Apr 11, 2020

കാട് കൈമോശം വന്ന
വിദ്വാൻ എന്ന നിലയിൽ
ഞാൻ, എന്നെ
ഈ വേനലിൽ ചുമ്മാ
ഉപേക്ഷിക്കുകയാണ്

പിരിഞ്ഞുപോയ
പച്ചയുടെ ഒഴിവിൽ
ചില സങ്കൽപ്പങ്ങളെ നിറച്ച്
ഒരു നഗരമായി
ഞാൻ
ഇവിടെയവശേഷിക്കുന്നു.

നോക്കൂ
ഒരുത്തരാധുനിക നഗരം
ആകാശത്തിൽ
മുഖംനോക്കി
കിടപ്പു തുടങ്ങിക്കഴിഞ്ഞു.

വിചാരങ്ങൾ
യാത്രികരെ നിറച്ചു
തലങ്ങും വിലങ്ങും പറക്കുന്നു.
കവിതയെഴുതുന്നവരുടെ
പേർസ്യൻ പൂച്ചകൾ
നഗരം ചുറ്റി വരുന്നു.

ഹാർമോണിയങ്ങളും
മാൻഡലിനുകളും
കിലുങ്ങികുണുങ്ങി
വരുന്ന വഴിയരികിൽ
മഹാവീരന്റെ
ദീർഘകായ പ്രതിമ,
ഹേയ്
ബുദ്ധന്റെ ബൈസെപ്സ്
അത്ര പോരാ
അഹിംസാ തിസീസുകളുടെ 
കാര്യത്തിൽ ചില
തർക്കങ്ങളുണ്ട്.
കിള്ളിനോച്ചിയിലും
വാവുനിയയിലും
കിളികൾ ഇനിയും
പറന്നു തുടങ്ങിയിട്ടില്ല.

ബുദ്ധൻ 
കരഞ്ഞു തുടങ്ങി
ശോകം, വൈ ദിസ്‌
കൊലവെറി.
ഒരു നഗരമായാൽ
പണ്ടംപണയ
സ്ഥാപനങ്ങളുൾപ്പടെ
ഇതൊക്കെ പതിവാണ്
ഒന്നിൽ നിന്നൊന്നിലേക്ക്
സമയം പൊയ്ക്കൊണ്ടിരിക്കും.
ചുവന്ന കുടകൾ
നിറഞ്ഞ നഗരത്തെരുവിലേക്ക്
സിഗ്നൽ തെറ്റിച്ചുവരുന്ന 
ഈ വികാരമേതാണ്
ചിത്രകാരി പെൺകുട്ടിയുടെ
നട്ടെല്ല് തകർക്കാൻ
ഈ അപകടം ധാരാളം
മതിയാവും
അപകടം ഒരുവളെ
കടുത്ത കലാകാരിയാക്കി
നഗരം വേദനകളുടെ
വേദാന്തമെഴുതി
ചുവരുകൾ കറുപ്പിച്ചു.

തുറമുഖങ്ങൾ
പ്രണയത്തിനു
പട്ടുറുമാൽ തുന്നുന്ന
പറുദീസകളാണ്
ഭോഗിക്കുന്നവരെ
നിറയൊഴിക്കാൻ
കടൽക്കൊള്ളക്കാർക്ക്
കഴിയും
ഭാഗ്യം ഈ നഗരത്തിന്
കടലുകളില്ല
പ്രണയികളുടെ
ചെകിളപ്പൂക്കൾ
ശരിക്കും സേഫ്.

ഈ നഗരം
തുറമുഖങ്ങളെ
മിസ് ചെയ്യുന്നില്ല.
വൈകുന്നേരങ്ങളിൽ
നാടകനടിമാർ 
നിരത്തിൽ 
സൈക്കിളോടിക്കുന്നു.
കുപ്പായം
വായുവിൽ പൊങ്ങുന്നു.

ചുവന്ന കുടകൾ
ഒഴുകി നീങ്ങുന്ന
മഴയുള്ള നേരം
നഗരം
അപരാധികളുടെ
ചായക്കോപ്പയ്ക്ക്
മുന്നിൽ
മഴതുള്ളി
തെറിപ്പിച്ചു നിൽക്കുന്നു
ആനന്ദങ്ങളുടെ
പുസ്തകത്തിന്
ചട്ട തുന്നുന്നു.

പതിവിലുമധികം
കാറ്റു വീശിയ നേരം
ഹോൺ മുഴക്കി വന്ന
ട്രാമിൽ നിന്നിറങ്ങിയ
താടിക്കാരനാരാണ്
അയാൾക്ക്
പ്രണയമുണ്ടായിരുന്നു
ഈ നഗരത്തിന്റെ 
ദാർശനികപ്രശ്നങ്ങൾ
അയാൾ ചമയ്ക്കും.
പ്രതിസന്ധികൾ
പട്ടത്തെക്കാൾ ഉയരം
തേടി പറക്കും

കൊള്ളാം
ഇതിപ്പോൾ
നിങ്ങൾക്കുള്ള
നഗരമായിട്ടുണ്ട്
മഞ്ഞക്കാബുകൾ
വരും, കയറണം
നേര് പറയണം 
നിങ്ങൾക്ക് 
ദുരിതങ്ങളില്ലല്ലോ?
ഒരിക്കലും
കാടുപേക്ഷിക്കില്ലല്ലോ?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...