ!

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...