May 4, 2020

a.
ആഹാ ആഹ്ലാദമേറുമ്പോൾ 

അടിവയറ്റിൽ അക്വേറിയമെന്ന പോലെ
ജീവിതത്തിന്റെ ഒരു ദിവസത്തിൽ 

ഒരുപാടുയരെ ഒരു കെട്ടിടത്തിൽ 

ഒരുപാടാളുകൾക്ക് നടുവിലിരുന്ന് 

മേഘങ്ങൾക്കൊപ്പമിരുന്ന്
ഒരാൾ എന്തോ വായിക്കുന്നു.


b.
സാധാരണക്കാരന്റെ ജീവിതം 

അയാൾക്കനുവദിച്ചുകൊടുത്ത 

സമയത്തിൽ നിന്ന് 

അയാളൊരു 

അസാധാരണക്കാരനെ 

മെനഞ്ഞെടുത്തു തോറ്റു 

ഭക്ഷണശാലയിൽ 

കുശിനിക്കാരൻ ഒ

ളിച്ചു വെച്ച നെയ്പ്പാത്രം
നമ്മെ നോക്കിചിരിച്ചു
ആഹാരങ്ങളിൽ നിന്ന് 

രുചിയിറങ്ങിപ്പോയി.
എരിവിലിപ്പോൾ 

കണ്ണ് നിറയുന്നു.


c.
ഹൃദയ നിരാസങ്ങളുടെ 

ഈ രാവിൽ

വിനോദങ്ങളിൽ 

ഏർപ്പെട്ടിരിക്കുന്നവർ 

വീഞ്ഞുകുപ്പികൾ
നർഗ്ഗില പുകച്ചുരുളുകൾ
മെറ്റാ മ്യൂസിക് 

എന്നിങ്ങനെ
കുതിർന്നു പോവുകയാണ് 

തീന്മേശയിൽ 

തണുത്ത നിലയിരിക്കുന്നു 

വിനീഗറിൽ
മുക്കി വെച്ച കരൾ
കടുത്ത കട്ടങ്കാപ്പി 

കണക്കിന് 

ഒഴുകിയിറങ്ങുന്ന 

രക്തം

ഇനി നാമിങ്ങനെ 

ഓർക്കപ്പെട്ടാൽ മതി.


d.
ഏറെ മാനസികമായി 

പരിക്ക് പറ്റിയ സ്വാതന്ത്ര്യവാദികൾ 

എന്ന നിലയിൽ ജീവിതം 

പുകക്കുഴലുള്ള തീവണ്ടി കണക്ക് 

കിതച്ചു നീങ്ങുമ്പോൾ 

നമ്മിൽ പെട്ടവരല്ലാത്ത ജനത 

നമ്മെ നോക്കി 

ചിരിച്ചു തുമ്മുമ്പോൾ 

വിഷാദം പടർന്ന 

കുന്നിൻ മുകളിൽ 

ഒരിക്കൽ പോലും 

കാറ്റു കൊള്ളാത്ത പട്ടങ്ങൾ 

എന്ന നിലയിൽ 

ആഘോഷിച്ചു രസിച്ച 

കാലഘട്ടത്തിന്റെ 

നിഴലുകളെ 

ഓർക്കുകയല്ലാതെ 

പിന്നെ?


e.
ശ്രമപ്പെട്ടു തുന്നിയ 

ചിറകുകൾ 

ഒരു സ്വപ്നത്തിലെ 

ശലഭങ്ങൾക്കും 

പകമാവാത്ത സ്ഥിതിയിൽ 

പരാജയം 

മഴ നനഞ്ഞ പൂവുകളേക്കാൾ 

ഭംഗിയിൽ 

വിരിഞ്ഞു വന്നു 

നിൽക്കുമ്പോൾ 

ആർത്തു വരുന്ന 

സൂചിമുഖി കുരുവികളെ 

കൊണ്ട് 

നിറയുകയാണ് 

നമ്മുടെ 

പുസ്തകത്തിലെ പേജുകൾ.


No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...