Dec 4, 2016

യാത്രക്കാരുടെ ശ്രദ്ധക്ക്

വിശപ്പിനു വേണ്ടിയുള്ള വയലിൻ വാദനം 
കഴിഞ്ഞു തൊപ്പിയിലെ കിലുക്കങ്ങൾ 
കീശയിലാക്കിയതിന് ശേഷം 
വെളിച്ചം വന്നു നിറഞ്ഞ വദനത്തിലെ 
സുന്ദരൻ മീശയെ തഴുകിയയാൾ 
പട്ടണം വിടുന്ന അവസാന വണ്ടിക്ക് കാത്തുനിൽക്കുന്നു  
ജീവന്റെ അവസാനത്തോളമെത്തിയ ശിശിരം, തന്നെ  
കാത്തിരിക്കുന്നവർക്കയക്കുന്ന കത്തുകൾ പോലെ 
മേപ്പിൾ മരത്തിന്റെ ഇലകൾ 
അയാളെ തൊട്ടും തൊടാതെയും കടന്നു പോകുന്നു 
തണുപ്പ് തന്റെ കൂടിയ ആഴത്തിൽ 
ചിന്തിച്ചു തുടങ്ങുന്ന നേരം;  ഈ തെരുവിനെ 
ഒരറ്റത്ത് നിന്ന് തഴുകാൻ ഒരർദ്ധ ചുംബനത്തിന്റെ 
പാതിനേരം മതിയെന്ന് 
ഋതുക്കൾക്കറിയാം 
എനിക്കും നിനക്കും 
കാത്തുനിൽക്കുന്ന  ആ വൃദ്ധനുമറിയാം 
മഞ്ഞവെളിച്ചം വിതറിവീഴിച്ചു അയാളുടെ 
വണ്ടി വരികയാൽ തണുപ്പ് തന്റെ തണുത്ത 
നിസ്സംഗതയിൽ അകമ്പടി വരികയാൽ 
അൽപനേരത്തെ ഒടുവിൽ 
ഈ നേരത്തിന് ശേഷം അയാളെ നഷ്ടമാവും 
എന്നറിയുന്ന വഴികൾ, ഇടനാഴികൾ, 
കച്ചവടക്കാർ, കാത്തിരിക്കുന്നവർ 
പഴക്കൂടകൾ, കൂട്ടിലെ കിളികൾ 
മറുപടി പറയാത്ത കെട്ടിടങ്ങൾ 
ഇവയുള്ളിൽ ഒരു പിടച്ചിലിന് 
തൂവൽ  വീശുന്നു 
ഈ ചെറിയ പട്ടണത്തിലെ മുഴുവൻ ഇരുമ്പു തരികളും 
നേരം തെറ്റി വരുന്ന അവസാന കാന്തത്തിൽ പറ്റി
അതിർത്തി കടക്കുമെന്നും അറിഞ്ഞിട്ട് തന്നെ 
ഖേദം പങ്കിടുമ്പോൾ 
പരസ്പരം നോക്കുന്നവരുടെ 
കണ്ണുകളിലാണ് 
കാലം കണ്ട നല്ല സംഗീതം  
നിഴൽക്കാഴ്ചകളുടെ നൃത്തം 
ചരിഞ്ഞു വീണ സൂപ്പ് പാത്രം 
ചുണ്ടുകളിലെ ബെറിപ്പഴങ്ങൾ 
രതിക്ക് ശേഷം ചുളിഞ്ഞ തുണി ക്കൂട്ടം 
നിശ്വാസങ്ങൾ, തമ്മിൽ 
ചേർത്ത് പിടിച്ച ആശ്വാസങ്ങൾ 
അങ്ങനെ പോവും വിചാരങ്ങൾ
നിമിഷങ്ങളുടെ ഹൃദയമിടിപ്പുകൾ എണ്ണുന്നത് 
പഠിച്ചെടുത്ത ഗണിതത്തിന്റെ 
അപ്പുറം നിൽക്കുന്ന സംഗതിയാവുമ്പോൾ 
തെറ്റിപ്പോവുന്ന ശ്വാസത്തിനെ പഴി പറയേണ്ടതില്ല 
വിചാരണ പോലുമില്ലാതെ 
ഏതോ തോന്നലിൽ നഷ്ടപ്പെട്ട് പോകുന്നവരാണ് 
എല്ലാവരും എന്നിരിക്കെ 
തത്സമയത്തിൽ നിന്നും അപ്രത്യക്ഷനായ 
വയലിൻ വിദ്വാനെ 
ആരോട് അന്വേഷിച്ചിട്ടും 
വിശേഷിച്ചൊന്നുമില്ല
മഞ്ഞുവീണു വെളുത്ത  നഗരത്തിലെ 
ഈ ചുവന്ന  തീവണ്ടി പൊതുവെ 
അനാഥരായ യാത്രക്കാർക്ക് 
വിസിലൂതാറില്ല .. 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...