Dec 15, 2018

പല പേരിൽ മരങ്ങൾ
ചുറ്റിലും നിറഞ്ഞു നിൽക്കേ
ചെങ്കല്ല് കെട്ടിയ ബെഞ്ചിൽ കിടക്കവേ റിൽക്കെ
ഇലകൾക്കിടയിലൂടെ ആകാശക്കീറു കാണുന്നു
ഒന്നിൽ കൂടുതൽ കാഫ്ക്കകൾ
ഇലകൾക്കു മീതെ പറന്നു നടക്കുന്നു
ഇടയ്ക്കിടെ കഴിഞ്ഞ കാലത്തിലെ
വീടിനെ ഓർത്തു,
അത്  വേട്ടപ്പട്ടിയെ പോലെ കുരയ്ക്കുന്നു
തെങ്ങിൻതോപ്പുകൾക്കിടയിലൂടെ
ചെമ്പരത്തികാടുകളിലേക്ക്  നോക്കുമ്പോൾ
വിചാരമൊരു കാട്ടാന പോലെ
പടർന്നു പന്തലിക്കുന്നു
ഹോ എത്ര നേരമായിത്
എവിടെപ്പോയി തുലഞ്ഞു റോസാ ലക്സംബർഗ്
നഗ്നപാദരുടെ എത്ര ജാഥകൾ കടന്നു പോയി
ഒരൊറ്റ മുദ്രാവാക്യത്തിലും അവളില്ല , മാരകം
അത്  നാരകതൈയ്യുപോലെ
തഴച്ചു വളരുന്നു
ആചാര വഞ്ചിയിൽ കാണിക്കയിട്ട് കയറണം
മാരണം , അതി മാരകം
റസലിന്റെ പുസ്തകം വായിക്കണം
മാർക്സിനെ മദ്യപിക്കരുതെന്നുപദേശിക്കണം
അക്കാദമി വളപ്പിലെ വിള്ളൽ വീണ സിമന്റ് ബെഞ്ചിൽ
റിൽകെയെ പച്ചിലകളുടെ സ്വപ്നത്തിൽ ഉണർത്തിക്കിടത്തി,
അനേകായിരം കാഫ്കകളെ അതിനു മേലേക്ക് പറത്തി
വന്ന് കേറുമ്പോൾ കഴിക്കാൻ ലക്സംബർഗിന്
ബർഗർ പറഞ് (കഴിക്കുമോ ആവൊ )
വൈകുന്നേരത്തിലേക്ക് വീഴുന്നു
പൾപ് കഥകളിലേക്ക്  കാറോടിച്ചു കയറുന്നു
സർറിയൽ കവിതകളിൽ പാരഷൂട്ടിലിറങ്ങുന്നു
ഷാ നാടകങ്ങളിളെന്തൊക്കെയോ ചെയ്‌തു കൂട്ടുന്നു
രക്ഷയില്ല
അസ്വസ്ഥതകളിൽ അരയേക്കറിൽ
കൂടുതലിടമെന്നല്ലാതെ വേറെന്ത് ?
ഉറക്കമില്ലയ്മ ഉടുക്ക് കൊട്ടിപ്പാടുന്നു
എന്താണിങ്ങനെ
എന്തൊക്കെ കാണിച്ചിട്ടുമിങ്ങനെ?
രക്ഷയില്ലാ
എന്റെ ഭാഗത്തും തെറ്റുണ്ട്  (സലിംകുമാർ ജെപീജി )
ദിവാ സ്വപ്നങ്ങളിൽ
അന്തർദേശീയതയുടെ അളവ്
അരസ്പൂൺ കുറച്ചു വിതരണമായിരുന്നു
മത്തിയും ചോറും കുറച്ചു
കഴിച്ചുച്ചയ്ക്കുറങ്ങാതിരിക്കണമായിരുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...