May 21, 2020

ഉയിരെടുക്കൽ ക്രിയകളിൽ 
വ്യാപാരിച്ചിരുന്ന 
കാലത്ത്  
ഓഹിയോയിൽ 
ഒരാളുടെ 
കഥ കഴിക്കേണ്ടതുണ്ടായിരുന്നു 
അവന്റപ്പൻ തന്ന 
അസൈന്മെന്റായിരുന്നു  

അർധരാത്രികളിൽ 
വളർത്തുമൃഗങ്ങളെ 
ഭോഗിക്കുന്നവൻ 
ഭൂമുഖത്തു വേണ്ടെന്നു 
അയാൾ തീരുമാനിച്ചു  
മർഡർ എന്ന പൂഡിൽ 
ഗോവണിപ്പടിയിൽ
ഒച്ചയില്ലാതെ കിടന്നത് 
അപ്പനെ തരിപ്പിച്ചു കളഞ്ഞിരുന്നു

മർഡർ അയാളുടെയും 
വീടിന്റെയും നാദമായിരുന്നു. 
സൂറിനാമിലെ പൂമ്പാറ്റകൾക്ക് 
അവനെ തിന്നാൻ 
കൊടുക്കാമെന്നായിരുന്നു 
അപ്പനാദ്യം കരുതിയത് 
കരുത്തു ചോർന്നിട്ടില്ലെങ്കിലും 
അയാളത് ചെയ്യാതെ 
അധികം പണത്തിൽ 
എന്നെയേൽപ്പിച്ചു.

പാലെറ്റും ഡ്രംസ്റ്റിക്കും 
മാറിമാറി കയ്യിലേന്തുന്ന 
മകന്റെ യാത്ര 
അത്രഎളുപ്പമാവില്ല 
എനിക്കറിയാമായിരുന്നു
മഞ്ഞക്കോട്ടണിഞ്ഞവൻ 
പതിവായി നടക്കാനിറങ്ങുന്ന 
പാലത്തിൽ വെച്ച് 
ഉയിരെടുക്കാൻ 
ഞാൻ ഉറച്ചു. 

കഴുത്തിൽ മഫ്ളർ 
അണിഞ്ഞു 
കറുത്ത തൊപ്പി വരച്ചു. 
കാത്തു നിൽക്കവേ 
ഒരു പുകയെടുക്കാൻ കൊതിച്ചു 
ബീഡി ചുണ്ടിൽ വരച്ചു
അടുത്ത് നിന്നവൾ  
തീ പകർന്നു തന്നു.

അവളുടെ നീണ്ട 
വിരലുകളെ നോക്കിയപ്പോൾ  
അവൾ വന്നത് 
എന്റെ യാത്രക്കാണെന്നു തോന്നി 
അധികം വൈകാതെ 
അവളത് ചെയ്തേക്കാം എന്ന് ഗ്രഹിച്ചു.
ഞാൻ മൃഗങ്ങളെ 
ഭോഗിക്കാറില്ലല്ലോ 
എന്നോർക്കുമ്പോൾ 
ചിരിവരുന്നു.

കൊലക്ക് ശേഷം 
നിലാവിൽ ചെന്നു 
നിൽക്കുന്നവരെക്കുറിച്ചാലോചിച്ചു 
അവർ കണ്ണിൽ വളർത്തുന്ന 
ഫലസൂനങ്ങളെ കണ്ട കാലം 
ഉള്ളിൽ നിറഞ്ഞു 
ഈ നേരം അശ്രദ്ധ 
ആയുസ് കുറയ്ക്കും 
തിടുക്കത്തിൽ തീർപ്പാക്കണം  
അവളുടെ കാര്യം 
നോക്കാമെന്നുറച്ചു 
പിന്നെയും ചുണ്ടിൽ 
ബീഡി വരച്ചു.
 
അവൾ നീണ്ട 
വിരലുകൾ നീട്ടി 
പെട്ടെന്നതിൽ 
ചുംബിച്ചുനോക്കി 
പുച്ഛം പൂത്ത മുഖം കണ്ടു 
രക്ഷയില്ല.  
ചുംബനങ്ങൾ 
സ്മൃതി പഥങ്ങളിൽ നിറഞ്ഞു 
പുച്ഛത്തിന്റെ പൂക്കളിൽ 
ഉയിര് പറിഞ്ഞു.
ഉന്നം മുറിഞ്ഞു. 
മരിച്ചേക്കാമെന്ന് നിശ്ചയിച്ചു.
 
ഉടനടി നഖങ്ങൾ 
കഴുത്തിലാഴ്ന്നു 
കാര്യം പറയാനൊരുങ്ങവേ 
അവൾ ചിരിക്കുന്നു.
ഇടതു കൈ തുറന്നു കാട്ടി
മരിച്ചവന്റെ മാല തിളങ്ങുന്നു 
കാത്തു നിന്നവൻ 
ഈ വഴിയിനിയില്ല  
അവന്റെ താളം 
ഓഹിയോ ഓർക്കസ്ട്രയെടുത്തു.
  
അവളുടെ ചിരിയിൽ 
ഞാൻ ആഹ്ലാദിച്ചു 
പണമിരിക്കുന്ന ഇടം 
പറഞ്ഞു കൊടുത്തു 
ചങ്കിൽ നിന്ന് 
ചോരയൊലിക്കുന്നുണ്ടായിരുന്നു.
രക്തഫലസൂനങ്ങളുടെ 
ഗന്ധം നൽകി 
അവൾ പോയി.
 
പാലത്തിൽ ഞാൻ തനിച്ചായി 
അപ്പന്റെ വീട് നോക്കി നടക്കുന്നു. 
എന്റേതല്ലാത്ത കുറ്റം 
ഇന്ന് ഞാനേൽക്കും. 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...