Jan 13, 2023

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ 
 തിരഞ്ഞു തോൽക്കുന്ന 
 നാളുകളിലൊന്നിൽ 
 ഋതു മാറിവന്ന 
 മഴചാറൽ പോലെ 
 വിറച്ചു വീഴുകയാണ് 
 നമ്മിലാരുടെയോ നിഴൽ. 

 പരസ്പരം ഉടക്കി നിന്ന 
 തോളുകൾക്കിടയിൽ, 
 നമുക്കിടയിൽ, 
 ഇരുളു വീഴുന്ന 
 ഇടനാഴികളുണ്ടെങ്കിൽ 
 അതിൽ 
 വിശുദ്ധ പുഷ്പങ്ങളുടെ 
 നോവുകൾ 
 ഇതളുകളായി കുമിയുകയാണ് 
 മാർത്താ 

 വേരുകളുറഞ്ഞ 
 നിന്റെ വനവൃക്ഷത്തിന്റെ 
 മഹാശാഖികൾ 
 ഒട്ടും നീലയാവാത്ത 
 ആകാശത്തിന്റെ മുഖം തൊടുന്നു.
 അസ്തമയത്തിന്റെ ഈ നിറങ്ങൾ 
 നിന്റെ ക്ഷോഭത്തിന്റെ 
 ചുവപ്പിലിറ്റുന്നു. 

 വീണ ജന്മത്തിലെ 
 കണ്ണീരിനെ കുറിച്ച് 
 വാചാലനാവാനേ 
 പോകുന്നില്ല ഞാൻ. 

  ഇടറി വീഴാതെ 
  കുതറി നിൽക്കുന്ന 
  ഒരു തരം നനുത്ത 
  നിഴലിനെ 
  പണിപ്പെട്ട് ശ്രമിച്ചിട്ടും 
  ഓർക്കാനാവാതിരിക്കുന്നതിൽ 
  ഹാ എത്ര ഹർഷം! 

  വിമലീകരിക്കപ്പെട്ട 
  ഈ പതർച്ചയെ 
  വാക്കുകൾക്കൊപ്പം 
  കണ്ടെടുക്കാതെ 
  തുടരുക 
  ഒരേകാന്ത സംഗീതത്തിന്റെ 
  മിനുസപ്പെട്ട ജപശ്രുതികൾ. 

  വെയിലെത്ര കൊണ്ടിട്ടും 
  മഞ്ഞുകണങ്ങൾ 
  തൊടാതെ പോയിട്ടും 
  വീണു പോവാതെ 
  തുടിച്ചു നിന്ന 
  നീ നട്ട പിടച്ചിലിന്റെ 
  കടുപ്പമുള്ള വിത്തുകളെക്കുറിച്ച് 
  ഇതിങ്ങനെയല്ലാതെ പിന്നെ?

Nov 11, 2020

ഏറ്റവുമാദ്യം 
ഞാൻ ആ പെൺകുട്ടിയെ 
കാണുമ്പോൾ അവൾ 
പൂക്കൾക്കിടയിൽ 
ഇരുന്നു സംസാരിക്കുകയായിരുന്നു. 

രണ്ടാം തവണ 
കടൽക്കരയിൽ 
കാൽ വിരലുകൾ 
തിരകളിൽ തട്ടിച്ചു 
ചിരിക്കുമ്പോഴായിരുന്നു. 

മൂന്നാം തവണ 
മരങ്ങൾക്കിടയിൽ 
ഊഞ്ഞാലിൽ 
ഉന്മാദിയെപോലിരുന്നു കണ്ടു. 

മലയിടുക്കുകളിലോ 
താഴ്വരകളിലോ 
നാലാംതവണ  
കണ്ടുമുട്ടിയേക്കാം 
എന്നോർത്തിരുന്നു 
പക്ഷെ അതുണ്ടായില്ല.  

അഞ്ചാം തവണ 
ചർച്ച് റോഡിലേക്കുള്ള 
തിരിവിൽ 
വഴിവിളക്കിന് താഴെ 
നിർന്നിമേഷയായി 
ആ അംഗനയെ കാണായി 
അവൾ തവിട്ടിൽ 
കറുപ്പ് വൃത്തങ്ങളുള്ള 
മേൽക്കുപ്പായം 
അണിഞ്ഞു കണ്ടു. 

അടുത്തടുത്ത തവണകളിൽ
അവളെ എവിടെയെവിടെ 
കണ്ടുമുട്ടുമെന്ന് 
കണക്കു കൂട്ടുന്നത് 
പതിവാക്കി രസിച്ചു. 
പുതിയ കുപ്പായങ്ങളിൽ 
അവൾ പലയിടങ്ങളിൽ 
ആവർത്തിച്ചു വന്ന്പോവുന്നു. 

സന്ദർശനങ്ങൾ 
എണ്ണങ്ങളുടെ 
കര കവിഞ്ഞു നീന്തി. 

ഏതൊക്കെ
നേരങ്ങളിൽ 
എവിടങ്ങളിൽ 
അവളവളുടെ 
സാന്നിധ്യം 
തുന്നി വെയ്ക്കുമെന്ന് 
എനിക്ക് കണക്കായി. 

നിശ്ചയങ്ങൾക്കുള്ളിലേക്ക് 
ഒരപരിചിത 
കൃത്യം പാകമാവുന്നു. 
ഓരോ തവണയും 
തെറ്റിപ്പോവാനുള്ള 
സാധ്യതയെ 
മുഴുവനായി 
തകിടം മറിക്കുന്നു. 
എനിക്കുണ്ടാവുന്ന
രസങ്ങളെ കെടുത്തികളയുന്നു. 

എത്രാമത്തെ തവണ 
എന്ന് തീർച്ചയില്ലാത്ത 
അടുത്ത കാഴ്ചയിൽ 
മേഘങ്ങളിലോ 
പവിഴപ്പുറ്റുകൾക്കിടയിലോ 
എന്നോർക്കുന്ന 
എന്റെ സമവാക്യങ്ങളെ 
പാടെ തെറ്റിച്ച് 
അവൾ, 

അടുത്ത ദിവസം
നീലക്കുപ്പായമണിഞ്ഞ് 
പ്രാദേശിക പത്രത്തിന്റെ 
ചരമക്കോളത്തിൽ 
പ്രത്യക്ഷപ്പെടുന്നു.
ശവംനാറിപ്പൂക്കളുടെ 
ഇടയിലൂടെ 
എന്തോ നോക്കിനിൽക്കുന്ന 
ചിരിക്കാത്ത 
ആ പെൺകുട്ടിയോട്  
വളരെ പെട്ടെന്ന് 
പ്രേമം തോന്നുന്ന 
നേരങ്ങളിൽ 

തരസാ അവളെ 
തൊട്ടുനോക്കണം 
എന്നയാഗ്രഹം 
ഞാൻ ജീവിക്കുന്ന 
സത്രത്തിന്റെ 
വാതായനങ്ങൾ 
താണ്ടി വരി വരി
വരിയായി 
വന്ന് കൂടുന്നു. 

അടിക്കടി 
അബദ്ധം പിണയുന്നവൻ 
എന്നയവസ്ഥയിൽ 
ജീവിതം ഉരുട്ടുന്ന ഞാൻ 
ഇത്തരം ഇടത്തരം 
വിചാരങ്ങളെയും 
വെച്ചു പൊറുപ്പിക്കേണ്ടതുണ്ട്. 

അക്കടി പറ്റും നേരങ്ങളിൽ 
പുകവലിയോ മറ്റോ 
പരിചയമില്ലാത്തതിനാൽ 
അടുത്തുകിട്ടുന്ന 
പുസ്തകത്തിന്റെ താളുകൾ 
അതിവേഗത്തിൽ
മറിച്ചു കൂട്ടുക വഴി 
ആശ്വാസം നേടിയെടുക്കുന്നു. 

മറന്നു പോകണ്ട 
എന്റെ പക്കൽ 
പണ്ടു കണ്ട 
കനവുകളുണ്ടെന്ന കാര്യം. 

ഇടറിയ കാലൊച്ചകൾക്ക് 
ശേഷം 
മാംസം ചിതറിയ 
ഇടനാഴികളിൽ 
ഓർത്തോർത്തുകൊണ്ടിരിക്കെ 
മഞ്ഞ നിറമുള്ള ട്രാം കണക്കെ 
കവിതയിലോ മറ്റോ 
കയറ്റി വിട്ടാലോ 
എന്നാലോചിക്കെ, 
പെൺകുട്ടീ 
നീ കാണാതെ പോയി 
നിന്നെ കാണാതെയായി 

കാണാതായ കുന്തങ്ങളെ 
കുടത്തിൽ തപ്പി 
ശീലിച്ച ജനത 
എന്ന നിലയ്ക്ക് 
കറുത്ത കോട്ടിന്റെ 
കീശയിൽ കൈ തിരുകി 
നിശബ്ദതയിൽ ഈണം 
നഷ്ടമായവളെ 
തിരഞ്ഞു പോവുന്നു. 

പത്താം പ്രേമത്തിലും 
പൂവ് പോലെ 
ഞെട്ടറ്റുവീണവന്റെ ശവം 
അവൾക്കു ചുറ്റും 
നിരന്നുനിന്ന പൂക്കളിൽ 
കിടന്നു നാറുന്നു.

Sep 25, 2020

ഉപ്പും മീനും 

മോഷണകലാ 
വിദ്യാർത്ഥിയായ 
ഒരാൾ 
പുതിയ വീടുകളെ 
പ്രണയിക്കുന്നു 
മേലാസകലം 
ഇരുട്ട് പൂശി
കടന്നു ചെല്ലുന്ന 
അറകളിൽ 
തിരികെ 
ചെല്ലാതിരിക്കാൻ
അയാൾ അവിടെ 
ആത്മാവിനെ 
കൊരുത്തുവെയ്ക്കുന്നു.
ഓരോ രാത്രിയിലും 
അയാളെ 
തിര്യക്കുകൾ 
കാത്തിരിക്കുന്നു. 
അയാൾക്ക് വേണ്ടി 
പാടുന്നു.
  
തീവണ്ടിപ്പാളങ്ങളിലെ 
ചതഞ്ഞ ഹൃദയങ്ങളുടെ 
അവസാന മിടിപ്പുകൾ 
അയാളെടുക്കുന്നു. 
അവസാനത്തെ 
ഡേയ്സിപ്പൂ വാഗണുകളുടെ 
ചക്രങ്ങളിൽ നിന്ന് 
അയാൾ 
ആരെയും രക്ഷിച്ചില്ല.

പ്രേമങ്ങളിൽ 
പട്ടുനൂൽപ്യൂപ്പകൾ 
എന്ന കണക്കിൽ 
അവയെ 
ആവശ്യങ്ങളായിക്കണ്ടു.
ഇരുട്ടിൽ അവരെ 
കൂട്ടായി കരുതിയില്ല 
മരണങ്ങളെ അയാൾ
യാത്രകളായി 
കാണുന്നു.

രാത്രികളുടെ 
ഉടലുകളിലേക്ക് 
കൂടു വിട്ടു 
കൂടു മാറി അയാൾ  
പ്രേമിച്ചു, 
അനുരാഗങ്ങളിൽ 
അയാൾ 
ഭവനങ്ങളിൽ
അടുക്കള തിരഞ്ഞു 
വരാൽ വറുത്തത് 
അയാളെക്കാത്ത്
അവിടങ്ങളിലാകെ 
തണുത്തിരുന്നു.

സ്പർശനത്തിൽ 
പൂത്തുതളിർക്കുന്ന 
പൂട്ടുകളിൽ 
ചുണ്ട് ചേർത്ത് 
ചുംബനങ്ങൾ 
നിറച്ചു വെച്ച് 
അയാൾ തന്റെ 
കാമിനിമാരെ 
തൊട്ടു.
അവർ കൊടുത്ത 
സ്നേഹത്തിൽ
അടിക്കടി തോറ്റു.
തുടർച്ചയായി 
നാട് വിട്ടുകൊണ്ടിരുന്നു.

വീടുകൾ 
അയാളെ 
ഒളിപ്പിക്കാൻ 
കൊതിച്ചു.
പ്രണയികളുടെ 
വീടുകളിൽ 
അയാൾ 
ഉറങ്ങാതിരുന്നു
പ്രേമമൊഴിഞ്ഞ 
അറകളിൽ 
ശേഷിപ്പു തേടുന്നു.

ശ്വാസമായും 
സ്പർശമായും 
ദൃഷ്ടി വീഴ്ത്തിയും 
വീട് തീണ്ടുന്നു.

ഈ നിലയിൽ 
അയാൾക്ക്
പ്രേമത്തിലും 
ചോരണത്തിലും 
മെഡലുകൾ 
കിട്ടിയേക്കും 
ഏറ്റവും പ്രിയപ്പെട്ട 
വീട്ടിലുപേക്ഷിക്കാൻ 
അയാളത് 
രാത്രികളിൽ 
യാത്രയിൽ കൂട്ടുന്നു.

Sep 17, 2020

 അയാൾ 

നൽപ്പത്തിയൊൻപത് കവിതകൾ 
എഴുതിയ ദിവസം  
ആംബ്രോസ് പുണ്യാളൻറെ 
പെരുന്നാളായിരുന്നു. 

മട്ടാഞ്ചേരിയിലെ 
തെരുവിൽ 
വിരിഞ്ഞു നിന്ന 
ചെമ്പരത്തിചില്ലയിൽ 
അപ്പോൾ ഹൃദയം 
പൂത്തുപൂവിട്ടതായി 
കാണപ്പെട്ടു. 

ലൂയിസേട്ടന്റെ 
ബാൻഡ് സംഘം 
റിക്കി മാർട്ടിനെ 
ഡ്രമ്മിൽ പെരുപ്പിക്കുന്നു.
അവർ ബ്യൂഗിളിൽ 
ചുണ്ടമർത്തുമ്പോൾ 
ഞാൻ കണ്ണടച്ചു.
 
ജോസഫീന്റെ  
മുലക്കണ്ണുകളിൽ 
പൂമ്പാറ്റകൾ 
ധൃതിയിൽ അവ
ഋതുക്കൾ തിരയുന്നു.
അവളിതൾ 
പൊഴിയുന്ന 
അതിപുരാതനമായൊരോർമ.

റഷ്യൻ കലാപത്തിലെ 
 ശലഭങ്ങളെക്കുറിച്ചുള്ളതായിരുന്നു 
നാൽപത്തിയോൻപതാമത്തെ 
കവിത.
അത് ചൊല്ലുമ്പോൾ 
അവൾ 
സാൻ റെമോയിൽ 
സൈക്കിൾ ചവിട്ടുകയായിരുന്നു.

ആക്ഷ്മികമായി 
വിമോചിപ്പിക്കപ്പെട്ടവരുടെ 
ഘോഷയാത്ര 
സംഭവിക്കുന്നു 
വിജുഗീഷുവായ 
പോരാളിയായി 
ഞാൻ നിന്നു 
വീണു പോയവരിൽ 
വിശപ്പ്‌ തിരഞ്ഞു.

 ആ നഗരത്തിലെ എന്റെ 
നല്ല ചങ്ങാതിമാർ 
മരിച്ചവരായിരുന്നു 
സെമിത്തെരിയ്‌ക്കരികിലെ 
റോഡിലൂടെ 
സൈക്കിൾ ചവിട്ടുമ്പോൾ 
അവരവൾക്ക് 
സലാം ചൊല്ലി 
വഴി കാണിക്കുന്നു.

Sep 11, 2020

സെയിന്റ്‌മോറിസിലെ രാത്രി ചുംബനങ്ങൾ

 ഇരുണ്ട നിറമുള്ള 

അതെ പെൺകുട്ടിയുടെ 
നനഞ്ഞകണ്ണുകൾ പോലെ 
ബാഴ്സിലോണാ നഗരം 
ആശ്രിതരെ ശ്ലേഷിക്കുന്നു. 
അരയന്നങ്ങളെ ചുംബിക്കുന്ന 
അവധിക്കാലത്തിന്‌ ശേഷം 
അവൾ നഗരങ്ങളിൽ നിന്ന് 
മറയുന്നു.

അപ്പനപ്പോൾ 
തന്റെ പ്രേമലേഖനങ്ങളെ 
ജനലരികിലെ ചെടികളുടെ 
ഇലകളിൽ നിന്ന് 
കണ്ടെടുക്കുന്നുണ്ടായിരുന്നു 

ജൂണിൽ ജന്മദിനമുള്ള
കാമുകിയ്ക്ക് വേണ്ടി 
എഴുതിയതായിരുന്നു അത് 
ഋതുക്കളുടെ പിണക്കം കൊണ്ടവ 
പ്രഭാതത്തിനു മുൻപേ പോകുമ്പോൾ 
എനിക്കാകെ  പ്രേമത്തിന്റെ 
പ്രായമായിരുന്നു.

ഞാനെന്റെ ഓർമകളിൽ 
അപ്പനെ ഒരുപാടിഷ്ടപ്പെട്ടു.
തുടരെ സ്വപ്നത്തിൽ കണ്ടു  
സന്ധ്യ മാഞ്ഞു 
ഇരുളു വന്നു 
ഞാൻ സ്വപ്നത്തിനു 
പുറത്തേക്കു- 
വിരിഞ്ഞുവന്നു.
ഈ പട്ടണത്തിന്റെ 
ചുണ്ടിൽ ചുംബിച്ചു.

രാത്രികളിൽ 
യാത്രപറയുന്നവരെ 
ഞാൻ നോക്കിനിന്നു 
അപ്പന്റെ കാമുകിയപ്പോൾ  
എനിക്ക് മൃദുവായ 
ഓറഞ്ചു പഴങ്ങൾ തന്നു.
ഞാൻ അപ്പനെ ഓർക്കുന്ന 
വിവരം 
ഭംഗിയായി 
അവരറിയുന്നു.

പ്രഭാതങ്ങളിൽ 
ഞാനവരുടെ മറവിയുടെ 
പിന്നിലായിരിക്കുമെങ്കിലും 
യാത്രയാക്കാൻ 
ചെല്ലുമായിരുന്നു.
ഈ നഗരത്തിന്റെ 
മാറ്റങ്ങൾക്കിടയിലൂടെ 
അവർ നടന്നുപോയി

സെയിന്റ്മോറിസിൽ വെച്ച് 
അവരപ്പനെ കണ്ടുമുട്ടുമെന്ന് 
ഞാൻ ആശിച്ചു.
എന്റെയാനന്ദം കണ്ട് 
എന്നെ ചുംബിച്ചവൾ 
ഇപ്പോൾ 
നൃത്തം ചെയ്യാൻ 
തുനിയുന്നു.

വ്യാകുലതകളിലേക്ക് 
എന്റെ മാതാവ് 
തിരിച്ചെത്തുന്നു.
ചുറ്റും അതിപ്രധാനമായ 
കാര്യങ്ങൾ 
നടന്നും പൂക്കളേന്തിയും 
കടന്നു പോകുന്നു.
അദൃശ്യമായ കടലിനെ 
നമ്മളോർക്കുന്നതുപോലെ 
നമ്മളോർക്കപ്പെടുന്നു 

തുടരെയുള്ള സാഹചര്യങ്ങൾ 
ഈവിധമാണെങ്കിലും 
ഞാൻ  
തരക്കേടില്ലാത്ത ഒരു 
മഴനേരത്ത് 
പച്ചനിറമുള്ള ചട്ടിയിൽ 
നട്ടുവളർത്തിയ 
പൂച്ചെടിയിൽ 
വസന്തം വന്നു മുട്ടുന്നുണ്ടോ 
എന്ന് കണ്ണുനട്ട് നോക്കിനിന്നു 

അപ്പൻ  
വെനീസിലെ സ്റ്റോറിൽ 
നിന്ന് കൊണ്ട് വന്ന 
കോൾട്രെയ്ൻ ഗാനങ്ങളുമായി  
കഫേയ്ക്ക് വെളിയിൽ 
കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അപ്പനെ കാണാൻ 
അപ്പന്റെ കാമുകി 
ഇന്നുറപ്പായും 
വന്നുചേർന്നേക്കും. 

(24 ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത് 11 / 09 / 2020 )

Jun 17, 2020

പാപങ്ങളിൽ പരൽമീൻ 

ഔസേപ്പിതാവിന്
എന്റെ പിതാവിനേക്കാൾ 
പ്രായമല്പം കുറവാണ് 
എങ്കിലുമദ്ദേഹം  
പരിശുദ്ധനായി 
പള്ളിക്കൂടപ്രായങ്ങളിൽ 
പള്ളിമേട കേറി വരുന്ന 
കുഞ്ഞുങ്ങളെ 
പാപത്തിൽ നിന്നകറ്റി 
എന്നിട്ടും 
ക്രിസ്റ്റി ജോസഫ് കൂട്ടം തെറ്റി 
തേടിച്ചെന്ന ഇടയന്റെ 
വാക്കുകളിൽ
അവനഭയം കിട്ടിയില്ല 
ക്ലാസിൽ വൈകി വന്ന 
കുട്ടിയെ പോലെ 
അവൻ അവരുടെ നന്മകൾക്ക് 
വെളിയിൽ നിന്നു 
പിതാവിന്റെ ഭാഷയിൽ 
അവൻ തല തെറിച്ചവനായി.

പള്ളിമണികൾ പതിവായി 
മുഴങ്ങവേ 
മേടയിലും 
കുമ്പസാരക്കൂട്ടിലും 
അവന്റെ പാപങ്ങളുടെ 
സൈസ് കൂടിവന്നു 
നീലക്കൊന്തയിട്ട 
പെൺകുട്ടികൾക്ക്  
അവൻ ചുണ്ടുകൾ 
വിതറിക്കൊടുത്തു വളർന്നു 
വീഞ്ഞിൽ വിത്തുകൾ 
തിരഞ്ഞു.

പിതാവിനത്  
പ്രതിമയെപ്പോലെ 
നോക്കി നിൽക്കേണ്ടി വന്നു 
പരിശുദ്ധമെങ്കിലും 
പശ പോയ 
വാക്കുകൾ 
പുത്രന്റെ 
മനസ്സിൽ ഒട്ടിയില്ല 
അവൻ 
അസംഖ്യം പാപങ്ങൾക്ക് 
നല്ലയിടയനായി 
സാധാരണ 
പിറപ്പുകേടുകൾക്ക് 
മുകളിൽ 
ചോപ്പർ പറത്തി.

ഇടവക 
ഈവക കാര്യങ്ങളിൽ 
ഇടപെടാതായി 
പക്ഷെ 
ക്രിസ്റ്റിയെന്ന പാപിയുടെ 
ഹീമോഗ്ലോബിൻ 
അപകടത്തിൽപെട്ടവരുടെ 
ജീവന് യോജിച്ചു പോന്നു 
അവന്റെ അപ്പങ്ങളിൽ 
ആവശ്യമുള്ളവരുണ്ടു.
ആഗ്രഹിച്ചവർ 
പള്ളിക്കൂടം കണ്ടു.

എല്ലായ്പോഴും ക്രിസ്റ്റി 
പുസ്തകത്തിലെ നന്മകൾക്ക് 
വെളിയിൽ നിന്നു.
ദൈവനാമത്തിലുണ്ടായ 
കാലുഷ്യങ്ങളിൽ 
കാലുറപ്പിക്കാതെ നടന്നു. 
വിശ്വാസത്തിലെ പഴുതാരകൾ 
മാർച്ചു ചെയ്തു വന്നു 
പരസ്പരം 
കൊമ്പുകളെയ്തു 
കൊന്നു കൊണ്ടിരുന്നു.
 
കലാപം എന്നെ 
കലാകാരനാക്കി 
അപ്പോഴും ക്രിസ്റ്റി 
വേദപുസ്തകത്തിൽ പെടാത്ത 
മനുഷ്യനായി തുടർന്നു.
അവനുമേൽ 
അമ്മമറിയത്തിന്റെ  
പ്രാക്കുകൾ 
പ്രാവുകളായി 
 മറിഞ്ഞു .
അവൻ പതിവുകളിൽ 
പ്രാവുകൾക്ക് തീറ്റ കൊടുത്തു. 
മുതുകിൽ തറച്ച 
കൊമ്പൂരിയെടുത്തു 

ചിത്രങ്ങളിൽ 
അവന്റെ ചോര പതിഞ്ഞു.
തൊഴുത്തിന്റെ ചുവരിൽ 
ജീവിതമെഴുതി 
പീഡകളിലും 
തണുപ്പുപ ദ്രവിച്ചവർക്ക് 
കുപ്പായം തുന്നികൊടുത്തു.
അതേ  ദുഷിപ്പിൽ 
ജീവിതം തുടർന്നു വന്നു.

രോദനങ്ങളിൽ 
കലാപങ്ങൾ കൊണ്ട് 
മൂർച്ച കൂടിയ  
കല 
കാലത്തെ കവച്ചുവെച്ചു 
കടന്നുപോകുന്നു. 
ക്രിസ്റ്റി കാലങ്ങളിൽ 
കാൽ വെയ്ക്കാതെ 
ജീവിതം നടന്നു തുടർന്നു 
വീഞ്ഞിനും വിരുന്നിനും 
പോയില്ല.

ഞാൻ പക്ഷെ കലാപങ്ങളിൽ 
വർത്തിച്ചു 
കവല  ചുവരുകളിൽ 
കുരിശു  വരച്ചു 
വികാര വ്രണങ്ങൾ 
ഈണത്തിലാകവേ 
വൈകാതെയത്  
വലിയ കുരിശായി 
പടകൾ പന്തം 
കൊളുത്തിയിറങ്ങി 
തെരുവിൽ ഞാൻ 
തനിച്ചായി 
എന്റടുക്കിലേക്ക് 
അവൻ വന്നു കയറി 
അവന്റെ ചിരി 
പന്തങ്ങളുടെ 
വെളിച്ചം കെടുത്തി 
വിശ്വാസികൾ അസംഖ്യം  
കൊമ്പുകളുയർത്തി.

ഔസേപ്പിതാവിന്റെ
കറുത്ത  കൊമ്പിൽ 
ക്രിസ്റ്റി ജോസഫ് പിടഞ്ഞു.
 മകന്റെ തല 
എനിക്ക് പകരം 
തെറിച്ചുപോകുമ്പോൾ 
അവനിപ്പോൾ 
അപ്പന്റെ ഭാഷയിലെ പോലെ 
തല തെറിച്ചവനായി-
തെരുവിൽ കിടക്കുന്നു   
അവിടെ ശേഷിക്കുന്നവരുടെ 
ജീവിതങ്ങളിൽ അവൻ 
വിശുദ്ധനായി.

എന്നിട്ടും 
കാലം കഴിയുന്നു 
കാര്യങ്ങൾ 
പഴയ പടി തുടരുന്നു.

പിതാവിനും പുത്രനും
പരിശുദ്ധാത്മാവിനും 
അതേ സ്തുതി.

ആമേൻ !

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...