തണുത്ത തീവണ്ടിപ്പാളത്തിൽ നിന്നും തന്റെ കഥയിലെ അവസാനരാത്രി എന്ന അദ്ധ്യായം കീറിക്കളഞ്ഞ് എഴുന്നേറ്റു പോന്നവനോട്/വളോട് എന്ത് തരം വീഞ്ഞാണ് നീ ദിവസവും മോന്തുന്നതെന്ന് ചോദിക്കുമ്പോൾ അയാൾ സംസാരിക്കുന്നതിപ്രകാരമാവാൻ സാധ്യതയുണ്ട്
ഡാ കല്ലറയിലേക്ക് വാ
@She/He: നിനക്ക് ഭ്രാന്താണ്
ശ്മാശാനത്തിലേക്ക് പോരൂ,
ശവത്തിന്റെ പൊയ്കയിൽ നിന്നും പറക്കുന്ന
പക്ഷികളെ കാണണ്ടേ?
@He: തന്റെ പ്രിയപ്പെട്ടവരുടെ കുഴിമാടമേതെന്നു-
തിരിച്ചറിയാനാവാതെ
എല്ലായിടത്തും മെഴുകുതിരികൾ കത്തിക്കുന്ന
ഒരു ഭ്രാന്തിയെയും കൊണ്ട് ഞാൻ
മടങ്ങി വരുന്നുണ്ട്
എല്ലാവരും പ്രിയപ്പെട്ടവരാണെന്നോ
പ്രിയപ്പെട്ടവർ എല്ലാമാണെന്നോ
തിരിച്ചറിയാത്തവരുടെ നെൽപ്പാടം
നമ്മിൽ നിന്നും അവരിൽ നിന്നും
ഏറെയേറെയകലെയാണ്
@She/He: ക്ലാസ് മുറിയിൽ നിന്നും
പുറത്തേക്കെത്തി നോക്കുന്ന
കുട്ടിയുടെ കണ്ണിൽ
വെളുപ്പിൽ ചുവന്ന നക്ഷത്രമുള്ള
ഒരു കൊടിയും പിടിച്ച്
ഒരു കൂട്ടം ആളുകൾ നടന്നു പോകുന്നു
ആടാം പാടാം വിദ്യാർത്ഥി രാജനെ
പോലീസ് കൊന്ന കഥകൾ
നിശ്ചലമായി കിടക്കുന്ന യന്ത്രവാഹനങ്ങൾക്ക്
നടുവിൽ കിടക്കുമ്പോൾ
അത്രയും പൽച്ചക്രങ്ങൾക്കിടയിൽ പെട്ടിട്ടും
ഒടിഞ്ഞു പൊട്ടാത്ത ചില ഓർമ്മകളെക്കുറിച്ച് ചിന്തിച്ച്
എത്ര തവണ ചിരിക്കണമെന്നോ എന്ത് ചെയ്യണമെന്നോ
അറിയാതെ ത്രസിച്ചു നില്ക്കുന്നവരെക്കുറിച്ചാണ് പറയുന്നത്
@She/He: ആവാം, രണ്ടു വീടുകൾക്കിടയിൽ
ഇപ്പോഴും ചാഞ്ചാടുന്ന നിലാവിന്റെ
ഒരു പൊന്നൂഞ്ഞാൽ
സ്വതന്ത്രമായ ചിറകുകളിൽ നിന്നും
എല്ലാ തൂവലുകളും
ഒറ്റയ്ക്കൊറ്റയ്ക്ക് പറന്നു പോയിട്ടും
ബാക്കി വന്ന അസ്ഥികൾ കൊണ്ട്
ആർക്ക് കൂട് കെട്ടികൊടുക്കണം
എന്നൊർത്തിരിക്കയാണ് ഞാൻ
@She/He: കൂര നിറയെ, ചത്ത് പൊങ്ങിയ
പക്ഷികളുള്ള ഒരാൾക്ക്
എത്രവലിയൊരു പൂന്തോട്ടം
സമ്മാനമായി കിട്ടിയാലും
എന്തിനാണെന്തിനാണവയെ
നട്ടു വളർത്തുന്നതെന്ന് അയാൾ
ആലോചിച്ചു കൊണ്ടേയിരിക്കും
അവൾക്കു ശേഷം
ആരുടെ പൊയ്കയിലാണ്
അത്രവലിയ ആമ്പൽ വളർന്നതെന്ന്
എന്നോട് നീ ചോദിക്കരുത്
@She/He: ഇതുവഴി കടന്നുപോകുന്നവരെല്ലാം
വാ പൊത്തി ചിരിക്കുന്നതെന്തുകൊണ്ടാണെന്ന്
എനിക്കറിയാം
അവർ ആത്മാവിൽ അത്രമേൽ
നിഷ്ക്കളങ്കരാണ്, അവർക്കറിയാം
അവരെ , എന്നെത്തന്നെയും
എല്ലാ വരികളിലും
എല്ലാ നിലകളിലും ഉള്ള വഴികളിൽ
പ്രേമം പ്രേമം എന്ന് കാലികളെ
മേച്ചു വരുന്ന ഒരുവനെ എനിക്കറിയാം
ജീവിതം ജീവിതം എന്നമറിക്കൊണ്ട്
വരുന്ന ആ കാലികളെ എന്റെ വളപ്പിലേക്ക്
ഞാൻ പ്രവേശിപ്പിക്കില്ല
കടിച്ചോടിക്കാൻ
എന്റെ ദേഷ്യത്തിന്റെ വേട്ടപ്പട്ടികളെ
തീർച്ചയായും ഞാൻ അഴിച്ചു വിടും
@She/He: കൂട്ടമായെന്തിനെ കാണുമ്പോഴും
അവയിൽ ഞാൻ
ഒറ്റയെന്ന സത്യത്തെ കണ്ടു മുട്ടുന്നു
ഞാൻ കണ്ടതിൽ വെച്ചേറ്റവും-
നിഷ്ക്കളങ്കനായൊരുവന്റെ
കണ്ണിൽ നിന്നും വീഴുന്ന ഇലകളെ
നോക്കി നിന്ന് ഞാൻ ചിരിച്ചിട്ടുണ്ട്
അത്രമേൽ ക്രൂരനല്ലാതിരുന്നിട്ടും
ആ നിസ്സഹായതയ്ക്ക് നേരെ കണ്ണടച്ചിട്ടുണ്ട്
@She/He: തോന്നലുകളെ റദ്ദു ചെയ്ത്
നിനക്ക് കടന്നു വരാനൊരു
വഴിയില്ലാതാക്കി തീർക്കുമ്പോൾ
ഞാനെന്നെ തന്നെ ഭയന്നിരുന്നു
പക്ഷെ പേടിക്കണ്ട
നിന്റെ ശബ്ദം
ഞാനിപ്പോഴും കേൾക്കുന്നുണ്ട്
വാരിയെള്ളിനുള്ളിൽ വാഴുന്ന
എല്ലാ ഭ്രാന്തന്മാരുടെ കയ്യിലും
ഞാനോരോ മെഴുകുതിരി കൊടുത്തിട്ടുണ്ട്
ഓരോ തവണ ചിരിക്കുമ്പോഴും
അവർ ഓരോ മെഴുകുതിരി കത്തിക്കും
അവസാനത്തെ കൊടുങ്കാറ്റിനു ശേഷം
ഞാനീ വിളക്കു മരത്തിൽ
തൂങ്ങിയാടും
@She/He: ഇല്ലാത്തൊന്ന് ഉണ്ടെന്നു സങ്കൽപ്പിക്കുമ്പോൾ
ഉള്ള ആനന്ദം
ഉള്ളതൊന്നു നഷ്ടപ്പെടുമ്പോഴുള്ള ആനന്ദം പോലെയാണ്
അടച്ചിട്ട മുറിയുടെ ജനലിലൂടെ നോക്കുമ്പോൾ
അതിരിനരികിൽ നിൽക്കും പച്ചമരത്തിന്റെ
ഇലകളൊഴിഞ്ഞ കൊമ്പിലിരിക്കും കുരുവി
എന്നെ നോക്കി പരിഹസിക്കുന്നു
ആ പച്ച വൃക്ഷം
ഈ വരണ്ട ഭൂമിയോട് ചെയ്തത്
എനിക്ക് അവളുമായി ചെയ്യണം
@She/He: രണ്ടു വിശുദ്ധരുടെ ഓർമകളാണ്
നമ്മുടെ ശ്വാസങ്ങളെങ്കിൽ
എത്ര പെടച്ചാലാണ്
അവരുടെ ഓർമയിൽ നിന്ന് നാം
വേർപ്പെടുന്നത്
ഇന്നലെ രാത്രിയിൽ
പാട്ട് കേട്ട മാത്രയിൽ
ചിതറിപ്പോയെന്റെ ബാക്കി പത്രങ്ങൾ
ആ നീലക്കുപ്പായക്കാരൻ
തുടച്ചെടുത്തു കൊണ്ട് പോകുന്നു
ശേഷം വന്ന ഭാഗങ്ങൾ കൊണ്ട്
രൂപപ്പെട്ട ഞാൻ ആ കുഴലൂത്തുകാരനെ
തേടിയിറങ്ങി
ഇനിയോരാളെ പാട്ടിലൂടെ
നശിപ്പിക്കാൻ അയാളുണ്ടാവരുത്
@She/He: ഏദനിൽ, ആദത്തിനും ഹവ്വയ്ക്കുമിടയിൽ
പങ്കു വെയ്ക്കപ്പെട്ട ആപ്പിളിന്റെ
പെരെന്തെന്നറിയാമോ
അതിന്റെ പേരാണ് പ്രേമം
ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ
@She/He: പൂക്കൾ നിറച്ച കിടക്കയോ
പളുങ്ക് പോലുള്ള കുഞ്ഞുങ്ങളെയോ
ഞങ്ങൾ സ്വപ്നം കണ്ടിട്ടില്ല
സ്വപ്നം കണ്ടിട്ടില്ല
സ്വപ്നം കണ്ടിട്ടില്ല
സ്വപ്നം കണ്ടിട്ടില്ല
അപ്പോൾ സ്വപ്നമെന്തെന്നു പോലും
അറിയില്ലാരുന്നു
ഒരു മരത്തിൽ കിടന്നു മാത്രമേ
അവസാനത്തെ കവിതയെ കുറിച്ച്
പറയൂ എന്ന് നിർബന്ധമുള്ളത് കൊണ്ട്
പാവനമായ ഈ ആകാശത്തിനു താഴെ
ഈ വിശുദ്ധ കുരിശ് ചുമന്നെത്തിക്കുന്നു- ഇനി
ആശാരി ചെക്കന്റെ പ്രണയത്തെക്കുറിച്ച് പാടാം
@She/He: നിന്റ ഇല്ലായ്മയെ ഒറ്റഭയം മാത്രമായി ഞാൻ കാണുന്നു
മരണത്തിനു മുൻപിൽ ആ ഭീതിതമായ നിമിഷത്തിൽ
ഞാൻ ജീവിതത്തിലെ ശ്വാസങ്ങളെ തള്ളിപ്പറയുമോ എന്നും ഭയക്കുന്നു
കാരണം, ഏതൊരു രക്തസാക്ഷിയും
മൂന്നു തവണ തള്ളിപ്പറയപ്പെട്ടിട്ടുണ്ടല്ലോ
....
........
(സാങ്കേതികത്തകരാറുകൾ സംഭാഷണങ്ങളെ തൽക്കാലത്തെയ്ക്ക് മുറിക്കുന്നു )
കുറിപ്പ് :
വളരെ അപൂർണമായ വരികൾക്കിടയിൽ
എന്ത് നടക്കുന്നുവെന്നോ
അതാരെക്കുറിച്ചു പറയുന്നുവെന്നോ കണ്ടെത്താൻ
എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എനിക്കാവും
നിനക്ക് വേണ്ടിയാണെങ്കിൽ പോലും
ഞാനത് ചെയ്യില്ല
ഒറ്റപ്പെട്ട തെരുവിന്റെ ആകാശങ്ങളെ
അനാഥ ബാലനെക്കാൾ മനസ്സിലാക്കുന്നവർ
ആരുമില്ല എന്നതിനാൽ മാത്രം ആരുടെയും ചോദ്യങ്ങൾക്ക് മറുപടി കിട്ടുന്നതല്ല !??
No comments:
Post a Comment