May 6, 2020

ഞാനിപ്പോൾ
ഈ മൊറോക്കൻ നഗരത്തിൽ
വിശപ്പാറ്റിക്കൊണ്ടിരിക്കയാണെന്ന്
ദയവായി കരുതുക
ആത്മഹത്യയ്ക്ക് മുൻപ്
ഞാൻ തിരഞ്ഞെടുത്ത
നഗരമാണിതെന്ന് കൂടി പറയട്ടെ.
കഫെ ക്ളോക്കിലെ
ചിക്കെൻ പാസ്റ്റില്ല
എന്റെ ഒന്നാംതരം ഹരമായിരുന്നു
ഇവിടെ വെച്ച്
എൺപത്തിനാല് 

പ്രേമഭാജങ്ങളെ കുറിച്ച് 

ഞാൻ ലേഖനങ്ങൾ 

എഴുതിയിട്ടുണ്ട്.
എണ്പത്തിനാല്
സർവ്വസുഖ-ഗന്ധങ്ങൾ
അറിഞ്ഞ എന്റെ സമയം
ഈ ക്ലോക്കിൽ മിടിക്കുന്നു.


ഞാനിവിടെ 

പതിവായി വന്നുപോകുന്നു.
എന്റെ സ്വപ്നങ്ങളിൽ 

ഈ നഗരം 

ഒരിക്കലും മാഞ്ഞുപോയില്ല.
എന്തിനെന്നുമെന്ന പോലെ
ആത്മഹത്യക്ക് മുൻപും 

ഞാനവിടെ പോയിട്ടുണ്ടായിരുന്നു
അസീസാ എന്ന പെങ്കൊച്ചിന്റെ
കടം വാങ്ങിയ പേന 

എനിക്ക് കുറിപ്പെഴുതാൻ 

ഉപകരിച്ചു.
മരണത്തിന്റെ തണുപ്പിലും
അതെന്റെ കീശയിൽ
ഭദ്രമായിരിക്കുമെന്നും
അത് വളരെ വിലപിടിച്ച 

ഒന്നായിരുന്നുവെന്നും 

നിങ്ങൾക്ക് സംശയമുണ്ടാവരുത്
അസീസാ എന്ന പേരിന്റെ
അർഥം തിരയുക.


ആത്മഹത്യാക്കുറിപ്പെഴുതുന്നതിൽ
രണ്ടു വരി വാചകങ്ങളുടെ 

അഭാവം എന്നെ പണ്ടൊരാളുടെ
തകർച്ചക്കാവശ്യം എഴുതിക്കൊടുത്ത
വരികളിലേക്കുള്ള വഴി കാണിച്ചു.
തുടർന്ന് വന്ന ചിന്തയിൽ 

എനിക്ക് ഷഹനായി നഷ്ടമായി
ചെണ്ടുമല്ലിപ്പൂക്കളുടെ 

ഗ്രാമത്തിലേക്ക് 

ഞാൻ നീല വള്ളത്തിൽ 

ചെന്നിറങ്ങി.


മിൽഹ്യൂൻ
പ്രിയ പഴയ പ്രേമമേ
ഈ വയലറ്റ് ഗ്രാമത്തിൽ
ഏതാണ് നിന്റെ വീട്
അത്താഴശേഷം
നിന്റെ ജീവിതമെങ്ങനെയാണ്?

നിനക്കിപ്പോൾ
ആവശ്യമില്ലാതായിരിക്കുന്ന
ആ രണ്ടു വരികൾ
തിരികെ കിട്ടുമോ
അന്ധാളിപ്പുകൾക്കുള്ള
മറുപടിയായി
ആത്മഹത്യാക്കുറിപ്പ് 

പൂരിപ്പിച്ചു പോവണം 

അതിനാണ്.


ആസ്ട്രിയൻ കച്ചവടക്കാരുടെ 

മെലഡിയായി
മിൽഹ്യൂൻ
വെള്ളക്കുപ്പായത്തിൽ
ഇറങ്ങി വന്നു
അവൾ ആ രാത്രി
മഞ്ഞിനെക്കുറിച്ചുള്ള
കവിതയായിരുന്നു.
വെളുത്ത കുപ്പായം
അവൾക്ക് അഴകേകിയില്ല
ഇറങ്ങിക്കിടന്ന 

കഴുത്തുള്ള കുപ്പായം

അവളെ
ഒട്ടും ബുദ്ധിമുട്ടിച്ചില്ല
എന്നോട് ചിരിച്ചു 

സൂപ്പ് പാത്രം 

എനിക്കു നേരെ നീട്ടി
പിന്നെയും ചിരിച്ചു,
സംസാരിച്ചു.

നിങ്ങൾ വന്നോ, നന്നായി
പ്രേമത്തിന് ശേഷം
നിങ്ങളുടെ മകൾ,
അവൾ ഈ പാത്രം നോക്കി 

ചിരിക്കുമായിരുന്നു
വിശപ്പിൽ ഒരിക്കൽ പോലും
എന്റെ കുഞ്ഞ്
കരഞ്ഞില്ലായിരുന്നു
എപ്പോഴും ചിരിച്ചു കൊണ്ടിരുന്നവൾ
നിന്റെ കാൽചുവട്ടിലാണ്
ഇപ്പോൾ ഉറങ്ങുന്നത്.
ഈ സൂപ്പ് അവൾക്ക്
കൊടുത്തേക്കൂ
നിങ്ങളുടെതായി
മിച്ചം വെച്ച രണ്ടു വരികൾ
മാത്രമേ എനിക്കവൾക്ക്
നല്കാനുണ്ടായിരുന്നുള്ളൂ
അവളുടെ ഉടുപ്പിൽ
തുന്നിക്കൊടുത്തിരിക്കുകയാണ്
അത് നിങ്ങൾക്ക് ഒരിക്കലും
തിരിച്ചു കിട്ടാൻ പോകുന്നില്ല.


എന്ത് തരം കരുണ കെട്ട 

വാക്കുകളാണത്
എന്റെ സമസ്യകളിൽ
ഇത്രയൊന്നും
സങ്കീർണതയില്ല
രണ്ടു വാചകങ്ങൾക്ക്
ആവശ്യം വന്നപ്പോൾ
നിന്നെ ഞാൻ 

ഓർമിച്ചതിന്റെ കാരണം 

നിനക്കറിയാൻ തരമൊക്കില്ല
അറിയാമിപ്പോൾ
മുഴുവൻ ചെണ്ടുമല്ലിപ്പാടങ്ങളും
നിനക്ക് തന്നെ ഇരിക്കട്ടെ.


നേരം
ആത്മഹത്യക്ക് ചേരാത്ത വിധം 

വൈകാതെ തുടർന്നു
എനിക്കു ശേഷം അവിടെ 

ഗ്രാമം
രണ്ടായിപ്പിരിഞ്ഞതോ
അവൾ പാനീസു വിളക്കിനടിയിൽ
മരിച്ചു കിടന്നതോ
വീട്ടുകാർ അവളുടെ
മൃതിയാതനകളെ
വീതിക്കാൻ തുടങ്ങിയതോ
അപ്പോൾ ഞാനറിഞ്ഞില്ല.


വരണ്ട പുഴയിൽ 

ഫൈബർ ബോട്ടിൽ 

ഞാൻ നീലയായി.
ശ്വാസം നിലച്ചിട്ടും
എന്റെയാത്മഹത്യ
പൂർണമല്ലാതെ പോയി
എങ്ങുമെത്താത്ത 

നദിയുടെ രൂപത്തിൽ 

ഈ മൊറോക്കൻ നഗരത്തിൽ 

ഞാൻ

മരിച്ചു നിന്നു.


ഇതിനുമപ്പുറം വരണ്ട പാടം
ഇപ്പോൾ ജലം തേടി നടന്നവരുടെ സമയം
അപരിചിതർക്കു വേണ്ടി അവർ
അതിസമർത്ഥമായി കൂട നിറച്ചു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...