May 14, 2020

കുന്നംകുളം അങ്ങാടിയിലെ 
ചുമട്ട്കാരൻ ലോന 
പാറെമ്പാടം കപ്പേളയ്ക്ക് 
ചുവട്ടിലിരുന്നു 
ആഞ്ഞാഞ്ഞു 
വലിക്കുകയായിരുന്നു 
കൊഹിബ എന്ന 
ക്യൂബൻ സിഗാർ. 
അതയാൾക്കിഷ്ടമില്ലാത്ത 
മകൻ അവധിക്ക് 
വന്നപ്പോൾ കൊണ്ട്
കൊടുത്തതായിരുന്നു 
അപ്പന്റെ ചങ്കിലെ 
ചീഞ്ഞ വിപ്ലവത്തിന് 
ക്യൂബൻ സിഗാർ 
കനല് കോരുമെന്ന് 
അയാൾക്കറിയാം.

പൊടുന്നനെ ലോന 
പൊട്ടിക്കരഞ്ഞു.
അത് 
പൂച്ചക്കണ്ണുള്ള 
അയാളുടെ മകൾ 
പാമ്പ് കൊത്തി ചത്തത് 
കൊണ്ടായിരുന്നില്ല.
ഇഷ്ടമില്ലാത്ത മകൻ 
കരണം പുകച്ചതു കൊണ്ടുമല്ല 
പത്താം വയസിൽ 
ചുട്ടുപഴുത്ത ജീവിതം 
ചെരുപ്പിടാതെ ചവുട്ടിവന്ന 
അയാൾക്കിതൊക്കെ 
പുല്ലായിരുന്നു.

മുളങ്കൂമ്പു തിന്നുന്ന 
പാണ്ടയെ പോലെ 
അയാൾ തന്റെ  
വ്യഥകളെ രുചിച്ചു.
സിഗാർ ആഞ്ഞു വലിച്ചു 
കണ്ണീരണിഞ്ഞു 
മഞ്ഞനിറമുള്ള 
വഴിയരികിലെ കപ്പേള 
അയാളുടെ 
വിലാപങ്ങൾ 
ഉള്ളിലെടുത്തു വെച്ചു.

വർഷങ്ങൾക്ക് മുൻപുള്ള 
മഴകളെ ഓർത്തു 
കയറുവലിച്ചോടിയ 
എരുമയുടെ പിറകിൽ 
അയാൾക്ക് വേദനയിൽ
അവളൊഴുകി.
കണ്ട കാഴ്ച്ചയിൽ 
ഉള്ളുലഞ്ഞു 
അയാൾ 
ലാങ്കിപ്പൂക്കളെ 
മറന്നു കളഞ്ഞു

ആ എരുമ 
ഞാറായഴ്ചയിലേക്ക് 
ജീവിച്ചു 
ലോന പേരറിയാത്തവളുടെ 
കൊന്തക്കുരിശിലേക്ക് 
രൂപപ്പെട്ടു
തെങ്ങിൻപ്പറമ്പുകളിലും 
വാഴത്തോട്ടങ്ങളിലും 
എരുമയെ കൂടാതെ 
അവർ കണ്ടുമുട്ടി 
അപ്പൻ ലോനയുടെ 
നെഞ്ചിനു വെട്ടി 
ലോന 
ഞായറാഴ്ചകളെ താണ്ടി 
അവളുടെ പ്രേമത്തിൽ 
അതിജീവിച്ചു. 
കണ്ടമാനം 
കുർബാനകൾ കഴിഞ്ഞു 
അടുപ്പമുള്ളവർക്ക് 
അയാൾ 
അപ്പം വിളമ്പി.

ലോനയെ വിപ്ലവം കൊണ്ട് പോയി
അങ്ങാടിയിൽ 
അയാൾ അറിവുകെട്ടവനായി 
നെറിവുകെട്ടവരുടെ 
വികാരങ്ങൾക്കിരയായി 
മൊരിഞ്ഞ വരാല് കണക്കെ 
അയാളൊരിക്കൽ 
തിരിച്ചെത്തി 
അവൾക്ക് കൊടുത്ത
ഹൃദയം പാതി നിലച്ചു
ഓർമകളിൽ അയാളത് 
തിരികെ കൊടുക്കാൻ 
ശ്രമിച്ചു കൊണ്ടിരിന്നു.

ലോന വൈദ്യന്മാർക്ക് 
വിത്തായി 
അയാൾക്കുണ്ടാവാത്ത  
മക്കൾ അയാളെ 
അങ്ങനെ വീതം വെച്ചു. 
ലോന ചുമടെടുത്തു.
ഓർമകളിൽ അവൾക്ക് 
ഹൃദയം കൊടുക്കാൻ 
ശ്രമിച്ചു കൊണ്ടിരുന്നു.
കാലം കാടായും 
മഴയായും അയാളെ തടവി
കടന്നു പോയി. 

കപ്പേളയ്ക്കരികിൽ 
ലോന 
ഇതാ കരച്ചിൽ നിർത്തി 
അയാളുടെ  ഓർമകളിൽ 
വറുത്തു കോരിയ 
ഹൃദയത്തിന്റെ ചൂടിൽ
അവളുടെ ചുണ്ട് പൊള്ളി
വിലപിടിച്ച ചായം തേച്ച കണക്കിന് 
അത് ചുവന്നു മിന്നി.

വർഷങ്ങൾ പൂത്ത പൂക്കളിൽ 
പുതഞ്ഞു നിന്ന പുത്തൻ ഹൃദയമെന്നു 
നീയൊക്കെ അത് തെററി വായിച്ചു.
ദൂരയാത്രയ്ക്ക് മുമ്പ്  നൽകിയ 
അമ്ലഗുണമുള്ള പാനീയങ്ങൾ 
ഖേദിക്കുന്നവന്റെ ആമാശയത്തിനു 
ചേർന്നുപോയില്ല 
അയാൾ 
ആകാശങ്ങളെ സ്വപ്നം കണ്ടു 
ദുരിതങ്ങളിൽ പട്ടുകുട ചൂടി 
അമ്പുപെരുന്നാളിന്‌ 
ക്ളാരനെറ്റൂതി 
കണ്ണിൽ ചുവന്ന 
അരങ്ങുകൾ മിന്നി 
വായിലൂടെ 
കുരിശേറിയവന്റെ 
ചോരയൊഴുകി 
അപ്പം നടുമുറിഞ്ഞു 
പ്രിയപ്പെട്ടവർക്കും 
അല്ലാത്തവർക്കും വീതിച്ചു.
മരമില്ലാതെ മണ്ണിലേക്ക് 
മടങ്ങിപ്പോയി.

ഓർമകളിൽ അവൾ 
അയാളുടെ ഹൃദയം സ്വീകരിച്ചു

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...