Apr 23, 2020

*
ചിത്തരോഗാശുപത്രിയിൽ 
നിന്ന്
ഇന്നലെയിറങ്ങി
കാഴ്ചകളും 
അവയിലെ
രൂപങ്ങളും
പൂക്കളും
പഴങ്ങളും
മേഘങ്ങളും
വാഹനങ്ങളും
മറ്റുമാവുന്നത്
മുഴുവനായി
മാറിയെന്ന്
ഡോക്ടർ പറഞ്ഞു
അതുപറയുമ്പോൾ
തന്റെ വെളുത്തു-
പതുത്ത താടിയിൽ നിന്ന്
അപ്പൂപ്പൻതാടികൾ
പറന്നുപോയതും
നാഭിയിൽ നിന്ന്
കുപ്പായം തുറന്ന്
സൂചിമുഖിക്കുരുവി
പുറത്തു വന്നു ചിലച്ചു
പറന്നതും
കണ്ടില്ലെന്നു തോന്നുന്നു.
എന്നാലും ഞാനിപ്പോൾ
ചിത്തരോഗിയല്ലാതായി.
ഇനി 
പ്രതിമാസക്കണക്കുകൾ
എഴുതുമ്പോൾ
അക്കങ്ങൾ
ഉറുമ്പുകളായി
നടന്നു പോവില്ലായിരിക്കും
'ങ്ങ' എന്നയക്ഷരത്തിൽ-
നിന്നൊരു കുട്ടിയാന
ചിന്നം വിളിക്കില്ലായിരിക്കും.
എന്നിട്ടുമെന്തിനോ
ആശുപത്രി പതിവുകൾ
തെറ്റാതെ നടന്നു പോന്നു
ഭക്ഷണത്തിനു ശേഷം
ഞാൻ സൂര്യകാന്തി
വിത്തുകൾ
തിന്നുപോരുന്നു.
വയറു നിറയെ
സൂര്യകാന്തി
തോട്ടമായെന്ന്
പറഞ്ഞപ്പോൾ
ഡോക്ടർ
വാൻഗോഗിനെപ്പോലെ
ചിരിച്ചു
നഴ്‌സ്
തന്റെ ചിറകിലെ
ഒറ്റത്തൂവൽ കൊണ്ട്
തലയിൽ തഴുകി
ഞാൻ തിരികെ
വീടിനെ തൊട്ടു.

**
ഏറെ നാളുകൾക്കൊടുവിൽ
രാത്രി
എന്റെ മുറിയിൽ വീണ്ടും
ഓപെറ.
ദിമിത്രിയോസിനു വേഷം
പച്ചയായിരുന്നു
ഹാ
സുന്ദരൻ
മദ്ധ്യവേനൽ സ്വപ്നം
ഉറക്കം വരാത്തപ്പോൾ
ഡോക്ടർ തരുന്ന
മൾബറിപ്പഴങ്ങൾ
തരുന്നു അമ്മ
എന്റെ 'അമ്മ
മാക്സിം ഗോർക്കിയുടെ
'അമ്മ.
ഞാൻ
വളരെപ്പെട്ടെന്ന്
ഉറങ്ങിപ്പോയി.

***
രാവിലെ
ഉണർന്ന് നടന്നു
പ്രഭാതങ്ങളിൽ
ആൾക്കൂട്ടത്തിന്റെ
നിഴലുകളിൽ
മേയുന്ന
വരയാടുകളെ കണ്ടു,
കൈവീശി
അവയ്ക്കിടയിൽ പെട്ടു,
സ്നേഹമാവണം
ദേഹം നിറയെ
തെച്ചിപ്പൂക്കൾ
വിരിയുന്നു
കണ്ടു വന്ന
ചേട്ടന്റെ കണ്ണുകളിൽ
നദിയൊഴുകുന്നു
ചുവന്ന നദി
ഞാൻ ചിരിച്ചു ,
ചുറ്റിലും
ലാങ്കി ലാങ്കി മണം
ഒഫീലിയ പൂക്കൾ
മണത്തിനും
നിറത്തിനും
ഇടയിലൂടെ
നടത്തിക്കൊണ്ടു
പോകവേ
മുറിയിൽ
നിന്നിറങ്ങിപ്പോവുന്നു
എന്റെ ബാൻഡ് മേളം
'നീ വരുമ്പോ തിരിയെ വരാവേ'
എന്ന്എന്റെ സ്വന്തം
ബിയൂഗിളുകാരൻ.
അന്നേരം
കണ്ണിൽ നിന്നൊഴുകുന്നു
നീല നദി.
നടത്തം
അപ്പൂപ്പന്താടിക്കാരൻറെ
വീട്ടിലെത്തി നിൽക്കുന്നു.
കൂടെ നടന്ന മിൻസാരം
എന്ന കുതിര
ഇത്തവണ
നന്നായി നിന്ന് കിതച്ചു
ഞാൻ നോക്കുമ്പോൾ
ചേട്ടൻ
ഡോക്ടറുടെ
പതിവുപുസ്തകത്തിൽ
റംബ്രാന്റിനെ പോലെ
വരയ്ക്കുന്നു.
എന്റെ
ബാൻഡ് മേളം
തിരികെ വന്നു കേറുന്നു.
മുറിക്കുള്ളിൽ ഇപ്പോൾ
കുട്ടിയാനക്കൂട്ടം
നിശാശബ്ദങ്ങൾ
പർപ്പിൾ ഓർക്കിഡ് പൂക്കൾ
നീല മിന്നാമിനുങ്ങുകൾ
ഹ ഹ !
മനസ്സിലായില്ലല്ലേ ?
ഇതാ
ഇരുട്ടിന്റെ ബാൻഡിൽ നിന്ന്
തെറിച്ചു പോകുന്നു
ഒരേകാകിയുടെ
ബ്യുഗിൾ.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...