Showing posts with label midnight_madness. Show all posts
Showing posts with label midnight_madness. Show all posts

Nov 16, 2017

ഈ നിമിഷത്തിൽ നിന്ന്

 നഗരത്തിൽ ഇത് അവസാന രാത്രിയാണ്, പക്ഷെ അത് കൊണ്ട് പ്രത്യേകിച്ചൊന്നുമില്ല . 
  ശൈത്യകാലം വന്ന് കിടുക്കി  വിറപ്പിക്കുന്ന തണുപ്പ് കൊണ്ട് ആലിംഗനം ചെയ്യുന്ന സമയത്ത് ഒരു മഫ്ളർ ചുറ്റിത്തരും പോലെയോ, ഓറഞ്ച് പോലൊരു  ഒരു സായം  സന്ധ്യ കൈനീട്ടി കവിളിൽ തന്റെ നിറങ്ങൾ ഓരോന്നും തേച്ചു തരുന്നത് നോക്കി നിന്ന് ചിരിക്കുന്നത് പോലെയോ, പെരും മഴയത്ത്  ജലം നിറഞ്ഞ തെരുവുകളിലേക്ക്  കൂട്ടിക്കൊണ്ടുപോകുകയോ,  ഇരുണ്ട വലിയ കെട്ടിടങ്ങൾ കൊണ്ട് കുനിഞ്ഞു ചുംബിക്കുകയോ ഒക്കെ ചെയ്തിട്ടുള്ള നഗരമാണിത് എന്നത് കൊണ്ട് മാത്രമാണ് അങ്ങനെ പറയുന്നത്. അത് കൊണ്ട് മാത്രം .അങ്ങനെ , ഉള്ളിലേക്ക്പതിയെ തുറക്കുന്ന  വാതിലുകൾ ഉള്ള  പണ്ടിക ശാലകൾ ദേഹത്തിന്റെ ഓരോ മുക്കിലും  നിറച്ചു വെച്ച നഗരം , ഇനിയുള്ള ദിവസങ്ങളിൽ നിന്ന് മറിച്ചു കളയുകയാണ്   
​         ഹൃദയത്തിലെ കമ്പിറാന്തൽ തിരി താഴ്ത്തുന്നു , നിറഞ്ഞും പാ തിയൊഴിഞ്ഞുമിരിക്കുന്ന സ്ഫടികകുപ്പികൾക്കും പിച്ചള കോപ്പകൾക്കും ഇടയിൽ നിന്ന് ഞാൻ തലയുയർത്തുകയായി.ഈ നേരം ആഹാ ,  ​സിയാ മിർസാ തന്റെ  ജുഗൽ ബന്ദി ആരംഭിച്ചിരിക്കും 

'' ഖുരാ ഹുവാ ദിൽ , 
  തും സെ ജോ ബാത് ഹുയെ..''   

മഞ്ഞിൽ വിരിഞ്ഞ താഴ്വാരത്തിലേക്ക് അയാൾ നക്ഷത്രങ്ങളെ വലിച്ചു കൊണ്ട് വരുന്നു , അയാളുടെ വിരലുകളിൽ ചുംബിച്ചു പൊള്ളിക്കണം.
                വീണ്  കിടക്കുന്ന നീളൻ ചെമ്പൻ മുടിയിഴകൾക്കിടയിലൂടെ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. സമയം കൃത്യം . അവളുടെ യാത്രകളുടെ  തീമഞ്ഞ നിറമുള്ള ട്രാം തലകുലുക്കി കടന്നു പോവുന്നു. മുഖമൊരു നദിയാവുന്നു ചുറ്റും ഉപ്പു പരക്കുന്നു , ധൃതിയിൽ തിരിഞ്ഞപ്പോൾ  കൈ തട്ടി മറിഞ്ഞ വീഞ്ഞ് ചഷകത്തെയോർത്ത് അടുത്തിരിക്കുന്നവൻ മുതുകിൽ ആഞ്ഞു പ്രഹരിക്കുന്നു. ഡ്രംസ് ന്റെ പഴയ താളം ഒരു വികൃതിപ്പയ്യന്റെ കൈയിൽ നിന്ന് വഴുതി വീഴുന്ന പോലെ ഒരാഘാതം എന്റെ ദേഹത്ത് പരക്കുന്നു കോപത്തിനോ വിഷമത്തിനോ പകരം എനിക്കയാളെ ആലിംഗനം ചെയ്യാൻ തോന്നുന്നു,  നിറയുവോളം 'കൈയ്പിറോസ്‌ക' വാങ്ങി നൽകുന്നു . പശ്ചാത്താപം കൊണ്ടയാൾ ലഹരി മണമുള്ള മുത്തങ്ങൾ കൊണ്ടെന്റെ ചുമലിലേക്ക് ചാഞ്ഞ  നിമിഷം അയാളെ മറന്നു, ഞാൻ വണ്ടി പോയ , ഞെരുങ്ങിയ കാൽത്തളകൾ അണിഞ്ഞവൾ കാലം കവച്ചു വെച്ച് കടന്നു പോയ, വഴിയിലേക്ക് നോക്കി..  ഹഹ  നഗരമൊരു നിർമല മന്ദഹാസം , എന്റെ ജീവൽപ്പക്ഷികൾ കുതറി വീഴിച്ച തൂവലുകൾ കൊണ്ട് നിനക്കാലിംഗനം. നിന്നെ കാലത്തിനു പുറത്തക്ക് കൊണ്ട് പോവുകയാണ് ഞാൻ ഈ പാതി രാത്രിക്ക് ശേഷം.................................... .............................................................................................

Aug 3, 2017

തമ്മിൽ !

പൂക്കൾ കോർത്ത്  
ആകാശത്തേക്കുയർത്തി  വെച്ച 
തന്റെ കൊമ്പൻ മീശയിലേക്ക് 
ഈച്ചകളെ വിരുന്നിനു വിളിക്കുന്ന  
ദാലിയെ പോലെ 
ഭേദപ്പെട്ട നിസ്സഹായതയെ 
കുഴലൂതി വിളിക്കുകയാണ്. 
 രക്തവും മാംസവും 
വിളമ്പി വെച്ച തീൻ മേശയ്ക്കരികിലിരുന്ന്  
 നമ്മൾ കലഹിക്കുന്നു,  
ചെമ്പരത്തികൾ  
വാരിയെറിയുന്നു. 
കുഴൽ  വാദ്യം കേട്ട് 
നൃത്തം ചെയ്തു വന്ന കൂടിയയിനം 
നിസ്സഹായത 
മേശയുടെ അതിർത്തി ഭേധിച്ചെന്റെ 
ചെമ്പരത്തി ചില്ലകളിൽ പടർന്ന് 
കഴുത്തിലാഞാഞ്ഞു ദംശിക്കുകയായി,ആഹാ 
ഹൃദയാകൃതിയിൽ നീലിച്ച പാടുകൾ 
താടിരോമങ്ങൾക്കരികിൽ 
ബാക്കി നിൽക്കെ 
മറുവശത്തെ  
അരികിൽ  വന്നു നിന്ന് 
പുഞ്ചിരിക്കുമായിരിക്കും
നിലാവെളിച്ചം*
ആ തെളിച്ചം നോക്കി നിൽക്കെ,  
തൽക്ഷണം മുറിവുകളിൽ നിന്ന് 
പലയരുവികൾ പിറക്കേ 
അനാഥത്വത്തിന്റെ 
ശരീരപ്രകൃതിയിലേക്ക് 
പതുക്കെ 
ഒരു ശ്വാസം പോലെ കടന്നു ചെല്ലുന്നു  
എല്ലാ ഫോസിലുകളും തുറന്നു വെച്ച് ദേഹം 
അതിന്റെ കോണുകളിലേക്ക്  
കൈ മാടി  വിളിക്കുകയാണ് 
പാദം  കൊണ്ട് പോലും നോവിക്കാതെ 
പതുക്കെ പതുക്കെ  
കടന്നു ചെല്ലുമ്പോഴെന്തിനാണ് പൂവേ 
നിന്റെ നനഞ്ഞ ഇതളുകൾ കൊണ്ട് 
നീയെന്റെ ചുണ്ടിൻ  തണ്ടിനെ 
മുറിവിലേക്ക് മുക്കുന്നതെന്ന് 
ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ 
വയലിൻ തന്റെ 
 തന്ത്രിയിൽ ഇരച്ചു കയറുന്ന 
ചോരചുവപ്പുമണികളെ 
കെട്ടഴിച്ചു വിടുകയായിരുന്നു 
വയലറ്റ് വാനം  കുപ്പായത്തിന്റെ 
ബട്ടൺ തുറന്ന്  നക്ഷത്രങ്ങളുടെ 
മുലക്കണ്ണുകൾ വെളിയിലേക്കിട്ടിരുന്നു 
എന്ത് തരം പാട്ടാണിത് 
എന്തിനാലാണിങ്ങനെ കരയുന്നത് 
എന്നൊക്കെ ചോദിക്കുന്നവരോട് 
ചെമ്പരത്തി കൊണ്ട് ചുംബിച്ചപ്പോൾ 
പറ്റിയതാണ് എന്ന് പറഞ്ഞു 
മുഖം തിരിച്ചിരിക്കുന്നവനാവാനാണ് 
ഈ നിമിഷത്തിലെ  തീരുമാനം. 
വിയോജിപ്പുകൾക്കിടമില്ലാത്ത 
ഇടനാഴികളിൽ 
നമ്മൾ കണ്ടുമുട്ടുമ്പോൾ 
ഒരൊറ്റ വീഞ്ഞു ചഷകത്തിനിരുപുറം 
നമ്മൾ വീണ്ടും നഗ്നായിരിക്കും 
(..മെങ്കിൽ മാത്രം വീണ്ടും കാണണം)

Jun 1, 2017

മഴ പെരുക്കുന്നു
നിശബ്ദം വീശുന്നു ഞാനറിഞ്ഞ കാറ്റ് .
തീവ്രാനുരാഗത്തിന്റ 
അക്ഷാംശങ്ങളിൽ നിന്ന്
ഗോലിയാത്ത് കവണയിൽ
കല്ല് വെച്ചു നെറ്റിക്കടിച്ചു
കുഞ്ഞു ദാവീദിന്റെ
നദിയിലേക്ക്
പൂക്കൾ
പുതിയ നദി
ചുവന്ന രക്തം
ഹൃദയത്തിന്റെ തുണ്ടം
വയലറ്റ് ചെമ്പരത്തികൾ.
തണുത്തുറഞ്ഞ തലയോട്ടിൽ നിന്നും 
മുല്ലവള്ളികൾ പടർന്നു പൊങ്ങി 
മേഘം തൊട്ടു കിളികൾ പാറുന്ന ആകാശം 
നിറയെ പടർന്നു നിന്നു -
ലഞ്ഞുലഞ്ഞു കാറ്റിനെ കൈ തട്ടി വിളിച്ചു-
പൂത്തു പൂവിട്ടു പുന്നാരിച്ചു നിൽക്കവേ
ഒന്നിനുമാവാത്ത പാട്ടുകാരൻ
സിത്താർ മുറുക്കി കുമ്പിട്ടിരിന്നാർക്കുവേണ്ടി
പാടുന്നു ഗസലുകൾ
ഇരുട്ടും നിലവും ഹൈവേകളിൽ
പരന്നു നിറഞ്ഞിട്ടും
 വളവു തിരിയുന്ന വാഹനങ്ങളുടെ വെളിച്ചം
കൊണ്ട് മാത്രം കാണുന്ന മുഖത്ത് നിന്നിറങ്ങി
വന്നു വരിയായി നിന്ന് കുഴലൂതുന്നതാരാണ്
പൊട്ടിച്ചിതറിവീണു മണം പരത്തിയത്
ആരുടെ ഓർമയിലെ തണ്ണിമത്തനാണ്?

May 5, 2017

ശിവരാത്രി

ബിയർ കുടിച്ചില്ലങ്കിലും 
ഈ വൈകുന്നേരം 
ഊദ് പുകയുന്ന പണ്ടിക ശാലയിൽ 
ആരെയും കാക്കാനില്ലാതെ 
വിഷാദം കനച്ചു മൂക്ക് വേദനിച്ച് 
പഴയ കവിതയിൽ നഷ്ടപ്പെട്ട ബിരുദങ്ങളെകുറിച്ച് 
വെറുതെ ഓർത്തിരിക്കുകയാണ് ഞാനെന്ന്   
കരുതാൻ വേണ്ടി നിങ്ങൾക്കിടയിലേക്ക് 
ഒരു കൂട്ടം ഇമേജുകളുടെ വ്യാജനിർമിതികൾ 
കെട്ടഴിച്ചിട്ടിട്ട് 
ഞാനും എന്നെ ചുറ്റി എന്റെ വിചാരങ്ങളും 
ആ മണം ആവോളം നുകർന്ന് 
അരണ്ട വെളിച്ചത്തിൽ വാതുവെപ്പുകൾക്കും 
പച്ചക്കുപ്പികളുടെ കലമ്പലുകൾക്കും 
ഇടയ്ക്കിടയ്ക്ക് ആസ്വദിച്ച് തലയാട്ടി 
കറുത്ത നീളൻ കുപ്പായത്തിനുള്ളിൽ 
ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് 
ഉറപ്പു തോന്നും വിധം തോന്നൽ  
തന്നിട്ട് ഞാൻ എപ്പോഴേ അപ്രത്യക്ഷനായ വിവരം 
നിങ്ങളറിയാൻ വൈകുന്നുവെന്നയറിവാണ്   
ബിയറിനേക്കാൾ ഈ നേരത്തെ 
അതിഭയങ്കരമായ ഉന്മാദം. 
അലയടിക്കുന്ന തിരകളിൽ നിന്ന് 
അത് പലതായി പലതായി 
പറക്കുന്ന നേരത്ത്,  
ചെയിൻസ്‌മോക്കേഴ്‌സ്ന്റെ ആൽബത്തിൽ 
ഉരുകിയൊലിച്ചിരിക്കുന്ന എന്നെ  
ബെൽക്കിസ് ഗ്രാമത്തിലേക്ക് 
കടത്തിക്കൊണ്ടുപോവുകയാണ് 
ആ തീമഞ്ഞ നിറമുള്ള ട്രാം 

Dec 11, 2016

വഴിയരികിൽ ചുംബിക്കുന്നവരുടെ ചുണ്ടുകൾ

അൽപ്പനേരത്തേക്കെന്നെ
വിഴുങ്ങിയ തിരക്കിൻപറ്റത്തിൻ
ഇരുണ്ട കെട്ടിടങ്ങളെ
നഗരപാലകർ
നമുക്കിടയിൽ നാട്ടിയ കാറ്റാടികൾ
നിശ്വാസം കൊണ്ട്കറങ്ങുന്നു
അവ കൊടുംകാറ്റുണ്ടാക്കുന്നു
വഴിയരികിൽ ചുംബിക്കുന്നവരുടെ
ചുണ്ടുകൾ കാറ്റിൽ കോപം വിതയ്ക്കുന്നു
മുന്തിരിവിളകളെ വീശിനശിപ്പിക്കാൻ
അവരീ കാറ്റിനെ അകത്തു വിടില്ല
നമുക്ക് കപ്പലുകളിലെ 
പായ്മരങ്ങളിലേക്കു പോകാം
യാത്രാനക്ഷത്രങ്ങളെ
നയിച്ചാലും..

Sad soil

മഴയ്ക്ക് ശേഷം തണുത്ത കാറ്റിൽ
ചിറകു കുടഞ്ഞൊരു ശലഭമേ
വായുവിലെ ജീവിതം
അർദ്ധോക്തിയാവുമ്പോൾ
നീയിങ്ങു പോരൂ
ഏറെ വൈകിയും
ഉണർന്നിരുന്നീ ചിലന്തി തുന്നുന്ന
പട്ടുകുപ്പായം
ഉറപ്പായും നിനക്ക്
പാകമാവാതിരിക്കില്ല,
ശ്വാസത്തിന് ചുറ്റാൻ ഇതിനോളം
ഭംഗിയുള്ളതില്ല
കെണിയെന്നും കവാടമെന്നും
കവികൾ പറയുന്നതാണ്
ഒടുക്കമില്ലാ യാത്രകളുടെ
തുടക്കം സുന്ദരമാണ്
ഇതാ നിനക്കായി നെയ്ത
നനഞ്ഞ മണ്ണും
പട്ടുകുപ്പായവും

Dec 6, 2016

ങേ

അധ്വാനത്തിന് ശേഷം മിച്ചം വന്ന പകലിന്റെ 
നിറം മങ്ങും ചുവരിൽ  ചേർന്നിരിക്കവേ 
വെറുതെ തികട്ടി വന്ന നെടുവീർപ്പുകളെ  
അത്രയൊന്നും പഴയതല്ലാത്ത ചൂണ്ടയിൽ കോർത്ത് 
തിരക്കിൽ  നുരയുന്ന പാതകളിലേക്ക് കുടയുന്നു 
ആവേശത്തിന്റെ രുചിയിലേക്ക് 
നിശബ്ദമായി വന്നു കേറിയവരെ ആരെയും ശ്രദ്ധിക്കാതെ 
പിടച്ചിലുമായി വരുന്ന ഇരയെ കുറിച്ച് മാത്രം ഓർക്കുന്നു 
നൃത്തത്തിന് മുൻപ് വായുവിൽ വിടർന്നു പരക്കുന്ന 
മയിലിന്റെ സ്വന്തം പീലികളെ പോലെ 
ഇരുട്ടിന്റെ മനം മയക്കും നിറം കനക്കവേ 
ഇനിയും വരാത്ത സാധുമൃഗത്തെ കുറിച്ചുള്ള 
നിവർത്തിയിട്ട  സങ്കൽപ്പത്തിലേക്ക് 
ബോധം നശിച്ചു വീഴുന്നു 
ഒഴിഞ്ഞ ചഷകത്തിലേക്ക് നേരം 
കുപ്പി കമിഴ്ത്തുന്നു

Dec 4, 2016

യാത്രക്കാരുടെ ശ്രദ്ധക്ക്

വിശപ്പിനു വേണ്ടിയുള്ള വയലിൻ വാദനം 
കഴിഞ്ഞു തൊപ്പിയിലെ കിലുക്കങ്ങൾ 
കീശയിലാക്കിയതിന് ശേഷം 
വെളിച്ചം വന്നു നിറഞ്ഞ വദനത്തിലെ 
സുന്ദരൻ മീശയെ തഴുകിയയാൾ 
പട്ടണം വിടുന്ന അവസാന വണ്ടിക്ക് കാത്തുനിൽക്കുന്നു  
ജീവന്റെ അവസാനത്തോളമെത്തിയ ശിശിരം, തന്നെ  
കാത്തിരിക്കുന്നവർക്കയക്കുന്ന കത്തുകൾ പോലെ 
മേപ്പിൾ മരത്തിന്റെ ഇലകൾ 
അയാളെ തൊട്ടും തൊടാതെയും കടന്നു പോകുന്നു 
തണുപ്പ് തന്റെ കൂടിയ ആഴത്തിൽ 
ചിന്തിച്ചു തുടങ്ങുന്ന നേരം;  ഈ തെരുവിനെ 
ഒരറ്റത്ത് നിന്ന് തഴുകാൻ ഒരർദ്ധ ചുംബനത്തിന്റെ 
പാതിനേരം മതിയെന്ന് 
ഋതുക്കൾക്കറിയാം 
എനിക്കും നിനക്കും 
കാത്തുനിൽക്കുന്ന  ആ വൃദ്ധനുമറിയാം 
മഞ്ഞവെളിച്ചം വിതറിവീഴിച്ചു അയാളുടെ 
വണ്ടി വരികയാൽ തണുപ്പ് തന്റെ തണുത്ത 
നിസ്സംഗതയിൽ അകമ്പടി വരികയാൽ 
അൽപനേരത്തെ ഒടുവിൽ 
ഈ നേരത്തിന് ശേഷം അയാളെ നഷ്ടമാവും 
എന്നറിയുന്ന വഴികൾ, ഇടനാഴികൾ, 
കച്ചവടക്കാർ, കാത്തിരിക്കുന്നവർ 
പഴക്കൂടകൾ, കൂട്ടിലെ കിളികൾ 
മറുപടി പറയാത്ത കെട്ടിടങ്ങൾ 
ഇവയുള്ളിൽ ഒരു പിടച്ചിലിന് 
തൂവൽ  വീശുന്നു 
ഈ ചെറിയ പട്ടണത്തിലെ മുഴുവൻ ഇരുമ്പു തരികളും 
നേരം തെറ്റി വരുന്ന അവസാന കാന്തത്തിൽ പറ്റി
അതിർത്തി കടക്കുമെന്നും അറിഞ്ഞിട്ട് തന്നെ 
ഖേദം പങ്കിടുമ്പോൾ 
പരസ്പരം നോക്കുന്നവരുടെ 
കണ്ണുകളിലാണ് 
കാലം കണ്ട നല്ല സംഗീതം  
നിഴൽക്കാഴ്ചകളുടെ നൃത്തം 
ചരിഞ്ഞു വീണ സൂപ്പ് പാത്രം 
ചുണ്ടുകളിലെ ബെറിപ്പഴങ്ങൾ 
രതിക്ക് ശേഷം ചുളിഞ്ഞ തുണി ക്കൂട്ടം 
നിശ്വാസങ്ങൾ, തമ്മിൽ 
ചേർത്ത് പിടിച്ച ആശ്വാസങ്ങൾ 
അങ്ങനെ പോവും വിചാരങ്ങൾ
നിമിഷങ്ങളുടെ ഹൃദയമിടിപ്പുകൾ എണ്ണുന്നത് 
പഠിച്ചെടുത്ത ഗണിതത്തിന്റെ 
അപ്പുറം നിൽക്കുന്ന സംഗതിയാവുമ്പോൾ 
തെറ്റിപ്പോവുന്ന ശ്വാസത്തിനെ പഴി പറയേണ്ടതില്ല 
വിചാരണ പോലുമില്ലാതെ 
ഏതോ തോന്നലിൽ നഷ്ടപ്പെട്ട് പോകുന്നവരാണ് 
എല്ലാവരും എന്നിരിക്കെ 
തത്സമയത്തിൽ നിന്നും അപ്രത്യക്ഷനായ 
വയലിൻ വിദ്വാനെ 
ആരോട് അന്വേഷിച്ചിട്ടും 
വിശേഷിച്ചൊന്നുമില്ല
മഞ്ഞുവീണു വെളുത്ത  നഗരത്തിലെ 
ഈ ചുവന്ന  തീവണ്ടി പൊതുവെ 
അനാഥരായ യാത്രക്കാർക്ക് 
വിസിലൂതാറില്ല .. 

Oct 19, 2016

ഈ നിശബ്ദത, ഒരു നീലത്തടാകമാണ്
അതി വാചാലമായ ആകാശത്തിനു താഴെയ്ക്ക് 
ഞാനതിനെ അഴിച്ചു വിടുന്നു 
അക്കാണുമാനന്ദം മഞ്ഞചിറകുള്ള പക്ഷിയാണ് 
വിഷാദത്തിന്റെ കുന്നിൻ പുറങ്ങളിലേക്ക് 
അത് ചിറകടിച്ചു പറക്കുന്നു 
ഇനി ചിരിക്കുമ്പോൾ മഞ്ഞുകാലം 
കൊയ്തെടുത്ത 
മലഞ്ചെരുവിൽ മേയുന്ന വരയാടുകൾ 
ശരീരം മുഴുവൻ പാഞ്ഞു നടന്നിട്ടും 
ഒറ്റക്കൊറ്റയ്ക്കായി പോയ 
നമ്മൾ മഴനൂലുകൾ 
മറന്നു പോയ അസ്തമയം 
കാറ്റിൽ മറയുന്നു 
അതാ കാറ്റിൽ..

Oct 17, 2016

​ ​നവംബറിന്റെ നഷ്ടം

കണ്ടു കൊണ്ടിരിക്കും,
ചലച്ചിത്രത്തിലെ കമിതാക്കൾ
ഇപ്പോൾ ചുംബിക്കേണ്ടതില്ലെന്ന്
നമ്മൾ തീരുമാനിക്കുന്നു.
വിസ്ഫോടനത്തിന്റെ
അനാഥത്വത്തിനുശേഷം
വിഷാദത്തിന്റെ തിരകൾ മാത്രമാണ്
അയാൾക്കവളിൽ നിറയ്ക്കാനുണ്ടാവുക
എന്നറിഞ്ഞിട്ടും
നമ്മളെന്തിനാണ് വെറുതെ
അവരെ അതിനനുവദിക്കുന്നത് ?

(Oct.17.2014)

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...