തല നിറയെ
ടിയാൻ ഷാൻ പർവ്വത നിരകളുള്ള
ആ വൃദ്ധൻ അങ്ങനെ പറയും
വെളുപ്പിനെ കേൾക്കും സിംഫണി,
വയലിൻ വൈകുന്നേരങ്ങൾ,
തമ്മിൽ കാണുമ്പോൾ
ആത്മാവിന്റെ വെപ്രാളം
പരസ്പരം നോക്കുമ്പോൾ
കണ്ണിൽ കണ്ണിൽ വേതാളങ്ങൾ
അങ്ങനെയങ്ങനെ ജീവനെ തമ്മിൽ
കൂട്ടിത്തുന്നാൻ പലതും പലതും
കേട്ടു നിൽക്കുമ്പോൾ
വെടി കൊള്ളുമ്പോൾ
ദേഹത്ത് നിന്ന് പറക്കും-
പക്ഷികളെ പോലാണ്
തൊടുമ്പോൾ കൈയിൽ പറ്റും
ചായങ്ങൾ പോലാണ്
സുഖകരമായ ഓമനകൾ
ഒരു തോടിന് അപ്പുറമാവും.
ഇത് പക്ഷെ
മറ്റുള്ളവരെ ഓർക്കുമ്പോൾ
അസുഖകരമാണ്
നൊടിയിടയിൽ എന്ത് ചെയ്യും?
ഒരില ചാഞ്ഞുവീഴും
നേരത്തിനുള്ളിൽ ?
കൊടുക്കൂ
വൃദ്ധനൊരു കപ്പ് കാപ്പി
ആ കാപ്പിയുടെ നിശബ്ദതയ്ക്കുള്ളിൽ
ആ തോട് കടന്നു വരാം.
No comments:
Post a Comment