Showing posts with label Poetry. Show all posts
Showing posts with label Poetry. Show all posts

May 5, 2017

ശിവരാത്രി

ബിയർ കുടിച്ചില്ലങ്കിലും 
ഈ വൈകുന്നേരം 
ഊദ് പുകയുന്ന പണ്ടിക ശാലയിൽ 
ആരെയും കാക്കാനില്ലാതെ 
വിഷാദം കനച്ചു മൂക്ക് വേദനിച്ച് 
പഴയ കവിതയിൽ നഷ്ടപ്പെട്ട ബിരുദങ്ങളെകുറിച്ച് 
വെറുതെ ഓർത്തിരിക്കുകയാണ് ഞാനെന്ന്   
കരുതാൻ വേണ്ടി നിങ്ങൾക്കിടയിലേക്ക് 
ഒരു കൂട്ടം ഇമേജുകളുടെ വ്യാജനിർമിതികൾ 
കെട്ടഴിച്ചിട്ടിട്ട് 
ഞാനും എന്നെ ചുറ്റി എന്റെ വിചാരങ്ങളും 
ആ മണം ആവോളം നുകർന്ന് 
അരണ്ട വെളിച്ചത്തിൽ വാതുവെപ്പുകൾക്കും 
പച്ചക്കുപ്പികളുടെ കലമ്പലുകൾക്കും 
ഇടയ്ക്കിടയ്ക്ക് ആസ്വദിച്ച് തലയാട്ടി 
കറുത്ത നീളൻ കുപ്പായത്തിനുള്ളിൽ 
ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് 
ഉറപ്പു തോന്നും വിധം തോന്നൽ  
തന്നിട്ട് ഞാൻ എപ്പോഴേ അപ്രത്യക്ഷനായ വിവരം 
നിങ്ങളറിയാൻ വൈകുന്നുവെന്നയറിവാണ്   
ബിയറിനേക്കാൾ ഈ നേരത്തെ 
അതിഭയങ്കരമായ ഉന്മാദം. 
അലയടിക്കുന്ന തിരകളിൽ നിന്ന് 
അത് പലതായി പലതായി 
പറക്കുന്ന നേരത്ത്,  
ചെയിൻസ്‌മോക്കേഴ്‌സ്ന്റെ ആൽബത്തിൽ 
ഉരുകിയൊലിച്ചിരിക്കുന്ന എന്നെ  
ബെൽക്കിസ് ഗ്രാമത്തിലേക്ക് 
കടത്തിക്കൊണ്ടുപോവുകയാണ് 
ആ തീമഞ്ഞ നിറമുള്ള ട്രാം 

Mar 30, 2016

Adam & Eve

ഇപ്പറയുന്നത്‌ കേൾക്കൂ 
ഏദനിലെ ആദത്തിന് 
സിക്സ് പായ്ക്ക് ഉണ്ടായിരുന്നു 
നെർവസ് ആവുമ്പോൾ ഈവ് 
അതിൽ തൊട്ടു നോക്കുമായിരുന്നു
അയാൾക്കൊരു ടി-ഷേർട് തുന്നണമെന്ന് 
സാത്താന് മുന്നേ അവൾ ആഗ്രഹിച്ചിരുന്നു 
ആഗ്രഹം പറയും മുൻപേ 
ആപ്പിൾ തിന്നതിനാൽ 
അങ്ങനെയൊക്കെ സംഭവിച്ചുപോയതായിരുന്നു
എല്ലാത്തിനും സാക്ഷ്യം പറഞ് 
അവര്ക്ക് മേലെ ഇലകൾ വീണിരുന്നു.

Mar 21, 2016

Morning images

നഗരത്തിലെ തിരക്കേറിയ പാത  
ഇരുണ്ടു മങ്ങിയ മുഖവുമായി ആകാശം
മഞ്ഞു പോൽ വിഷാദം
പതിയെ പോകുന്ന കടുത്ത നിറമുള്ള എസ് യു വി 
ആരെയോ കാത്തു നിൽക്കുന്നൊരാൾ 
അയാൾക്ക് പോകാൻ തയ്യാറായി വരുന്ന ബ്ലൂ കാബ്
അയാളുടെ  നിഷേധം
സദാ ജാഗരൂകരായി കാവൽക്കാർ
കുനിഞ്ഞു നിന്ന് കുപ്പായം നേരെയാക്കുന്ന ഏതോ രാജ്യക്കാരി
അരികിൽ അഴുക്കു കുപ്പായത്തിൽ 
വാഹനം കഴുകുന്നവർ 
റെഞ്ച് റോവർനു കീഴിലൂടെ പായുന്ന പൂച്ച
കാറിൽ തണുപ്പിൽ പൂഡിൽ 
യാത്രയ്ക്ക് തയ്യാറായി സഞ്ചാരി
ഹെഡ് ഫോണിനു നടുവിൽ
ചെവികൾ തിരുകി ആ സ്വാതന്ത്ര്യത്തിൽ ചിലർ
ഊന്നു വടിയിൽ വാർദ്ധക്യം താങ്ങി അറബ് കച്ചവടക്കാരൻ
കാലിൽ തട്ടിത്തടഞ്ഞു പോകും പ്രാവിന്റെ തൂവൽ
പാർക്ക്‌ ചെയ്ത വാഹനങ്ങളിക്കിടയിൽ 
പാതി കഴിച്ച ബിയർ കാനുകൾ, പിന്നെ  
വരാമെന്നേറ്റ കാറ്റ് മഞ്ഞ്  മഴ 
അക്ഷമ  അക്ഷമ  അക്ഷമ    

Feb 29, 2016

ഇങ്ങനെയുണ്ടോ ഒരാശ്വാസം ?

തുടരൂ തെരേസാ
മുറിവിൽ നിന്നും മഴവില്ലെടുക്കും
നിന്റെ പരിപാടി.
ഉണരൂ ബോധി വൃക്ഷച്ചുവട്ടിലെ ബാലാ
നേരമേറെയേറെ വൈകി
ചുള്ളി പെറുക്കി കൂട്ടുക നീ,തീ..
നാഴിക കഴിഞ്ഞാൽ വരും തേരുകൾ
മാറിയില്ല ഗുരുവായുരപ്പനെ
കാണാൻ വന്നവരുടെ ജലദോഷം
യേശു തന്റെ കുരിശിൽ നിന്നിറങ്ങി
ദോശ ചുട്ടു തുടങ്ങി
നിങ്ങളുണരൂ..വരൂ
ഇത് തുടരൂ..
തെരേസാ..

Sep 22, 2015

സൂചന സൂചന സൂചന മാത്രം !

പഴയ  മുറികൾ,   
പൂത്തു നിൽക്കും  ഉദ്യാനം പോലെ  സൂക്ഷിചിട്ടോ   
കാലം കൊണ്ടുണ്ടായ  ഫോസിലുകൾ  
കളഞ്ഞു പോവാതെ കൂട്ടിവെച്ചിട്ടോ   
അതാർക്കും  വന്നിരിക്കാനുള്ള കൂടായില്ല 
എത്ര സംവത്സരങ്ങളിൽ മുടങ്ങാതെ വന്നു 
തോരണം തൂക്കിയിയിട്ടും 
അതിലൊരു തൂക്കണാം കുരുവി പോലും 
വന്നു കണ്ടില്ല 
ഒരു ദിവസത്തിന്റെ പുല്ലാംകുഴൽ 
മുഴുവൻ വായിച്ചു കഴിയുമ്പോഴേക്കും 
ആ പക്ഷികൾ പറന്നു മറന്നു പോവുന്നു 
ചാരു പടിയിൽ ഒരു ക്ഷീണിച്ച തേങ്ങൽ 
ശേഷിക്കുന്നു 
പുത്തനുഷസ്സിനു   
മുദ്രാവാക്യം വിളിക്കുന്നതിനു മുൻപ്   
മുള്ളുവേലി  പൊളിക്കുന്നതിന് മുൻപ് 
ഒന്ന് നില്ക്കൂ
ആ ചായ ഗ്ലാസ് എടുത്തു വയ്ക്കൂ  
റേഡിയോ അല്പം ശബ്ദം താഴ്ത്തി വെയ്ക്കൂ ! 

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...