Showing posts with label #ഹാ. Show all posts
Showing posts with label #ഹാ. Show all posts

Nov 11, 2020

ഏറ്റവുമാദ്യം 
ഞാൻ ആ പെൺകുട്ടിയെ 
കാണുമ്പോൾ അവൾ 
പൂക്കൾക്കിടയിൽ 
ഇരുന്നു സംസാരിക്കുകയായിരുന്നു. 

രണ്ടാം തവണ 
കടൽക്കരയിൽ 
കാൽ വിരലുകൾ 
തിരകളിൽ തട്ടിച്ചു 
ചിരിക്കുമ്പോഴായിരുന്നു. 

മൂന്നാം തവണ 
മരങ്ങൾക്കിടയിൽ 
ഊഞ്ഞാലിൽ 
ഉന്മാദിയെപോലിരുന്നു കണ്ടു. 

മലയിടുക്കുകളിലോ 
താഴ്വരകളിലോ 
നാലാംതവണ  
കണ്ടുമുട്ടിയേക്കാം 
എന്നോർത്തിരുന്നു 
പക്ഷെ അതുണ്ടായില്ല.  

അഞ്ചാം തവണ 
ചർച്ച് റോഡിലേക്കുള്ള 
തിരിവിൽ 
വഴിവിളക്കിന് താഴെ 
നിർന്നിമേഷയായി 
ആ അംഗനയെ കാണായി 
അവൾ തവിട്ടിൽ 
കറുപ്പ് വൃത്തങ്ങളുള്ള 
മേൽക്കുപ്പായം 
അണിഞ്ഞു കണ്ടു. 

അടുത്തടുത്ത തവണകളിൽ
അവളെ എവിടെയെവിടെ 
കണ്ടുമുട്ടുമെന്ന് 
കണക്കു കൂട്ടുന്നത് 
പതിവാക്കി രസിച്ചു. 
പുതിയ കുപ്പായങ്ങളിൽ 
അവൾ പലയിടങ്ങളിൽ 
ആവർത്തിച്ചു വന്ന്പോവുന്നു. 

സന്ദർശനങ്ങൾ 
എണ്ണങ്ങളുടെ 
കര കവിഞ്ഞു നീന്തി. 

ഏതൊക്കെ
നേരങ്ങളിൽ 
എവിടങ്ങളിൽ 
അവളവളുടെ 
സാന്നിധ്യം 
തുന്നി വെയ്ക്കുമെന്ന് 
എനിക്ക് കണക്കായി. 

നിശ്ചയങ്ങൾക്കുള്ളിലേക്ക് 
ഒരപരിചിത 
കൃത്യം പാകമാവുന്നു. 
ഓരോ തവണയും 
തെറ്റിപ്പോവാനുള്ള 
സാധ്യതയെ 
മുഴുവനായി 
തകിടം മറിക്കുന്നു. 
എനിക്കുണ്ടാവുന്ന
രസങ്ങളെ കെടുത്തികളയുന്നു. 

എത്രാമത്തെ തവണ 
എന്ന് തീർച്ചയില്ലാത്ത 
അടുത്ത കാഴ്ചയിൽ 
മേഘങ്ങളിലോ 
പവിഴപ്പുറ്റുകൾക്കിടയിലോ 
എന്നോർക്കുന്ന 
എന്റെ സമവാക്യങ്ങളെ 
പാടെ തെറ്റിച്ച് 
അവൾ, 

അടുത്ത ദിവസം
നീലക്കുപ്പായമണിഞ്ഞ് 
പ്രാദേശിക പത്രത്തിന്റെ 
ചരമക്കോളത്തിൽ 
പ്രത്യക്ഷപ്പെടുന്നു.
ശവംനാറിപ്പൂക്കളുടെ 
ഇടയിലൂടെ 
എന്തോ നോക്കിനിൽക്കുന്ന 
ചിരിക്കാത്ത 
ആ പെൺകുട്ടിയോട്  
വളരെ പെട്ടെന്ന് 
പ്രേമം തോന്നുന്ന 
നേരങ്ങളിൽ 

തരസാ അവളെ 
തൊട്ടുനോക്കണം 
എന്നയാഗ്രഹം 
ഞാൻ ജീവിക്കുന്ന 
സത്രത്തിന്റെ 
വാതായനങ്ങൾ 
താണ്ടി വരി വരി
വരിയായി 
വന്ന് കൂടുന്നു. 

അടിക്കടി 
അബദ്ധം പിണയുന്നവൻ 
എന്നയവസ്ഥയിൽ 
ജീവിതം ഉരുട്ടുന്ന ഞാൻ 
ഇത്തരം ഇടത്തരം 
വിചാരങ്ങളെയും 
വെച്ചു പൊറുപ്പിക്കേണ്ടതുണ്ട്. 

അക്കടി പറ്റും നേരങ്ങളിൽ 
പുകവലിയോ മറ്റോ 
പരിചയമില്ലാത്തതിനാൽ 
അടുത്തുകിട്ടുന്ന 
പുസ്തകത്തിന്റെ താളുകൾ 
അതിവേഗത്തിൽ
മറിച്ചു കൂട്ടുക വഴി 
ആശ്വാസം നേടിയെടുക്കുന്നു. 

മറന്നു പോകണ്ട 
എന്റെ പക്കൽ 
പണ്ടു കണ്ട 
കനവുകളുണ്ടെന്ന കാര്യം. 

ഇടറിയ കാലൊച്ചകൾക്ക് 
ശേഷം 
മാംസം ചിതറിയ 
ഇടനാഴികളിൽ 
ഓർത്തോർത്തുകൊണ്ടിരിക്കെ 
മഞ്ഞ നിറമുള്ള ട്രാം കണക്കെ 
കവിതയിലോ മറ്റോ 
കയറ്റി വിട്ടാലോ 
എന്നാലോചിക്കെ, 
പെൺകുട്ടീ 
നീ കാണാതെ പോയി 
നിന്നെ കാണാതെയായി 

കാണാതായ കുന്തങ്ങളെ 
കുടത്തിൽ തപ്പി 
ശീലിച്ച ജനത 
എന്ന നിലയ്ക്ക് 
കറുത്ത കോട്ടിന്റെ 
കീശയിൽ കൈ തിരുകി 
നിശബ്ദതയിൽ ഈണം 
നഷ്ടമായവളെ 
തിരഞ്ഞു പോവുന്നു. 

പത്താം പ്രേമത്തിലും 
പൂവ് പോലെ 
ഞെട്ടറ്റുവീണവന്റെ ശവം 
അവൾക്കു ചുറ്റും 
നിരന്നുനിന്ന പൂക്കളിൽ 
കിടന്നു നാറുന്നു.

Sep 25, 2020

ഉപ്പും മീനും 

മോഷണകലാ 
വിദ്യാർത്ഥിയായ 
ഒരാൾ 
പുതിയ വീടുകളെ 
പ്രണയിക്കുന്നു 
മേലാസകലം 
ഇരുട്ട് പൂശി
കടന്നു ചെല്ലുന്ന 
അറകളിൽ 
തിരികെ 
ചെല്ലാതിരിക്കാൻ
അയാൾ അവിടെ 
ആത്മാവിനെ 
കൊരുത്തുവെയ്ക്കുന്നു.
ഓരോ രാത്രിയിലും 
അയാളെ 
തിര്യക്കുകൾ 
കാത്തിരിക്കുന്നു. 
അയാൾക്ക് വേണ്ടി 
പാടുന്നു.
  
തീവണ്ടിപ്പാളങ്ങളിലെ 
ചതഞ്ഞ ഹൃദയങ്ങളുടെ 
അവസാന മിടിപ്പുകൾ 
അയാളെടുക്കുന്നു. 
അവസാനത്തെ 
ഡേയ്സിപ്പൂ വാഗണുകളുടെ 
ചക്രങ്ങളിൽ നിന്ന് 
അയാൾ 
ആരെയും രക്ഷിച്ചില്ല.

പ്രേമങ്ങളിൽ 
പട്ടുനൂൽപ്യൂപ്പകൾ 
എന്ന കണക്കിൽ 
അവയെ 
ആവശ്യങ്ങളായിക്കണ്ടു.
ഇരുട്ടിൽ അവരെ 
കൂട്ടായി കരുതിയില്ല 
മരണങ്ങളെ അയാൾ
യാത്രകളായി 
കാണുന്നു.

രാത്രികളുടെ 
ഉടലുകളിലേക്ക് 
കൂടു വിട്ടു 
കൂടു മാറി അയാൾ  
പ്രേമിച്ചു, 
അനുരാഗങ്ങളിൽ 
അയാൾ 
ഭവനങ്ങളിൽ
അടുക്കള തിരഞ്ഞു 
വരാൽ വറുത്തത് 
അയാളെക്കാത്ത്
അവിടങ്ങളിലാകെ 
തണുത്തിരുന്നു.

സ്പർശനത്തിൽ 
പൂത്തുതളിർക്കുന്ന 
പൂട്ടുകളിൽ 
ചുണ്ട് ചേർത്ത് 
ചുംബനങ്ങൾ 
നിറച്ചു വെച്ച് 
അയാൾ തന്റെ 
കാമിനിമാരെ 
തൊട്ടു.
അവർ കൊടുത്ത 
സ്നേഹത്തിൽ
അടിക്കടി തോറ്റു.
തുടർച്ചയായി 
നാട് വിട്ടുകൊണ്ടിരുന്നു.

വീടുകൾ 
അയാളെ 
ഒളിപ്പിക്കാൻ 
കൊതിച്ചു.
പ്രണയികളുടെ 
വീടുകളിൽ 
അയാൾ 
ഉറങ്ങാതിരുന്നു
പ്രേമമൊഴിഞ്ഞ 
അറകളിൽ 
ശേഷിപ്പു തേടുന്നു.

ശ്വാസമായും 
സ്പർശമായും 
ദൃഷ്ടി വീഴ്ത്തിയും 
വീട് തീണ്ടുന്നു.

ഈ നിലയിൽ 
അയാൾക്ക്
പ്രേമത്തിലും 
ചോരണത്തിലും 
മെഡലുകൾ 
കിട്ടിയേക്കും 
ഏറ്റവും പ്രിയപ്പെട്ട 
വീട്ടിലുപേക്ഷിക്കാൻ 
അയാളത് 
രാത്രികളിൽ 
യാത്രയിൽ കൂട്ടുന്നു.

Sep 17, 2020

 അയാൾ 

നൽപ്പത്തിയൊൻപത് കവിതകൾ 
എഴുതിയ ദിവസം  
ആംബ്രോസ് പുണ്യാളൻറെ 
പെരുന്നാളായിരുന്നു. 

മട്ടാഞ്ചേരിയിലെ 
തെരുവിൽ 
വിരിഞ്ഞു നിന്ന 
ചെമ്പരത്തിചില്ലയിൽ 
അപ്പോൾ ഹൃദയം 
പൂത്തുപൂവിട്ടതായി 
കാണപ്പെട്ടു. 

ലൂയിസേട്ടന്റെ 
ബാൻഡ് സംഘം 
റിക്കി മാർട്ടിനെ 
ഡ്രമ്മിൽ പെരുപ്പിക്കുന്നു.
അവർ ബ്യൂഗിളിൽ 
ചുണ്ടമർത്തുമ്പോൾ 
ഞാൻ കണ്ണടച്ചു.
 
ജോസഫീന്റെ  
മുലക്കണ്ണുകളിൽ 
പൂമ്പാറ്റകൾ 
ധൃതിയിൽ അവ
ഋതുക്കൾ തിരയുന്നു.
അവളിതൾ 
പൊഴിയുന്ന 
അതിപുരാതനമായൊരോർമ.

റഷ്യൻ കലാപത്തിലെ 
 ശലഭങ്ങളെക്കുറിച്ചുള്ളതായിരുന്നു 
നാൽപത്തിയോൻപതാമത്തെ 
കവിത.
അത് ചൊല്ലുമ്പോൾ 
അവൾ 
സാൻ റെമോയിൽ 
സൈക്കിൾ ചവിട്ടുകയായിരുന്നു.

ആക്ഷ്മികമായി 
വിമോചിപ്പിക്കപ്പെട്ടവരുടെ 
ഘോഷയാത്ര 
സംഭവിക്കുന്നു 
വിജുഗീഷുവായ 
പോരാളിയായി 
ഞാൻ നിന്നു 
വീണു പോയവരിൽ 
വിശപ്പ്‌ തിരഞ്ഞു.

 ആ നഗരത്തിലെ എന്റെ 
നല്ല ചങ്ങാതിമാർ 
മരിച്ചവരായിരുന്നു 
സെമിത്തെരിയ്‌ക്കരികിലെ 
റോഡിലൂടെ 
സൈക്കിൾ ചവിട്ടുമ്പോൾ 
അവരവൾക്ക് 
സലാം ചൊല്ലി 
വഴി കാണിക്കുന്നു.

May 21, 2020

ഉയിരെടുക്കൽ ക്രിയകളിൽ 
വ്യാപാരിച്ചിരുന്ന 
കാലത്ത്  
ഓഹിയോയിൽ 
ഒരാളുടെ 
കഥ കഴിക്കേണ്ടതുണ്ടായിരുന്നു 
അവന്റപ്പൻ തന്ന 
അസൈന്മെന്റായിരുന്നു  

അർധരാത്രികളിൽ 
വളർത്തുമൃഗങ്ങളെ 
ഭോഗിക്കുന്നവൻ 
ഭൂമുഖത്തു വേണ്ടെന്നു 
അയാൾ തീരുമാനിച്ചു  
മർഡർ എന്ന പൂഡിൽ 
ഗോവണിപ്പടിയിൽ
ഒച്ചയില്ലാതെ കിടന്നത് 
അപ്പനെ തരിപ്പിച്ചു കളഞ്ഞിരുന്നു

മർഡർ അയാളുടെയും 
വീടിന്റെയും നാദമായിരുന്നു. 
സൂറിനാമിലെ പൂമ്പാറ്റകൾക്ക് 
അവനെ തിന്നാൻ 
കൊടുക്കാമെന്നായിരുന്നു 
അപ്പനാദ്യം കരുതിയത് 
കരുത്തു ചോർന്നിട്ടില്ലെങ്കിലും 
അയാളത് ചെയ്യാതെ 
അധികം പണത്തിൽ 
എന്നെയേൽപ്പിച്ചു.

പാലെറ്റും ഡ്രംസ്റ്റിക്കും 
മാറിമാറി കയ്യിലേന്തുന്ന 
മകന്റെ യാത്ര 
അത്രഎളുപ്പമാവില്ല 
എനിക്കറിയാമായിരുന്നു
മഞ്ഞക്കോട്ടണിഞ്ഞവൻ 
പതിവായി നടക്കാനിറങ്ങുന്ന 
പാലത്തിൽ വെച്ച് 
ഉയിരെടുക്കാൻ 
ഞാൻ ഉറച്ചു. 

കഴുത്തിൽ മഫ്ളർ 
അണിഞ്ഞു 
കറുത്ത തൊപ്പി വരച്ചു. 
കാത്തു നിൽക്കവേ 
ഒരു പുകയെടുക്കാൻ കൊതിച്ചു 
ബീഡി ചുണ്ടിൽ വരച്ചു
അടുത്ത് നിന്നവൾ  
തീ പകർന്നു തന്നു.

അവളുടെ നീണ്ട 
വിരലുകളെ നോക്കിയപ്പോൾ  
അവൾ വന്നത് 
എന്റെ യാത്രക്കാണെന്നു തോന്നി 
അധികം വൈകാതെ 
അവളത് ചെയ്തേക്കാം എന്ന് ഗ്രഹിച്ചു.
ഞാൻ മൃഗങ്ങളെ 
ഭോഗിക്കാറില്ലല്ലോ 
എന്നോർക്കുമ്പോൾ 
ചിരിവരുന്നു.

കൊലക്ക് ശേഷം 
നിലാവിൽ ചെന്നു 
നിൽക്കുന്നവരെക്കുറിച്ചാലോചിച്ചു 
അവർ കണ്ണിൽ വളർത്തുന്ന 
ഫലസൂനങ്ങളെ കണ്ട കാലം 
ഉള്ളിൽ നിറഞ്ഞു 
ഈ നേരം അശ്രദ്ധ 
ആയുസ് കുറയ്ക്കും 
തിടുക്കത്തിൽ തീർപ്പാക്കണം  
അവളുടെ കാര്യം 
നോക്കാമെന്നുറച്ചു 
പിന്നെയും ചുണ്ടിൽ 
ബീഡി വരച്ചു.
 
അവൾ നീണ്ട 
വിരലുകൾ നീട്ടി 
പെട്ടെന്നതിൽ 
ചുംബിച്ചുനോക്കി 
പുച്ഛം പൂത്ത മുഖം കണ്ടു 
രക്ഷയില്ല.  
ചുംബനങ്ങൾ 
സ്മൃതി പഥങ്ങളിൽ നിറഞ്ഞു 
പുച്ഛത്തിന്റെ പൂക്കളിൽ 
ഉയിര് പറിഞ്ഞു.
ഉന്നം മുറിഞ്ഞു. 
മരിച്ചേക്കാമെന്ന് നിശ്ചയിച്ചു.
 
ഉടനടി നഖങ്ങൾ 
കഴുത്തിലാഴ്ന്നു 
കാര്യം പറയാനൊരുങ്ങവേ 
അവൾ ചിരിക്കുന്നു.
ഇടതു കൈ തുറന്നു കാട്ടി
മരിച്ചവന്റെ മാല തിളങ്ങുന്നു 
കാത്തു നിന്നവൻ 
ഈ വഴിയിനിയില്ല  
അവന്റെ താളം 
ഓഹിയോ ഓർക്കസ്ട്രയെടുത്തു.
  
അവളുടെ ചിരിയിൽ 
ഞാൻ ആഹ്ലാദിച്ചു 
പണമിരിക്കുന്ന ഇടം 
പറഞ്ഞു കൊടുത്തു 
ചങ്കിൽ നിന്ന് 
ചോരയൊലിക്കുന്നുണ്ടായിരുന്നു.
രക്തഫലസൂനങ്ങളുടെ 
ഗന്ധം നൽകി 
അവൾ പോയി.
 
പാലത്തിൽ ഞാൻ തനിച്ചായി 
അപ്പന്റെ വീട് നോക്കി നടക്കുന്നു. 
എന്റേതല്ലാത്ത കുറ്റം 
ഇന്ന് ഞാനേൽക്കും. 

May 14, 2020

കുന്നംകുളം അങ്ങാടിയിലെ 
ചുമട്ട്കാരൻ ലോന 
പാറെമ്പാടം കപ്പേളയ്ക്ക് 
ചുവട്ടിലിരുന്നു 
ആഞ്ഞാഞ്ഞു 
വലിക്കുകയായിരുന്നു 
കൊഹിബ എന്ന 
ക്യൂബൻ സിഗാർ. 
അതയാൾക്കിഷ്ടമില്ലാത്ത 
മകൻ അവധിക്ക് 
വന്നപ്പോൾ കൊണ്ട്
കൊടുത്തതായിരുന്നു 
അപ്പന്റെ ചങ്കിലെ 
ചീഞ്ഞ വിപ്ലവത്തിന് 
ക്യൂബൻ സിഗാർ 
കനല് കോരുമെന്ന് 
അയാൾക്കറിയാം.

പൊടുന്നനെ ലോന 
പൊട്ടിക്കരഞ്ഞു.
അത് 
പൂച്ചക്കണ്ണുള്ള 
അയാളുടെ മകൾ 
പാമ്പ് കൊത്തി ചത്തത് 
കൊണ്ടായിരുന്നില്ല.
ഇഷ്ടമില്ലാത്ത മകൻ 
കരണം പുകച്ചതു കൊണ്ടുമല്ല 
പത്താം വയസിൽ 
ചുട്ടുപഴുത്ത ജീവിതം 
ചെരുപ്പിടാതെ ചവുട്ടിവന്ന 
അയാൾക്കിതൊക്കെ 
പുല്ലായിരുന്നു.

മുളങ്കൂമ്പു തിന്നുന്ന 
പാണ്ടയെ പോലെ 
അയാൾ തന്റെ  
വ്യഥകളെ രുചിച്ചു.
സിഗാർ ആഞ്ഞു വലിച്ചു 
കണ്ണീരണിഞ്ഞു 
മഞ്ഞനിറമുള്ള 
വഴിയരികിലെ കപ്പേള 
അയാളുടെ 
വിലാപങ്ങൾ 
ഉള്ളിലെടുത്തു വെച്ചു.

വർഷങ്ങൾക്ക് മുൻപുള്ള 
മഴകളെ ഓർത്തു 
കയറുവലിച്ചോടിയ 
എരുമയുടെ പിറകിൽ 
അയാൾക്ക് വേദനയിൽ
അവളൊഴുകി.
കണ്ട കാഴ്ച്ചയിൽ 
ഉള്ളുലഞ്ഞു 
അയാൾ 
ലാങ്കിപ്പൂക്കളെ 
മറന്നു കളഞ്ഞു

ആ എരുമ 
ഞാറായഴ്ചയിലേക്ക് 
ജീവിച്ചു 
ലോന പേരറിയാത്തവളുടെ 
കൊന്തക്കുരിശിലേക്ക് 
രൂപപ്പെട്ടു
തെങ്ങിൻപ്പറമ്പുകളിലും 
വാഴത്തോട്ടങ്ങളിലും 
എരുമയെ കൂടാതെ 
അവർ കണ്ടുമുട്ടി 
അപ്പൻ ലോനയുടെ 
നെഞ്ചിനു വെട്ടി 
ലോന 
ഞായറാഴ്ചകളെ താണ്ടി 
അവളുടെ പ്രേമത്തിൽ 
അതിജീവിച്ചു. 
കണ്ടമാനം 
കുർബാനകൾ കഴിഞ്ഞു 
അടുപ്പമുള്ളവർക്ക് 
അയാൾ 
അപ്പം വിളമ്പി.

ലോനയെ വിപ്ലവം കൊണ്ട് പോയി
അങ്ങാടിയിൽ 
അയാൾ അറിവുകെട്ടവനായി 
നെറിവുകെട്ടവരുടെ 
വികാരങ്ങൾക്കിരയായി 
മൊരിഞ്ഞ വരാല് കണക്കെ 
അയാളൊരിക്കൽ 
തിരിച്ചെത്തി 
അവൾക്ക് കൊടുത്ത
ഹൃദയം പാതി നിലച്ചു
ഓർമകളിൽ അയാളത് 
തിരികെ കൊടുക്കാൻ 
ശ്രമിച്ചു കൊണ്ടിരിന്നു.

ലോന വൈദ്യന്മാർക്ക് 
വിത്തായി 
അയാൾക്കുണ്ടാവാത്ത  
മക്കൾ അയാളെ 
അങ്ങനെ വീതം വെച്ചു. 
ലോന ചുമടെടുത്തു.
ഓർമകളിൽ അവൾക്ക് 
ഹൃദയം കൊടുക്കാൻ 
ശ്രമിച്ചു കൊണ്ടിരുന്നു.
കാലം കാടായും 
മഴയായും അയാളെ തടവി
കടന്നു പോയി. 

കപ്പേളയ്ക്കരികിൽ 
ലോന 
ഇതാ കരച്ചിൽ നിർത്തി 
അയാളുടെ  ഓർമകളിൽ 
വറുത്തു കോരിയ 
ഹൃദയത്തിന്റെ ചൂടിൽ
അവളുടെ ചുണ്ട് പൊള്ളി
വിലപിടിച്ച ചായം തേച്ച കണക്കിന് 
അത് ചുവന്നു മിന്നി.

വർഷങ്ങൾ പൂത്ത പൂക്കളിൽ 
പുതഞ്ഞു നിന്ന പുത്തൻ ഹൃദയമെന്നു 
നീയൊക്കെ അത് തെററി വായിച്ചു.
ദൂരയാത്രയ്ക്ക് മുമ്പ്  നൽകിയ 
അമ്ലഗുണമുള്ള പാനീയങ്ങൾ 
ഖേദിക്കുന്നവന്റെ ആമാശയത്തിനു 
ചേർന്നുപോയില്ല 
അയാൾ 
ആകാശങ്ങളെ സ്വപ്നം കണ്ടു 
ദുരിതങ്ങളിൽ പട്ടുകുട ചൂടി 
അമ്പുപെരുന്നാളിന്‌ 
ക്ളാരനെറ്റൂതി 
കണ്ണിൽ ചുവന്ന 
അരങ്ങുകൾ മിന്നി 
വായിലൂടെ 
കുരിശേറിയവന്റെ 
ചോരയൊഴുകി 
അപ്പം നടുമുറിഞ്ഞു 
പ്രിയപ്പെട്ടവർക്കും 
അല്ലാത്തവർക്കും വീതിച്ചു.
മരമില്ലാതെ മണ്ണിലേക്ക് 
മടങ്ങിപ്പോയി.

ഓർമകളിൽ അവൾ 
അയാളുടെ ഹൃദയം സ്വീകരിച്ചു

Apr 23, 2020

മറിഞ്ഞു പോയ
പുസ്തകളിൽ
ഗന്ധം
തിരഞ്ഞു ചെല്ലാൻ
മാത്രം കഥകൾ
നഷ്ടപ്പെട്ടവരെന്ന
നിലയിൽ
ഗോതമ്പുപാടങ്ങളിൽ
ആശ്വാസം
തിരഞ്ഞു നടന്നവരെ
കാലം കണ്ടെടുക്കുന്നില്ല
ഉപദ്രവങ്ങളിൽ
ജീവിതം
തിരഞ്ഞുപോയവർക്ക്
ഇനിയും
തിരിച്ചെത്താനായില്ല
സ്വൈര്യനേരങ്ങളിൽ
അവർക്ക്
സംഗീതമില്ലാതെ
പോകുന്നു
ഓമനിക്കപ്പെടാതെ
മായുന്ന
മഞ്ഞുകാലം
അവരുടെ
നഷ്ടങ്ങളിൽ
കൂടു വെയ്ക്കുന്നു.
ഉടലുകളുടെ
തടവിൽ
തുടരുകയും
ചുംബിക്കപ്പെടുകയും
നഷ്ടപ്പെടുകയും
ചെയ്യുന്നു.
സങ്കൽപ്പങ്ങളിൽ
അവർ
തിരച്ചിൽ തുടരുന്നു.
1
ഇടവേളകളിൽ
നൃത്തം
നഷ്ടപെട്ടവരെന്ന
നിലയിൽ
നമ്മൾ
ചലനസംഹിതകളിൽ
ചെമ്പരത്തിപൂവിന്റെ
തണ്ടുകൾ
തിരയുന്നു
കെട്ട നേരത്തിന്റ
കാൽപ്പാടുകളിലൂന്നി
ചുവടുകൾ മറന്ന്
ഹേമന്തങ്ങളിൽ
മറ്റുപൂന്തോപ്പുകളുടെ
മാറ് തിരയുന്നു
ഋതുക്കളിൽ
നഷ്ടമായ നൃത്തം
തിരയുന്നു.
2.
നമ്മൾ ശവങ്ങൾ
പരോപകാരികൾ
ശരറാന്തൽ
വെളിച്ചമണഞ്ഞവർ
യാത്രയിൽ
ശ്വാസം നശിച്ചവർ
വിനോദങ്ങളിൽ
നമ്മുടെ ഓർമ്മകൾ
ആരുടെയോ
കപ്പലിന് കാറ്റാവുന്നു.
3.
സഞ്ചാരങ്ങളിൽ
നഷ്ടമായ
യാക്കുകൂട്ടങ്ങളെ
ഗ്രാമങ്ങളുടെ
മറ പറ്റിയോർക്കാൻ
ശ്രമിക്കുന്നത്
അല്പം വലിയ
അബദ്ധമായിമാറി
മുഴക്കങ്ങളിൽ
മാറ്റൊലികളിൽ
അവർക്ക്
വരവറിയിക്കാനാവില്ല
സ്വന്തം മാറാപ്പുകളിൽ
നിന്ന് പറന്ന പക്ഷികൾ
നിന്റെയോർമ്മകളിലെ
യാക്കുകൂട്ടങ്ങൾക്ക്
വഴി കാണിക്കില്ല
തൂവലുപേക്ഷിച്ചും 
ചിറകുകളഴിച്ചുകളഞ്ഞും
നിങ്ങൾക്കവയെ
ഓർക്കാൻ ശ്രമിക്കാം
ഗദ്ഗദങ്ങളുടെ
ഒച്ച കൊണ്ട്
നിങ്ങളതിജീവിക്കുമെങ്കിൽ..

Dead End

മരിച്ചുപോയ
കാക്ക
ആരുടെയും
സ്വപ്നത്തിൽ
സാഹിത്യമെഴുതുന്നില്ല
മറന്നു പോയവരുടെ
നെയ്യപ്പങ്ങൾ
കൊത്തിയെടുത്തു
പറക്കുന്നില്ല
മാനസങ്ങളിൽ
മുറിവുകൾ
വൃത്തിയാക്കുന്നില്ല
കടങ്കഥകൾക്കു-
ത്തരമാവുന്നില്ല
സ്വന്തം ജഡാവസ്ഥയെ
ഒളിച്ചു വെച്ചുകൊണ്ട്
പലരുടെയും
കണ്ടെത്തലുകൾക്ക്
പാത്രമാവുക മാത്രം
ചെയ്യുന്നു.
നവംബറുകളിൽ
ഇളങ്കോ
തന്റെ നഗരം
വിട്ടു പോവും
അതല്ലെങ്കിൽ
നവംബറുകളിൽ
അയാൾ
ഒരിക്കലും
നഗരങ്ങളിലേക്ക്
മടങ്ങി വന്നില്ല
ആ മാസത്തിന്റെ
ശിഥില ശബ്ദങ്ങളെ
അയാൾ
ഇഷ്ടപ്പെട്ടു പോന്നില്ല.


നിലവിളിയുടെ
അലകൾ നിറഞ്ഞ
മാസം മായ്ച്ചു കളയാൻ
അയാൾ ആകപ്പാടെ
കൊതിച്ചു കൊണ്ടിരുന്നു.
തൊണ്ടയിൽ
നിന്നിറങ്ങാതെ വിധം
അത് അപ്പക്കഷങ്ങളെ
തടഞ്ഞു വെച്ചു.
കാലു ചിതറിയ
കുഞ്ഞിന്റെ ത്യാഗം
അയാളുടെ പാട്ടിൽ
പ്രത്യക്ഷപ്പെട്ടില്ല.


ഇളങ്കോ
ശിശിരത്തിനു
മുൻപേ ആ മാസത്തെ
കലണ്ടറുകളിൽ നിന്ന്
കുടഞ്ഞു,
കളഞ്ഞു കൊണ്ടിരുന്നു.


ഭൂഖണ്ഡങ്ങളിൽ
ജീവിതം തിരഞ്ഞു
ഭൂതകാലങ്ങളിൽ
മത്തുപിടിച്ചവരെ പോറ്റി
മലയിടുക്കിൽ
യാക്കുകൾക്ക്
പുല്ലരിഞ്ഞു കൊടുത്തു
വേനലിൽ
വല്ലാതെ വിതുമ്പി
മഴയിൽ
മലകൾ കയറി
സഞ്ചാരികൾക്ക്
സമ്പൽ ഉണ്ടാക്കി.
എന്നിട്ടും
ആ മാസം
അയാളുടെ
ജീവിതത്തിനു
പാകമായില്ല.


നവംബറിന്റെ
വിനോദങ്ങൾ
അയാളിലേൽപ്പിക്കുന്ന
ക്ഷതങ്ങൾക്ക്
നഗരജീവിതത്തിന്റെ
പുല്ലാങ്കുഴൽ
മരുന്നാകുമെന്നോർത്തു
മറ്റൊരു വേനലിനെ
വെറുത്തു
മാനസങ്ങളിൽ
മധുരകാലങ്ങളെ
ഓമനിച്ചു.
മുഴുവൻ ദുഃഖങ്ങളു-
മുപേക്ഷിച്ചു
മറ്റു മനുഷ്യരിലേക്ക്
മനസ്സ് പായിച്ചുകൊണ്ടിരുന്നു.
ബ്രഷുകൾക്കിടയിലും
തുടയിടുക്കിലും
കളഞ്ഞു പോയ
സങ്കല്പങ്ങൾ
തിരഞ്ഞെടുത്തിരുന്ന
കണ്ടമാനം തരം
മൈക്കലാഞ്ചലോമാർ
മെരുങ്ങി നിന്നിരുന്ന
മൊൺസലിനോ തെരുവിൽ
അവർ ആ
റൊമേനി പെൺകുട്ടിയുടെ
മുടി ചാരനിറത്തിൽ
വരയ്ക്കുന്നു,
അവളുടെ
ശാപവാക്കിൽ
സ്വയം കണ്ടെത്തുന്നു
നഷ്ടപെട്ട ഉന്മാദം
ഒരു ചുവപ്പൻ
ഷെവർലെ കാറിൽ വരുന്നു
കാണാതെ പോയ 

ബസ്‌സ്റ്റോപ് എന്ന
ഉപമയിൽ എന്നോ
കണ്ടുമുട്ടിയിരുന്നു
നമ്മൾ
എന്ന് 

കരുതാനൊരുങ്ങവേ
അവളാ ബ്രഷ്
അങ്ങനെ 

എറിഞ്ഞു കളഞ്ഞു.
ഒരു കൂട്ടം 
ഗഗനചാരിപക്ഷികളുടെ
ആകാശമലിഞ്ഞുപോയി
മരങ്ങൾ മാഞ്ഞുപോയി
നിശാനിറങ്ങളിൽ
ബ്രഷില്ലാത്തവരായിനിൽക്കെ
രാത്രികളവരെയോർക്കാതെപോയി
നാടും നഗരവും
ക്യാൻവാസുകളും
കക്കൂസുകളും
കയ്യൊഴിഞ്ഞവരായി
ശീതകാലമരണങ്ങളുടെ
ഈർപ്പം നിറഞ്ഞ
ബസ്റ്റോപ്പിൽ
നിർന്നിമേഷരായി 

അവരതാ
കാത്തു നിൽക്കുന്നു
മൈക്കലാഞ്ചലോ
മൈക്കലാഞ്ചലോ
വിവാമോസ് എൻ എൽ അമോർ
(vivamos en el amor)

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...