Apr 11, 2020

നമുക്കിടയിൽ
പർവ്വതങ്ങൾ
ഋതുക്കൾ
കൈമാറിച്ചിരിച്ചു
വിളുമ്പലുകളിലെ
യാത്രകളിൽ
ചെമ്മരിയാടുകളെ
സമ്മാനിച്ചു
നീരിന് പൊയ്കകൾ
കാണിച്ചു
ആരോൺ നമ്മുടെ
ചിത്രങ്ങൾ വരച്ചു
ഇടയ്ക്കിടെ ഭാംഗ്
രുചിച്ചു.
അവനവിടെ തന്നെ
കാണുമെന്നു പറയുന്നു.

കഴിഞ്ഞ വരവിൽ
കിടക്കാനിടം തന്ന
റഷ്യൻ പട്ടാളക്കാരൻ
ഇവാൻ
പിരിഞ്ഞു പോയ
കാമുകിയെ ഓർമിച്ചു
ഏഴുവയസുകാരൻ ഡാനിയേൽ
നാലു ഭാഷകളിൽ
സ്നേഹിച്ചു
അവന്റെയമ്മ തുടരെ
പുകവലിച്ചു
വല്ലാതെ പൊട്ടിത്തെറിച്ചു.

തനിയെ വളർന്ന
ആപ്പിൾ മരങ്ങൾ
നീരൊഴുക്കിനരികെ
വെറുതെ കായ്ച്ചു
രണ്ടാം കയറ്റത്തിൽ
മാഹിയിലെ ഉന്മാദികൾ
ഒപ്പം ചായകുടിച്ചു
പതുക്കെ ബൈക്കോടിച്ചു.
മലയിടുക്കിൽ
മഞ്ഞിൽ മതിഭ്രങ്ങളിൽ
ഞാൻ മറക്കാതെ
നിന്നോട് പ്രണയം പറഞ്ഞു
പരിക്ക് പറ്റിയ ബൈക്കിനു
കുഴപ്പമില്ലെന്ന്
കള്ളം പറഞ്ഞു
അതേ യാത്രയിൽ
മലയിറങ്ങി
മഞ്ഞു പെയ്യുന്നു
മഴ കൂടെ ചാറുന്നു
പാതയരികിൽ കഫെയിൽ
നമ്മൾ വീണ്ടും
ചായ കുടിക്കുന്നു.
അതിർത്തിയിൽ സമോവറിൽ
നിന്ന് വീണ അതേ ചായ.

തിരിച്ചിറങ്ങുമ്പോൾ
മെക്കാനിക്ക് സലാം
പറഞ്ഞു
ഇരുട്ടിൽ
പട്ടണമണഞ്ഞു
നനഞ്ഞ
കാൽസറായികൾ
മാറ്റി
ഒഴുക്കിന്റെ ശബ്ദം
കേട്ടു
തണുപ്പിൽ
വീഞ്ഞും മീനും
കഴിച്ചു.
ഇവിടം കയറ്റമാണ്
പുതിയവർ വരുന്നു
പോകുന്നു.

അതേ
പർവ്വതങ്ങൾ
ഋതുക്കൾ കൈമാറി
ചിരിക്കുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...