Apr 11, 2020

1.
പണ്ട് കാലത്തെ 
ഞാനിരുന്ന വീട്
ഇപ്പോൾ 
കിടക്കുകയാണ്
തലമുറകൾ 
താന്തോന്നിത്തരങ്ങൾക്ക്
വഞ്ചി കുത്തിയ 
തോടായിരുന്നു.
പറവകളും 
പരുന്തുകളും 
ചിറകൊതുക്കുകയും 
പറക്കുകയും ചെയ്തയിടം.
വീടിപ്പോൾ കിടക്കുകയാണ്
ഒന്നിച്ചു പൂത്ത പൂക്കൾക്കടിയിൽ
ചിരിച്ച്.

2.
തിരക്കുള്ളൊരു 
നഗരത്തിൽ 
ഞാൻ പാർത്ത ഒരു വീട്
ഇപ്പോൾ ചിത്രം വരയ്ക്കുകയാണ്
ബുദ്ധനും ചാപ്ലിനും
മുഖം നോക്കുന്ന 
ചുവരുകളുള്ള വീട്
കാഫ്ക
കണ്ണാടി നോക്കി
മുടി ചീകുന്ന
മുറിയുള്ള വീട്
വിഷാദരോഗി
വിതച്ച 
വിനോദത്തിന്റെ വിത്തുകൾ 
നിറഞ്ഞു കിടന്നയിടം
ഇപ്പോൾ
മുല്ലൈത്തീവിലെ 
മുരുഗവേലിന്റെ അനിയന്റെ 
വെങ്കായ ഗോഡൗൺ ആണ് 
ഗോഡൊക്കെ 
എന്നേ ഡൗൺ ആയിപ്പോയവരുടെ 
കടയ്‌സി കച്ചിത്തുരുമ്പ്.

3.
നഗരത്തിരക്കിന് 
പിന്നിലെ കീലടിച്ച
വഴിക്കരികിൽ
രണ്ടാം നിലയിലെ
വീട്ടിൽ എനിക്കൊപ്പം
ഇസഡോറ ഡങ്കനും
റോസാ ലക്‌സംബർഗും
ഹമ്മർ സൈക്കിളുമുണ്ടായിരുന്നു.
ഭംഗിയുള്ളൊരു 
താടിക്കാരൻ സുഹൃത്ത്
തിയറ്റർ പണിതു തന്നയിടം.
ഡ്യൂൺഹിൽ സിഗരറ്റിന്റെ 
ണമുള്ള മുറികളിൽ 
വീരപ്പനും
പാബ്ലോ നെരൂദയും
വിൻസെന്റും 
ബോബ് മാർലിയും 
എനിക്ക് മുൻപേ 
ജീവിതം തുടങ്ങിയിരുന്നു.
റമ്മും വികാരങ്ങളും മാത്രം 
ജീവിതത്തിൽ 
ഉണ്ടായിരുന്ന ഒരുത്തൻ
നാലാമത്തെ പെഗ്ഗിൽ
പിണങ്ങിപ്പോയൊരിടം
വാട്ടകറുവാട് 
കൊണ്ടുണ്ടാക്കിയ 
ശ്രീലങ്കൻ രുചി കൂട്ടി 
ഞാനാദ്യം ചോറുണ്ടയിടം.
ഇപ്പോൾ
ഗാസയിൽ നിന്ന്
ജീവൻ മിച്ചം കിട്ടിയവരുടെ 
കുട്ടിയുടെ ചിരികൾ
ധ്വനിക്കുന്നുണ്ടാവണം.
അവർ 
നമുക്ക് നേരെ 
വിരൽ ചൂണ്ടുകയില്ല.

4.
ചരിത്രവും 
സംഗീതവും
കലയും 
നിറഞ്ഞു തുളുമ്പിയ 
നഗരത്തിലെ
മറ്റൊരു വീടും ഞാനും
ഒന്നിച്ചു കുറച്ചുകാലം
പരിപ്പ് 
പാചകം ചെയ്ത് 
ഴിക്കുമായിരുന്നു.
ചുവരിൽ 
ഈ മഹാരാജ്യത്തിന്റെ
ചരിത്രത്തുണ്ടുകൾ
ഒട്ടിച്ചു വെച്ചയിടം.
കറുത്തനിലമെന്നു
അവളാദ്യം കെറുവിച്ചയിടം
പിന്നെ പ്രണയിച്ചയിടം.
എല്ലാ യാത്രകൾക്കുമൊടുക്കം
വന്ന് വീണയിലകളെ
പച്ചയാക്കി കാത്തയിടം
ബസ് ടിക്കറ്റുകളും
മെട്രോ ബില്ലുകളും
കൂട്ടിവെച്ചയിടം.
ദുഷാമ്പിനെയും
റംബ്രാൻഡിനെയും
ജെറാഡ് റിക്തറേയും
പദ്മിനിയെയും
മറ്റനേകരെയും സു
പരിചയപ്പെടുത്തിയ,
ആഗ്നസ് വർദയെ
പൊയ്കയിൽ അപ്പച്ചനെ 
പിന്നെയുമനേകരെ
എമ്മാർ കാണിച്ചു തന്നയിടം.
ബ്രോകോഡ് കുപ്പികൾക്കൊപ്പം 
വളരെവൈകി നമ്മൾ 
ഉറങ്ങിയുണരാണ്ടായിരുന്നയിടം.
ഇപ്പോൾ 
പൗരത്വമില്ലാത്തവരായേക്കാവുന്ന 
ഇന്ത്യക്കാരിലാരോ
ആയിരിക്കണം
കാലുഷ്യങ്ങളുടെ നഗരത്തിലെ 
പലായനം ചെയ്തിട്ടില്ലാത്ത 
അഭയാർത്ഥി.
ബുക്കുകൾ മറിച്ചു നോക്കി 
ദിനങ്ങൾ
കഴിക്കുന്നവരുടെയിടം.
അവരെക്കൊണ്ട്
നിങ്ങൾ ന്യായമായും
ഭയപ്പെട്ടുതുടങ്ങും.

ഇനി പറയാൻ
എനിക്ക് വീടില്ല.
ദുരിതകാലങ്ങളിൽ തണൽ തന്നയിടങ്ങളുടെ
കുറിപ്പുകളുടെയവസാനത്തിൽ
സത്യത്തിൽ
ഒരിക്കലും എനിക്ക്
വീഡുണ്ടായിരുന്നില്ല.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...