മഞ്ഞുകാലത്തിലെ
വിനോദങ്ങളിൽ
ബാസ്കറ്റ് ബോളിനെ പോലെ
ഒന്നിനെയും പ്രണയിക്കാനാവാതെ
കാലം കടന്നു പോയത് പോലെ എന്നോർത്ത്
തെരുവിൽ ഒറ്റപ്പെട്ട
കുതിരയെ ചുംബിക്കാൻ കൊതിച്ചു കൊതിച്ച്
രണ്ടു കൈകൾ ചേർക്കുമ്പോൾ
രൂപപ്പെടുന്ന സുരക്ഷിതമായ
തടാകത്തിനു കരയിൽ
രണ്ടു ഹെഡ് ഫോണ്കൾക്കിടയിൽ
നീ എന്ന ഞാൻ;
ഹാർബറിലെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ
തനിയെ, ഞാൻ എന്ന നീ,
പാട്ടുകളായും പുസ്തകങ്ങളായും നിൽക്കുമ്പോൾ
നിനക്കുമെനിക്കും നേരം പോക്കാൻ
പല പല ചിത്രങ്ങളിലേയ്ക്ക് പോകാം...
കണ്ണുകൾക്ക് നിറം വെച്ച പൂക്കൾ വിരിഞ്ഞൂ,
ആലിംഗനത്താൽ അസ്ഥി പൂക്കുന്നു,
പാതിയായ ചിത്രങ്ങൾ
പറയുന്നതൊന്നും മനസ്സിലാകുന്ന
ശലഭങ്ങൾ പാറുന്ന ഉദ്യാനങ്ങൾ,
എവിടെയുമില്ല,
നേരായും എവിടെയുമില്ല.
വൃക്ഷത്തിന്റെ താഴേയ്ക്കുള്ളവ
നമ്മുക്ക് തമ്മിൽ,
മേലോട്ട് വളരുന്നത് കാണുമ്പോൾ,
കണ്ണിറുക്കാൻ തോന്നുന്ന തരത്തിൽ
തോന്നലുകൾ
പട്ടത്തിനെക്കാൾ,
പരുന്തിനെക്കാൾ,
പുഷ്പക വിമാനങ്ങളെക്കാൾ,
ആകാശത്തിനേക്കാൾ,
അതിനുമപ്പുറം എന്താണെങ്കിലു-
മതിനേക്കാൾ ഉച്ചത്തിൽ
പൊങ്ങുമ്പോൾ,
കണ്ണിറുക്കിയിട്ടും ഉള്ളിൽ വരുന്നു,
കാൽക്കാശിനു വേണ്ടാത്ത കാഴ്ചകൾ.
ആകയാൽ തല്ക്കാലതെക്കെങ്കിലും
വേണ്ടെന്നു വെയ്ക്കുന്നു ചിത്രങ്ങൾ.
എങ്കിലും ചിത്രങ്ങൾ
ചിത്രങ്ങളിൽ കാണിക്കുന്നത്
കണ്ടു കൊണ്ടിരിക്കുമ്പോൾ,
ഒരു ചിത്രം കണ്ണ് തുറന്നു നോക്കുന്നു.
വിരല് കൊണ്ട് വരയ്ക്കുന്ന നീളൻ മുടിക്കാരിയെ,
കണ്ണുകളൊഴികെ മുഖം മാത്രം ചായമടിക്കുന്ന,
ചുരുളൻമുടിക്കാരിയെ,
തലയ്ക്കു മുകളിൽ വളർന്ന
മരത്തെ നോക്കുന്നു,
മുടിയിഴ കൊണ്ട് ചായം കലക്കുന്നു
കെട്ടിടങ്ങൾക്ക് നിറം കൊടുക്കുന്നു.
മതിലിലെ ചിത്രത്തിലെ കുട്ടി
മണ്ണിൽ നിന്ന് ചെടി പറിക്കുകയും,
ചുവരിലെ സ്ത്രീയുടെ നഗ്നത മറയ്ക്കുകയും ചെയ്യുന്നു.
ചുറ്റിലും യാത്രികർ നമ്മെ തന്നെ നോക്കുന്നു.
നമുക്കിടയിൽ നിന്ന് ഒരു കുട ഉയരുന്നു,
ഒരുപാടു കുടകൾ ഉയരുന്നു,
ഒത്തിരി നിറങ്ങളുണ്ടാകുന്നു,
നമ്മുടെ കുടകളിൽ നിന്ന് നിറങ്ങൾ വായുവിൽ കലരുന്നു,
ചായങ്ങളുടെ പെണ്‍കുട്ടി നമുക്ക് ജലം തരുന്നു,
മഴയിൽ വീണ ഇലകൾക്കിടയിൽ നിന്ന്
ഉറുമ്പുകൾ തുഴഞ്ഞു പോകുന്നത് കാണുന്നു.
നാം ചിരിച്ചുകൊണ്ടേയിരിക്കുകയാണപ്പോ ൾ;
നമ്മുടെ ശരീരം ചായങ്ങൾ കടത്തിക്കൊണ്ടുപോകുന്നു,
നഗ്നതയുടെ നിറം വയലറ്റാകുന്നു,
നഗ്നരും ധ്യാന നിരതരായവരും,
നമുക്ക് ചുറ്റും നൃത്തം ചെയ്യുന്നു,
ഒരു അസ്തമയം നമ്മിൽ മറന്നു പോകുന്നു.
നാം ഒരു വഴിയുടെ ചിത്രം കാണുന്നു.
ഐറിസ് സ്കോട്ടിന്റെ വിരലിലേക്ക്,
നടന്നു പോകുന്ന പാട്ടും പുസ്തകങ്ങളും,
നമ്മളായിരുന്നു.
നമ്മൾ മാത്രമായിരുന്നു
നമ്മൾ മാത്രമായിരുന്നു
അപ്പോഴാ ചിത്രം.
(തിരക്കവിത വാർഷികപ്പതിപ്പ് 2014 )
No comments:
Post a Comment