Nov 30, 2019

ഹാ ലൂസിയുടെ നേഷൻ 


ലൂസീ 
കാശ്മീരി ഗെയ്റ്റിൽ നിന്നും
മാളവ്യ നഗറിലേക്കുള്ള 
യെല്ലോ ലൈനിൽ 
മെട്രോ തീവണ്ടിയിൽ നിങ്ങൾ
മാർക്വേസിനെ കണ്ടുമുട്ടുന്നു.
തിങ്ങിയ തിരക്കിനിടയിൽ
അയാളുടെ ഏകാന്തത 
നൂറിലധികം വർഷങ്ങൾ 
പിന്നിട്ടു നടന്നായി കാണപ്പെടുന്നു . 
അയാളുടെ ഉത്തരേന്ത്യൻ ഷോപ്പിംഗ് ബാഗ് 
നിറയെ ഓറഞ്ചുപഴങ്ങൾ
വളരെ സന്തോഷവാനായി 
കാണപ്പെട്ട മാർക്വേസ് 
തനിക്ക് ലഭിച്ച സീറ്റ്
ത്യജിക്കാൻ ശ്രമിക്കുമ്പോൾ
ചെവിയിൽ വെളുത്ത ഇയർ പോഡ്
ധരിച്ച ചെറുപ്പക്കാരൻ
ആ നീക്കത്തിൽ അയാളെ 
പരാജയപ്പെടുത്തുന്നു.
അവർ പരിചയപ്പെടുന്നു.
രണ്ടു പേരും ഒന്നിച്ചിരുന്നു 
യാത്ര ചെയുന്നു  
സദാ തിരക്കുള്ള മെട്രോയിൽ 
സദാചാരക്കാരുടെ വിഹിതത്തെ 
കണക്കിലാക്കാതെ
ആയിരക്കണക്കിൽ ഏകാന്തതകൾ
വർഷങ്ങൾ പിന്നിട്ടു പോരുകയാണ്.
അന്നേരം
മുന്നിൽ തുറന്നിട്ട കുപ്പായത്തിലൂടെ 
മാർക്വേസിന്റെ നെഞ്ചിലെ 
വെള്ളിരോമങ്ങളെ നോക്കുന്ന 
നിങ്ങളെ 
മാർക്വേസൊ മറ്റുള്ളവരോ 
കാണുന്നേയില്ല 
വയസ് പറ്റിയ ഏകാന്തതകൾ 
പേറുന്നവർക്ക് 
അതിനു പാകമില്ല 
എന്നോർക്കുകയല്ലാതെ 
നിങ്ങളെ ക്രൂശിക്കുകയൊന്നുമില്ല
അതു  നിങ്ങൾക്കൊരു ജേശുദേവൻ 
ആവാനുള്ള കെൽപ്പുണ്ടെങ്കിൽ പോലും. 
പറഞ്ഞു വന്നതതല്ല
നിങ്ങൾക്ക് മുന്നിൽ മാർക്വേസ്
ഓറഞ്ചു പഴങ്ങളുടെ നിറങ്ങൾ
സന്ധ്യയിൽ ഇറ്റിച്ചു ചേർക്കുകയാണ് 
ഇപ്പോഴയാളെ നിങ്ങളുടെ
ശുഷ്കിച്ച ദേഹം കൊണ്ട് ചെന്ന് 
ഒരു  കോളറകാലത്തെ 
ഓർമ്മിപ്പിക്കുകയൊന്നും വേണ്ട.
മാളവ്യ നഗറിലേക്ക് എത്താൻ  
ഇനിയും 
ആയിരം വർഷം സഞ്ചരിക്കണമല്ലോ 
എന്നോർക്കുമ്പോഴാണ് 
ആയിരങ്ങളുടെ കണക്കിനോട് 
നമ്മൾ കലഹിക്കുന്നത്. 
ക്ഷമയുടെ സ്വന്തം നെല്ലിപ്പലക 
കൊണ്ടുണ്ടാക്കിയ ചാരുകട്ടിലിൽ 
കിടന്നാടിക്കൊണ്ട്
നീയെന്തൊക്കെയാണീ പുലമ്പുന്നത്
എന്ന് ചോദിക്കുന്ന ഒരുവളോട്
ഏഹ്..
leaf storm
leaf storm
എന്ന് മാത്രം പറയുമ്പോൾ

എന്ത് പറ്റി എന്ത് പറ്റി
എന്നാകുലപ്പെടുന്നത് 
അവൾക്ക് മാന്യതയിലും 
മനുഷ്യസ്നേഹത്തിലും 
പോസ്റ്റ്‌ ഡോക് ഉള്ളത്കൊണ്ട് മാത്രമാണ്

ബൈ ദി ബൈ 
സത്യത്തിൽ നിങ്ങൾക്കെന്തു പറ്റി?

ഗബ്രിയേല ഗാർസ്യ മാർകേസ്
ട്രെയിനിൽ
ഗബ്രിയേല ഗാർസ്യ മാർകേസ്.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...