Feb 13, 2015

സഖാവ് പകൽ

ഒരു പകൽ 
നീണ്ടു കിടക്കുന്നുവെന്ന് പറയാം 
6 മണിയിൽ നിന്ന് 
6 മണിയിലേക്ക് 
110 ഡോളർ ദിവസക്കൂലി സഹിതം 
അങ്ങനെയങ്ങനെ നീണ്ടു കിടക്കുകയാണ് 
അവധി ദിനങ്ങളോഴികെ 
അനവധി ദിനങ്ങളിൽ  
തൊഴിലില്ലായ്മയാണ് 
തൊഴിൽ 
അതിന്റെ പേരിലാണ് 
പരാമർശിക്കപ്പെട്ട പണം 
അതുകൊണ്ട്  തീൻ മേശയിൽ 
തിരക്കു കൂടുന്നു 
ഹാഹഹ 
ചായക്കോപ്പയിൽ കൊടുങ്കാറ്റ് 
മദ്യക്കുപ്പിയിൽ 
എവിടെയും കാണാത്ത ശലഭങ്ങൾ 
മഴവില്ലിനു താഴെ മേഘങ്ങൾ 
ഒരു രാത്രിക്ക് ശേഷം ഓർമയിൽ 
വരവേ വരാത്ത മുഖങ്ങളെ 
തപ്പിയെടുക്കുന്നത്  മാത്രമാണ് 
മറ്റൊരു തൊഴിൽ  
വിരസമല്ലൊട്ടും  
നീണ്ടു കിടക്കുന്നു  അതെ  പകൽ 
എന്നിട്ടും വന്നില്ല 
ഒരു പകലിൽ കാണാൻ 
വരണമെന്നൊരു തോന്നൽ 
അടുത്തിടെ 6 മണി മുതൽ 6 മണി വരെയുള്ള 
അതെ പകലിനിടയ്ക്ക് 
ഒരു കാലത്തെ  ആരോ ഒരാൾ 
കടന്നു വന്നു ചോദിക്കുന്നു 
ഒരു മുഴുവൻ പകലുണ്ടായിട്ടും 
അസ്തമയങ്ങൾക്ക്  വേണ്ടി 
നീയെനിക്കൊന്നും  പറഞ്ഞു തന്നില്ല 
ഒരു പകലു  പറന്നു പോയിട്ടും 
ഒരു പറവ പോലും എനിക്ക് വേണ്ടി 
കാത്തു നിന്നില്ല 
എന്നൊക്കെ ചോദിച്ചു കേട്ടു 
വീണ്ടും പകലു പോൽ 
വിളറി വെളുത്തുപോയ് 

ലേശം ബുദ്ധിമുട്ടായി  
അവിചാരിതമായി മുഖമൊരു നഗരമായി  
നഗരത്തിൽ തിരക്ക് വർദ്ധിക്കുന്നു 
വാഹന മുഖരിതമായൊരു നഗരം  
വല്ലാതെ വല്ലാതെ വേഗത്തിൽ വരുന്നു 
നഗരങ്ങളിലേയ്ക്ക്  നോക്കാതെ പോവാം 
എന്നുമുണ്ട് 
6 മണി മുതൽ 6 മണി വരെ 
നീണ്ടു നീണ്ടു കിടക്കുന്നുണ്ട് 
മറ്റൊന്നും വന്നെയില്ലോർമയിൽ 
വീണ്ടുമാ പകല് പാഞ്ഞു പോന്നു 

അപ്പോഴെല്ലാം പറഞ്ഞപോലെ 
എന്ന് പോലും പറയാതെയാണ് പോന്നത്  
ഒന്ന് സമാധാനിക്കാമായിരുന്നു എന്ന് പോലും 
പറയാമായിരുന്നു ; പറഞ്ഞില്ല  
ഇതാണ്  
ആദ്യമേ ഞാൻ പറഞ്ഞതല്ലേ 
വീണ്ടുമൊരു പകൽ 
നീണ്ടു കിടക്കുന്നുവെന്ന് 
പറയാമെന്ന് !!

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...